മലയാളത്തില്‍ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി; ‘സാമൂഹിക സേവനത്തിനായി ജീവിതം സമര്‍പ്പിച്ച മഹദ് വ്യക്തിത്വം’

മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സില്‍ മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പ്. സാമൂഹ്യ സേവനത്തിനായി ജീവിതം സമര്‍പ്പിച്ച ഒരു മഹദ് വ്യക്തിത്വമാണ് മന്നം എന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്‌കരണം എന്നിവയില്‍ വേരൂന്നിയതാണ് യഥാര്‍ത്ഥ പുരോഗതി എന്ന് വിശ്വസിച്ച ക്രാന്തദര്‍ശിയാണ് മന്നം എന്നും പ്രധാനമന്ത്രി കുറിച്ചു.
നീതിയും അനുകമ്പയും ഐക്യവും നിറഞ്ഞ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായുള്ള പ്രയാണത്തില്‍ മന്നത്തിന്റെ ദര്‍ശനങ്ങള്‍ നമ്മെ എക്കാലവും നയിക്കും എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി കുറിപ്പ് അവസാനിപ്പിച്ചരിക്കുന്നത്. മന്നത്ത് പത്മനാഭന്റെ 149ാമത് ജയന്തി ആഘോഷങ്ങളാണ് ഇന്ന് നടക്കുന്നത്. എന്‍എസ്എസ് ആസ്ഥാനത്ത് വിപുലമായ പരിപാടികളാണ് നടക്കുന്നത്. സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും സംസ്ഥാനത്തെ വിവിധ കരയോഗങ്ങളില്‍ നിന്നുള്ള സമുദായാംഗങ്ങളും എത്തുകയാണ്.
പ്രധാനമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
മന്നത്ത് പത്മനാഭന്റെ ജന്മവാര്‍ഷിക ദിനത്തില്‍, സാമൂഹ്യ സേവനത്തിനായി ജീവിതം സമര്‍പ്പിച്ച ഒരു മഹദ് വ്യക്തിത്വത്തെ അങ്ങേയറ്റം ആദരവോടെ നാം സ്മരിക്കുകയാണ്. ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്‌കരണം എന്നിവയില്‍ വേരൂന്നിയതാണ് യഥാര്‍ത്ഥ പുരോഗതി എന്ന് വിശ്വസിച്ച ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകള്‍ പ്രചോദനാത്മകമാണ്. നീതിയും അനുകമ്പയും ഐക്യവും നിറഞ്ഞ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായുള്ള പ്രയാണത്തില്‍ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ നമ്മെ എക്കാലവും നയിക്കുന്നു.


കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here