SV Motors SV Motors

ശാസ്ത്രമല്ല, വിശ്വാസമാണ് വലുത്; സ്പീക്കറുടെ പരാമർശം ഹൈന്ദവരുടെ ചങ്കിൽ തറച്ചെന്ന് സുകുമാരൻ നായർ

ഹൈന്ദവ ആരാധനാമൂർത്തിയായ ഗണപതിയെ സംബന്ധിച്ച് സ്പീക്കർ എ.എൻ.ഷംസീർ നടത്തിയ പരാമർശം ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചെന്നും പ്രസ്താവന പിൻവലിച്ച് സ്പീക്കർ മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാദേവക്ഷേത്ര ദർശനത്തിന് എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗണപതി മിത്താണെന്ന സ്പീക്കറുടെ പരാമർശം വിശ്വാസത്തെ പോറലേൽപ്പിച്ചുവെന്ന് സുകുമാരൻ നായർ പറഞ്ഞു. വിശ്വാസത്തിൽ കവിഞ്ഞൊരു ശാസ്ത്രമില്ല. ശാസ്ത്രം ​ഗണപതിയുടെ മേലിൽ മാത്രം അടിച്ചേൽപ്പിക്കുന്ന രീതി ശരിയല്ല. ശാസ്ത്രമല്ല വലുത് വിശ്വാസമാണ് വലുതെന്നും സുകുമാരൻ നായർ പറഞ്ഞു. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ നാമജപഘോഷയാത്രയ്ക്കും എന്‍എസ്എസ് ആഹ്വാനംചെയ്തിട്ടുണ്ട്.

ഷംസീറിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ ഹൈന്ദവ വിരോധമാണെന്ന് ക്ഷേത്രത്തിലെത്തിയ ശേഷം ജി. സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്പീക്കറുടെ പരാമര്‍ശങ്ങള്‍ ഹൈന്ദവ ജനതയുടെ ചങ്കില്‍ തറച്ചു. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കള്‍. ഹൈന്ദവരെ ആക്ഷേപിച്ചാല്‍ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകള്‍ക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘മനുഷ്യന്റെ നാഡീസ്പന്ദനം വിശ്വാസമാണ്. അതിനെ തൊട്ടാൽ പ്രതിഷേധിക്കും. സ്വർ​ഗത്തിൽ ചെന്നാൽ ഹൂറിയുണ്ടെന്ന് പറയുന്നുണ്ടല്ലോ, ആര് പോയി സ്വർ​ഗത്തിൽ. മുസ്ലിം സഹോദരരെയും സ്നേഹിക്കുന്നുണ്ട്. ഏറെയും നല്ല ആളുകൾ. പുഴുക്കുത്തുകളുമുണ്ട്’ – സുകുമാരൻ നായർ പറഞ്ഞു.

എൻഎസ്എസ് ബിജെപിക്കെതിരല്ല. ബിജെപി ഈ വിഷയത്തിൽ നല്ല സമീപനമെടുത്തു. എൻഎസ്എസ് ആരെയും ആക്രമിക്കുന്നില്ല. പ്രാർത്ഥന മാത്രമാണ്. നാമജപ ഘോഷയാത്ര വിശ്വാസികളുടെ ആവേശമാണ്. ബി ജെ പി നേതാക്കൾ എത്തിയത് അവർ നായന്മാരായതിനാലാണ്. കോൺഗ്രസ് നേതാക്കൾക്കും വരേണ്ടിവരുമെന്നും സുകുമാരൻ നായർ പറഞ്ഞു.

സ്പീക്കര്‍ക്കെതിരായ പ്രതിഷേധം ശബരിമല പ്രക്ഷോഭത്തിന് സാമാനമാണ്. ബുധനാഴ്ചത്തെ പ്രതിഷേധം സൂചനയാണ്. മറ്റു തീരുമാനങ്ങള്‍ പിന്നീട് അറിയിക്കും. എ.എന്‍. ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. താന്‍ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top