ഡൽഹി സ്ഫോടനം അബദ്ധം! ലക്ഷ്യമിട്ടത് അയോധ്യയും വാരണാസിയും എന്ന് ദേശീയ മാധ്യമങ്ങൾ; ഉറപ്പിക്കാതെ ഏജൻസികൾ

ഡൽഹിയിൽ കാർ ബോംബ് സ്ഫോടനം നടത്തിയ സംഘം ലക്ഷ്യമിട്ടത് മറ്റു പ്രധാന സ്ഥലങ്ങൾ. അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രവും വാരണാസിയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളുമാണ് ഇവർ ലക്ഷ്യമിട്ടതെന്ന് അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ന്യൂസ് 18 അടക്കം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചത്. പൊലീസ്, കേന്ദ്ര ഏജൻസികൾ എന്നിവർ സംയുക്തമായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരം നടന്ന സ്ഫോടനത്തെ തുടർന്ന് 12 പേരാണ് ഇതുവരെ മരിച്ചത്.
റെഡ് ഫോർട്ടിന് സമീപത്താണ് സ്ഫോടനം ഉണ്ടായതെങ്കിലും തീവ്രവാദികളുടെ യഥാർത്ഥ ലക്ഷ്യം ആയിരുന്നില്ല. പകരം, വലിയ നാശനഷ്ടമുണ്ടാക്കാൻ പാകത്തിലുള്ള ആശുപത്രികളും തിരക്കേറിയ പൊതുസ്ഥലങ്ങളും അവരുടെ നിരീക്ഷണപ്പട്ടികയിൽ ഉണ്ടായിരുന്നു. റെഡ് ഫോർട്ടിന് സമീപം നടന്ന സ്ഫോടനത്തിന് ടൈമറോ മറ്റ് ട്രിഗ്ഗറിംഗ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആസൂത്രണമില്ലാതെ അബദ്ധത്തിൽ സംഭവിച്ച സ്ഫോടനമാണ് ഇതെന്നാണ് നിഗമനം.
അയോധ്യയിൽ സ്ഫോടനം നടത്താൻ തീവ്രവാദികൾ ഉദ്ദേശിച്ചിരുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഇതിനായി, ഷഹീൻ എന്ന പ്രതി സ്ലീപ്പർ മൊഡ്യൂൾ സജീവമാക്കിയിരുന്നു. എന്നാലിത് നടത്തും മുൻപ് തന്നെ തീവ്രവാദികളെ പിടികൂടുകയും സ്ഫോടകവസ്തുക്കൾ പിടിക്കുകയും ചെയ്തു. തുടർച്ചയായ റെയ്ഡുകളിലൂടെ വലിയ അളവിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെങ്കിലും, 300 കിലോ അമോണിയം നൈട്രേറ്റ് ഇനിയും കണ്ടെത്താനുണ്ട്. ഇത് സുരക്ഷാ ഏജൻസികൾക്ക് പ്രധാന വെല്ലുവിളിയാണ്.
3,200 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് തീവ്രവാദികൾ ശേഖരിച്ചത്. ഇതിൽ 2,900 കിലോഗ്രാം പിടിച്ചെടുത്തു. രാസവള കേന്ദ്രങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഈ അമോണിയം നൈട്രേറ്റ് ബംഗ്ലാദേശ്, നേപ്പാൾ വഴിയാണ് ഇന്ത്യയിലേക്ക് കടത്തി കൊണ്ടുവന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഒളിച്ചുവെച്ച ഈ സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ രാജ്യവ്യാപകമായി വിവിധ പ്രദേശങ്ങളിൽ റെയ്ഡുകൾ ഇപ്പോഴും തുടരുകയാണ്. എൻഐഎയാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here