എന്‍എസ്എസ് നിലപാടുമാറ്റം സതീശനെതിരെ ആയുധമാകും; കോണ്‍ഗ്രസിലെ അതൃപ്തർ ഒറ്റലക്ഷ്യത്തിലേക്ക്…

ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്റെ മനംമാറ്റത്തില്‍ ഞെട്ടി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍എസ്എസ് നടത്തിയ രൂക്ഷവിമര്‍ശനം യുഡിഎഫ് ക്യാമ്പില്‍ വല്ലാത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്‍എസ്എസിന്റെ ഈ നിലപാട് മാറ്റത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വമാണെന്ന വിമര്‍ശനവും പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്. വിഡി സതീശനെ പണ്ടുമുതല്‍ തന്നെ എന്‍എസ്എസിന് താല്‍പര്യമില്ല. അതോടൊപ്പം നേതൃനിരയില്‍ നായര്‍ സമുദായത്തെ പൂര്‍ണ്ണമായി തഴഞ്ഞതിലും അവര്‍ക്ക് അമര്‍ഷമുണ്ട്. കൂടാതെ ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുള്ള സംഘടനകളുമായി കൂട്ടുചേര്‍ന്നുകൊണ്ട് ന്യൂനപക്ഷപ്രീണനത്തിന് വീണ്ടും കോണ്‍ഗ്രസ് തയാറെടുക്കുന്നുവെന്ന ആരോപണവും എന്‍എസ്എസിനുണ്ട്.

Also Read: തിരഞ്ഞെടുപ്പ് സീസണിൽ പതിവ് തെറ്റിക്കാതെ വെള്ളാപ്പള്ളിയും സുകുമാരൻ നായരും; തിട്ടൂരങ്ങളിൽ വിരണ്ട് കോൺഗ്രസ്; നെഞ്ച് വിരിച്ച് സിപിഎമ്മും

എന്‍എസ്എസിന്റെ ഈ നിലപാടുമാറ്റവും ആത്യന്തികമായി എത്തിനില്‍ക്കുന്നത് സതീശനെതിരായാണ്. പാര്‍ട്ടിയിലെ സതീശവിരോധ പക്ഷത്തിന്റെ ശക്തമായ ആയുധമായി ഇത് മാറിയിട്ടുമുണ്ട്. ആദ്യം മുതല്‍ തന്നെ സതീശനെ എന്‍എസ്എസ് അംഗീകരിച്ചിരുന്നില്ല. മുന്‍പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും അതിനുശേഷം രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ് ആയിരുന്നപ്പോഴും സതീശന്‍ എന്‍എസ്എസിനെതിരായി നടത്തിയ പ്രസ്താവനകളും സ്വീകരിച്ച നിലപാടുകളുമാണ് അവരെ ചൊടിപ്പിച്ചിട്ടുള്ളത്. പ്രതിപക്ഷനേതാവ് ആയതിനുശേഷം നിലപാടുതിരുത്തി എന്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അവര്‍ അതിന് അനുമതി നല്‍കിയിരുന്നുമില്ല. സതീശന് അനുമതി നല്‍കുന്നതിന് പകരം ശശി തരൂരിനെയും രമേശ് ചെന്നിത്തലയേയും പെരുന്നയില്‍ പല പരിപാടികള്‍ക്കായി ക്ഷണിച്ച് തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു.

സമദൂരം സ്വീകരിച്ചിരുന്ന കാലങ്ങളില്‍പോലും കോണ്‍ഗ്രസ് നേതൃത്വം സുപ്രധാനമായ ചില കാര്യങ്ങള്‍ എന്‍എസ്എസ് നേതൃത്വവുമായി കൂടിയാലോചിച്ചിരുന്നു എന്നാണ് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ സതീശന്‍ നേതൃസ്ഥാനത്ത് എത്തിയതോടെ അതിനൊക്കെ അവസാനമായി. പ്രത്യേകിച്ച് സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍പോലും. അതില്‍ ഒന്നാണ് ശബരിമല പ്രശ്‌നമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഏകപക്ഷീയമായാണ് സതീശന്‍ ആഗോള അയ്യപ്പസംഗമം ബഹിഷ്‌ക്കരിച്ചതെന്ന അഭിപ്രായമാണ് സുകുമാരന്‍ നായര്‍ക്കും എന്‍എസ്എസിനുമുള്ളത്. ഇത് ഹിന്ദുക്കളുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. അക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട സാമുദായിക നേതൃത്വങ്ങളുമായി ആശയവിനിമയം നടത്താന്‍ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ സതീശന്‍ തയാറാകണമായിരുന്നുവെന്നും എന്‍എസ്എസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: ഭൂരിപക്ഷസമുദായങ്ങളുടെ പിണക്കം മാറ്റി; ആഗോള അയ്യപ്പസംഗമം രാഷ്ട്രീയവിജയം

ഭൂരിപക്ഷ വിഭാഗങ്ങളെക്കാളേറെ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുക എന്ന നയമാണ് ഇപ്പോള്‍ സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫില്‍ അരങ്ങേറുന്നതെന്നും അവര്‍ക്ക് അഭിപ്രായമുണ്ട്. സതീശന്‍ പ്രതിപക്ഷനേതാവ് ആണെങ്കിലും മുന്നണിയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മുസ്ലീംലീഗാണ്. ജമാ അത്തെ ഇസ്ലാമിയെ പോലൊരു സംഘടനയുമായി യുഡിഎഫ് ബാന്ധവത്തില്‍ ഏര്‍പ്പെടാനുള്ള കാരണവും അവരാണ്. അവരുടെ ആവശ്യത്തിന് സതീശന്‍ വഴങ്ങുകയായിരുന്നു. മുന്നണിയുടെ ഭാവിയെക്കാളേറെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കാണ് പ്രാധാന്യമെന്നും എന്‍എസ്എസ് പറയുന്നു. ലീഗിന് വഴങ്ങി എസ്ഡിപിഐയുമായും ചിലയിടങ്ങളിൽ രഹസ്യബാന്ധവമുണ്ട് യുഡിഎഫിന്. അതേസമയം എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകളെ പൂര്‍ണ്ണമായും അവഗണിക്കുന്ന നിലപാടും സ്വീകരിക്കുന്നു. ഇതാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത് എന്നാണ് എന്‍എസ്എസ് വ്യക്തമാക്കുന്നത്.

എന്‍എസ്എസിന്റെ ഈ നിലപാട് പാര്‍ട്ടിക്കുള്ളില്‍ സതീശന് പുതിയ തലവേദനയായി മാറുകയാണ്. സതീശന്റെ പല നിലപാടുകളിലും തുടക്കം മുതല്‍ തന്നെ എതിര്‍പ്പുള്ള നേതാക്കള്‍ ഇത് ആയുധമാക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി എന്‍എസ്എസ് നേതൃത്വത്തെ എങ്ങനെയെങ്കിലും വരുതിക്ക് കൊണ്ടുവരാനാകുമോയെന്ന ശ്രമമാണ് അവര്‍ നടത്തുന്നത്. രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും ഉള്‍പ്പെടെയുള്ളവര്‍ ഈ അവസരം ശരിയായി മുതലെടുക്കാനുള്ള ശ്രമത്തിലുമാണ്. കോണ്‍ഗ്രസിന്റെ സമവായശ്രമങ്ങള്‍ക്ക് എന്‍എസ്എസ് വഴങ്ങിയാല്‍ അത് ഉപാധിയോടെ ആയിരിക്കുമെന്ന വിലയിരുത്തലാണ് ഇതിന് പിന്നിലുള്ളതും. നിയമസഭാ തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ സതീശനെ നേതൃസ്ഥാനത്തു നിന്നും മാറ്റണമെന്ന നിർദേശമാകും എന്‍എസ്എസ് മുന്നോട്ടുവയ്ക്കുക എന്നാണ് രാഷ്ട്രീയനിരീക്ഷകരും കണക്കാക്കുന്നത്.

യുഡിഎഫിന് അധികാരം ലഭിച്ചാൽ‍ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് രമേശിനും വേണുഗോപാലിനും സുഗമമായി എത്താനാകും. രണ്ടുപേരും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ടേം വീതം വയ്ക്കാനുള്ള തീരുമാനവുമാകാം. ഇതിനെല്ലാം പുറമെ, ശശിതരൂർ രംഗത്തുവരുമോയെന്ന ഭീതിയും കോണ്‍ഗ്രസ് ക്യാമ്പുകളിലുണ്ട്. ഇപ്പോള്‍ തരൂര്‍ തീര്‍ത്തും നിശബ്ദനാണ്. ഒരുകാലത്ത് തരൂരിനെ ശക്തമായി എതിര്‍ത്ത എന്‍എസ്എസ് അടുത്തസമയത്ത് ആ നിലപാട് മാറ്റിയെന്ന് മാത്രമല്ല, തരൂരാണ് യോഗ്യന്‍ എന്നുവരെ അഭിപ്രായപ്പെടുകയും ചെയ്തു. ആ പശ്ചാത്തലത്തില്‍ നിലവില്‍ എന്‍എസ്എസിന്റെ പിന്തുണ ഏറ്റവുമേറെ ലഭിക്കാന്‍ സാദ്ധ്യതയുള്ളത് തരൂരിനാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവരും വ്യക്തമാക്കുന്നു.എന്തായാലും എന്‍എസ്എസിന്റെ നിലപാടുമാറ്റം തെരഞ്ഞെടുപ്പ് സാദ്ധ്യതകളേക്കാൾ ഉപരി കോണ്‍ഗ്രസിലെ ശാക്തികചേരിയുടെ കൂട്ടപ്പോരിലേയ്ക്കാകും വരുംദിവസങ്ങളില്‍ നീങ്ങുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top