SV Motors SV Motors

മരിച്ചവർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ; അനർഹരും അപേക്ഷ പോലും നൽകാത്തവരും കൈപ്പറ്റിയെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: അർഹതയില്ലാത്തവർക്കും, അപേക്ഷ സമർപ്പിക്കാത്തവർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകിയെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. ആധാർ നമ്പർ ഉപയോഗിച്ചുള്ള ക്രോസ് വെരിഫിക്കേഷനിൽ 3990 വ്യക്തികൾ അർഹതയില്ലാത്ത പെൻഷൻ കൈപറ്റുന്നതായി കണ്ടെത്തി. നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് അത്യന്തം ദുരൂഹമായ ഈ കണ്ടെത്തൽ.

അപേക്ഷകരുടെ യോഗ്യതാ വ്യവസ്ഥകൾ കൃത്യമായി പരിശോധിക്കാതെ സർക്കാർ ജീവനക്കാർക്കും പെൻഷൻ പറ്റിയവരുമായ 9201 പേർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകിയിട്ടുണ്ട്. ഇതിലൂടെ 32.27 കോടി രൂപ അനർഹർക്ക് ക്രമരഹിതമായ വിതരണം ചെയ്തുവെന്നാണ് സിഎജി കണ്ടുപിടിച്ചത്. 2000 മുതൽ സർക്കാർ ജീവനക്കാരും സർവീസ്/കുടുംബ പെൻഷൻകാരും സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായി സിഎജിയുടെ ശ്രദ്ധയിൽപെട്ടിരുന്നു. 21 വർഷത്തെ സാമൂഹിക സാമൂഹ്യ പെൻഷൻ പെയ്‌മെന്റ്കൾ കണക്കാക്കിയാൽ സർക്കാരിന് ഭീമമായ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് സിഎജി ഡോ. ബിജു ജേക്കബ് വ്യക്തമാക്കിയത്.

ഉപജീവനത്തിന് മറ്റ് മാർഗങ്ങൾ ഇല്ലാത്തവർക്ക് മാത്രമേ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാവൂ എന്ന നിയമവും മാർഗ്ഗനിർദേശങ്ങളും നഗ്നമായി ലംഘിച്ചു കൊണ്ടാണ് അനർഹർക്ക് പെൻഷൻ വിതരണം ചെയ്യുന്നത്. ഗുണഭോക്തൃ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ശേഷവും സർക്കാർ ജീവനക്കാരും സർവീസ് പെൻഷൻകാരും താൽക്കാലിക ജീവനക്കാരും സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങിയിട്ടുണ്ട്. ഒരേ പെൻഷൻ ഒരേ ഗുണഭോക്താക്കൾക്ക് ഒന്നിലധികം തവണ വിതരണം ചെയ്തതിലൂടെ 3.83 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടായിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മരണം രജിസ്റ്റർ ചെയ്തവർ പോലും പെൻഷൻ വാങ്ങിയതായി കണ്ടെത്തി. മരണപ്പെട്ടവരുടെ കേസുകൾ ഡാറ്റാബേസിൽ നിന്ന് സമയബന്ധിതമായി നീക്കം ചെയ്യാത്തതു കൊണ്ട് 1698 ‘മരിച്ചവരും’ പെൻഷൻ വാങ്ങിയിട്ടുണ്ട്. ഈ ഇനത്തിൽ 2.63 കോടി രൂപ അനർഹർക്ക് ക്രമരഹിതമായ വിതരണത്തെ ചെയ്തിട്ടുമുണ്ട്.

ഗുണഭോക്താവിനെ ചേർക്കുന്നത് മുതൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം വരെ സേവന സോഫ്റ്റ്‌വെയർ നിയന്ത്രണ വീഴ്ചയുണ്ട്. പഞ്ചായത്ത് ഡയറക്ടറേറ്റിന് അവരെ ഏല്പിച്ചിരിക്കുന്ന എല്ലാ ആവശ്യങ്ങളും നിർവഹിക്കാൻ കഴിയുന്നില്ല, എല്ലാ അവശ്യ പ്രവർത്തനങ്ങൾക്കും സോഫ്റ്റ്‌വെയർ ഡെവലപ്പറായ ഇൻഫർമേഷൻ കേരളാ മിഷൻ(ഐകെഎം) നെ ആശ്രയിക്കേണ്ടി വരുന്നു. ഇപ്പോഴും ഉപയോക്‌തൃ വകുപ്പിന് പകരം സേവന പെൻഷൻ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കുന്നത് ഐകെഎം ആണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉപയോക്‌തൃ പ്രവർത്തനങ്ങളോ ഐകെഎം നടത്തുന്ന പ്രവർത്തനങ്ങളോ നിരീക്ഷിക്കാൻ ഉപയോക്‌തൃ വകുപ്പിന് കഴിയുന്നില്ല. കൂടാതെ ഉദ്ദേശിച്ച സ്വീകർത്താവിന് സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫലപ്രദമായ സംവിധാനമില്ലെന്നും സി എ ജി റിപ്പോർട്ടിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top