ബദരീനാഥ് – കേദാർനാഥ് ക്ഷേത്രങ്ങളിൽ ഇനി അഹിന്ദുക്കൾക്ക് പ്രവേശനമില്ല! പുതിയ തീരുമാനവുമായി ടെമ്പിൾ കമ്മിറ്റി

ഉത്തരാഖണ്ഡിലെ ലോകപ്രശസ്തമായ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കാൻ തീരുമാനം. ചാർധാം തീർത്ഥാടനത്തിന്റെ ഭാഗമായ ഈ ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്ന ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി (BKTC) ആണ് ഇക്കാര്യം അറിയിച്ചത്. ഹിമാലയ സാനുക്കളിലെ ഈ രണ്ട് പ്രധാന ക്ഷേത്രങ്ങൾ കൂടാതെ, കമ്മിറ്റിയുടെ കീഴിലുള്ള മറ്റ് 45 ക്ഷേത്രങ്ങളിലും ഈ പുതിയ നിയമം ബാധകമായിരിക്കും.

അഹിന്ദുക്കളുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള പ്രമേയം വരാനിരിക്കുന്ന കമ്മിറ്റി യോഗത്തിൽ പാസാക്കും. ഉത്തരാഖണ്ഡിന്റെ മതപരവും സാംസ്കാരികവുമായ പാരമ്പര്യം സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് കമ്മിറ്റി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു. നേരത്തെയും ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും മുൻപ് വന്ന സർക്കാരുകൾ അത് അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗംഗോത്രി ധാമിലും അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ശൈത്യകാലത്തെ അവധിക്ക് ശേഷം ക്ഷേത്രങ്ങൾ തുറക്കുമെന്നാണ് വിവരം. ബദരീനാഥ് ഏപ്രിൽ 23നാണ് തുറക്കുക. കേദാർനാഥ് തുറക്കുന്ന തീയതി മഹാശിവരാത്രി ദിവസം പ്രഖ്യാപിക്കും. ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ അക്ഷയ തൃതീയ ദിനമായ ഏപ്രിൽ 19ന് തുറക്കും.

അതേസമയം, ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. സാധാരണയായി അഹിന്ദുക്കൾ ഈ ക്ഷേത്രങ്ങളിൽ പ്രവേശിക്കാറില്ലെന്നും പിന്നെന്തിന് ഇത്തരം പുതിയ നിയമങ്ങൾ എന്നും അവർ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top