‘ഗവർണർ റബ്ബർ സ്റ്റാമ്പല്ല’! സ്റ്റേഡിയം പ്രവേശനവിലക്കിൽ രൂക്ഷവിമർശനവുമായി ആനന്ദബോസ്

പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസിനെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അധികൃതർ അനുവദിച്ചില്ല. ഫുട്ബോൾ താരം ലയണൽ മെസ്സി പങ്കെടുത്ത പരിപാടിയിൽ വലിയ കുഴപ്പങ്ങളും തിക്കുംതിരക്കും ഉണ്ടായതിന് പിന്നാലെയായിരുന്നു ഈ സംഭവം.
സ്റ്റേഡിയത്തിൽ നടന്ന പ്രശ്നങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനുമായാണ് ഗവർണർ സ്റ്റേഡിയത്തിൽ എത്തിയത്. എന്നാൽ അദ്ദേഹം എത്തിയപ്പോൾ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ അടച്ചിരിക്കുകയായിരുന്നു. ലൈറ്റുകൾ ഓഫ് ചെയ്തിരുന്നെന്നും ഗവർണർ ആരോപിച്ചു. തൻ്റെ സന്ദർശനത്തെക്കുറിച്ച് അധികാരികളെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരെയാണ് പ്രതികരണവുമായി ഗവർണർ രംഗത്തെത്തിയത്. തന്നെ തടഞ്ഞത് ഭരണഘടനാപദവിയെ അപമാനിക്കുന്നതിന് തുല്യമാണ്. സ്ഥലത്ത് പോയി കണ്ട ശേഷം മാത്രമേ താൻ റിപ്പോർട്ട് എഴുതുകയുള്ളു. താൻ റബ്ബർ സ്റ്റാമ്പല്ല. ബംഗാൾ ഗവർണറെ ഇങ്ങനെയാണോ പരിഗണിക്കുന്നത് എന്നും അദ്ദേഹം ദേഷ്യത്തോടെ ചോദിച്ചു. ഈ വിഷയം താൻ പൂർണ്ണമായി അന്വേഷിക്കുമെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
എത്രയും പെട്ടന്നുതന്നെ അന്വേഷണം നടത്തണമെന്നും ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ സ്റ്റേഡിയത്തിലെ കേടുപാടുകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രശ്‌നം തടയാൻ കഴിയാതിരുന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും, സംഘാടകനെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണാമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
5000 മുതൽ 25000 വരെ നൽകി ടിക്കറ്റെടുത്താണ് ആരാധകർ സ്റ്റേഡിയത്തിൽ എത്തിയത്. ഇവരെയെല്ലാം നിരാശരാക്കിക്കൊണ്ടാണ് വെറും 20 മിനിറ്റ് മാത്രം സ്റ്റേഡിയത്തിൽ ചെലവഴിച്ച ശേഷം മെസ്സി മടങ്ങിയത്. മെസ്സി സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന സമയമത്രയും രാഷ്ട്രീയ നേതാക്കളും മറ്റ് പ്രമുഖരും ഉൾപ്പെടെയുള്ള വിഐപികൾ അദ്ദേഹത്തിന് ചുറ്റും കൂട്ടംകൂടി നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ചു. ഇത് കാരണം സാധാരണ ആരാധകർക്ക് മെസ്സിയെ വ്യക്തമായി കാണാൻ കഴിഞ്ഞില്ല.
ഇതോടെയാണ് കാഴ്ചക്കാർ പ്രകോപിതരാവുകയും സ്റ്റേഡിയത്തിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തത്. സംഘാടകരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചകൾ ഉണ്ടായി. വിഐപികൾ കാഴ്ച മറച്ചെന്നും ആരാധകർ ആരോപിച്ചു. ഇതേ തുടർന്നാണ്, പരിപാടിയുടെ പ്രധാന സംഘാടകനായ സതദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി മമത ബാനർജി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത സമിതിയെ പ്രഖ്യാപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here