എന്‍എസ്എസിന്റെ സമദൂരത്തെ ശരിദൂരമാക്കിയത് സിപിഎമ്മിന്റെ മാസ്റ്റര്‍പ്ലാന്‍; നായകര്‍ ഇവര്‍ രണ്ടും… പ്രത്യുപകാരമെന്ത്

എൽഡിഎഫ് സർക്കാരിനെ സംബന്ധിച്ച്, പ്രതിപക്ഷത്തെക്കാൾ വലിയ പ്രതിപക്ഷമായിരുന്നു എൻഎസ്എസ്. ഇടതുമുന്നണിയുമായി, പ്രത്യേകിച്ച് സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുകയും ശക്തമായ വിമർശകരായി തുടരുകയും ചെയ്ത എൻഎസ്എസിനെയും അതിന്‍റെ ജനറൽ സെക്രട്ടറി ജി. സുകുമാരന്‍ നായരേയും ഇപ്പോൾ കളം മാറ്റി ചവിട്ടാൻ പ്രേരിപ്പിച്ചത് മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്‍റെ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ഇതിന്‍റെ പ്രത്യുപകാരം ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഇതുവരെ കൃത്യമായ ധാരണകളൊന്നുമായിട്ടില്ല. പക്ഷേ, മൂന്നാമതും ഇടതുപക്ഷം അധികാരത്തിലെത്തിയാൽ, ഗണേഷ്‌കുമാറിനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കും കൂടുതല്‍ പരിഗണന കിട്ടുമെന്ന കാര്യത്തിൽ തര്‍ക്കമില്ലെന്നാണ് സിപിഎമ്മുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

ALSO READ : എന്‍എസ്എസ് ഒപ്പം നിന്നാലും തമ്മിലടിച്ച് നശിച്ചാലും നേട്ടം മാത്രം; ഉദിഷ്ടകാര്യം സാധിച്ച് സിപിഎം

ആധുനിക കേരളത്തിന്‍റെ ചരിത്രത്തിൽ എവിടെയും എന്‍എസ്എസ് നേതൃത്വം ഇടതുപക്ഷവുമായി അത്ര നല്ല ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ ഒന്‍പതുവര്‍ഷവും ഇതിൽ നിന്നു വ്യത്യസ്തമായിരുന്നതുമില്ല. സിപിഎമ്മിനേയും സര്‍ക്കാരിനേയും പരസ്യമായി എതിര്‍ക്കുക മാത്രമല്ല, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരേ വോട്ട് ചെയ്യാൻ പരോക്ഷമായി ആഹ്വാനം ചെയ്യുന്ന പരസ്യ പ്രസ്താവന വരെ സുകുമാരന്‍ നായര്‍ നടത്തിയിരുന്നു. അവിടെ നിന്ന് സര്‍ക്കാരിനേയും ഇടതുമുന്നണിയേയും പിന്തുണയ്ക്കുന്ന നിലയിലേക്ക് എന്‍എസ്എസിനെ എത്തിച്ചതില്‍ ഗണേഷ്‌കുമാര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഗണേഷ് കുമാർ ഇടതുമുന്നണിയില്‍ തുടരുന്നതിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആദ്യഘട്ടത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരുഘട്ടത്തില്‍ പരസ്പരം വലിയ അഭിപ്രായവ്യത്യാസവും ഉടലെടുത്തിരുന്നു. എന്നാല്‍, തന്ത്രപരമായി നീങ്ങി ഗണേഷ്‌ കുമാര്‍, സുകുമാരന്‍ നായരെ പിന്തുണയ്ക്കുന്ന തലത്തിലേക്ക് സ്വയം മാറുകയായിരുന്നു. എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സമയത്ത് സുകുമാരന്‍ നായരെ പിന്തുണയ്ക്കുക മാത്രമല്ല, അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ഗണേഷ്‌ കുമാര്‍ അങ്ങനെ സുകുമാരന്‍ നായരുമായി ഉണ്ടാക്കിയെടുത്ത അടുപ്പമാണ് എൻഎസ്എസിലേക്കു സര്‍ക്കാരിനു വേണ്ടിയുള്ള പാലമായി മാറിയത്.

ALSO READ : എന്‍എസ്എസിനെ വേദനപ്പിക്കില്ല; വിശ്വാസത്തിന്റെ കാര്യത്തില്‍ ഉറച്ച നിലപാടെന്ന് നേരിട്ട് എത്തി വ്യക്തമാക്കും; കോണ്‍ഗ്രസിന്റെ പദ്ധതികള്‍ ഇങ്ങനെ

ആഗോള അയ്യപ്പസംഗമത്തെ തുടര്‍ന്ന് സുകുമാരന്‍ നായര്‍ സർക്കാർ അനുകൂല നിലപാട് പരസ്യപ്പെടുത്തിയപ്പോൾ ഉയർന്നുവന്ന എതിര്‍പ്പുകളെയും ശക്തമായി പ്രതിരോധിക്കാൻ ഗണേഷ്‌ കുമാർ മുന്നിൽ തന്നെയുണ്ടായിരുന്നു. ഈ വിഷയം ഉന്നയിച്ച് സംഘടനയില്‍ നിന്നു രാജിവച്ചവരെ രൂക്ഷമായി വിമര്‍ശിച്ച ഗണേഷ്, നേതൃത്വത്തിനുള്ള തന്‍റെ അചഞ്ചലമായ പിന്തുണ ആവര്‍ത്തിച്ചു. സമുദായത്തിലെ ഒരു പ്രമുഖൻ തന്നെ ഇത്തരത്തില്‍ രംഗത്തുവന്നതോടെ എതിര്‍ഭാഗത്തുനിന്നുള്ള പ്രതിഷേധങ്ങളുടെ മുനയൊടിയുന്ന നിലയായി. മാത്രമല്ല, എന്‍എസ്എസിന്‍റെ സമീപകാല നിലപാടിനെ പൂര്‍ണ്ണമായി പിന്തുണച്ച അദ്ദേഹം, അവയൊക്കെ ചില നയങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും വ്യക്തമാക്കി. സര്‍ക്കാരിന്‍റെ ഭാഗമായിരുന്നിട്ടുകൂടി, ജനറല്‍ സെക്രട്ടറിയുടെ സമദൂരത്തിലെ ശരിദൂര നിലപാടിനും പിന്തുണ നല്‍കുന്ന നയമാണ് ഗണേഷ് സ്വീകരിച്ചത്.

ആഗോള അയ്യപ്പസംഗമത്തോടെ ഉണ്ടായ മാറ്റമല്ല ഇതെന്നാണ് ഇടതുമുന്നണിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം കൃത്യമായ ഒരു പദ്ധതിയോടെ തന്നെയാണ് സിപിഎം മുന്നോട്ടുപോയത്. ഭൂരിപക്ഷ സമുദായം പാർട്ടിയിൽനിന്ന് അകലുന്ന പ്രവണത പ്രതിരോധിക്കുകയായിരുന്നു ലക്ഷ്യം. ഭൂരിപക്ഷ സമുദായത്തിനു പാർട്ടി എതിരാണെന്ന ധാരണ തിരുത്താനും ശ്രമം ഊർജിതമായി. അതിനായി കെ.ബി. ഗണേഷ്‌ കുമാറിന്‍റെയും വി.എന്‍. വാസവന്‍റെയും നേതൃത്വത്തില്‍ പിന്നണി പ്രവര്‍ത്തനം സജീവമാക്കി. കെ. രാധാകൃഷ്ണന്‍ വഹിച്ചിരുന്ന ദേവസ്വം വകുപ്പ് അദ്ദേഹം എംപിയായി പോയപ്പോൾ പകരം മന്ത്രിയായ ഒ.ആര്‍. കേളുവിനല്ല നൽകിയത് എന്നതു ശ്രദ്ധേയമാണ്. ദേവസ്വം വകുപ്പ് വി.എന്‍. വാസവനു നൽകിയത് ഭൂരിപക്ഷ പ്രീണനതന്ത്രത്തിന്‍റെ ഭാഗമായിരുന്നു.

ALSO READ : തിരഞ്ഞെടുപ്പ് സീസണിൽ പതിവ് തെറ്റിക്കാതെ വെള്ളാപ്പള്ളിയും സുകുമാരൻ നായരും; തിട്ടൂരങ്ങളിൽ വിരണ്ട് കോൺഗ്രസ്; നെഞ്ച് വിരിച്ച് സിപിഎമ്മും

എന്‍എസ്എസുമായി നല്ല ബന്ധം പുലര്‍ത്തുന്ന വാസവനേയും ഗണേഷ്‌ കുമാറിനേയൂം മുന്നില്‍ നിര്‍ത്തി, സംഘടനയെ ഒപ്പം കൂട്ടുക എന്നതായിരുന്നു നീക്കം. അതില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു കഴിഞ്ഞു. വാസവന്‍ പുറത്തുനിന്നു പിന്തുണച്ചപ്പോള്‍, സംഘടനയ്ക്കുള്ളിലെ തന്‍റെ സ്വാധീനം ഉപയോഗിച്ച് ഗണേഷ്‌ കുമാറും കരുക്കൾ നീക്കി. സുകുമാരന്‍ നായര്‍ അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനെ അവിടെ എത്തിച്ച് മഞ്ഞുരുക്കലിന് ആക്കം കൂട്ടാൻ മുൻകൈയെടുത്തതും ഇവർ ഇരുവരുമായിരുന്നു.

എന്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചതോടെ സിപിഎമ്മിന്‍റെയും ഇടതുമുന്നണിയുടെയും പ്രതീക്ഷകൾ വലിയ തോതില്‍ വളർന്നിട്ടുണ്ട്. സുകുമാരൻ നായരുടെ പ്രഖ്യാപനത്തിലൂടെ നായര്‍ വോട്ടുകൾ വലിയ തോതിൽ ധ്രുവീകരിക്കപ്പെടും എന്നൊന്നും സിപിഎം കരുതുന്നില്ല. എന്നാല്‍, ശക്തമായി എതിര്‍ത്തിരുന്ന പ്രബല സംഘടന പരസ്യമായി അനുകൂലിക്കുന്ന നിലപാടിലേക്കു മാറുമ്പോൾ, ഭൂരിപക്ഷ സമുദായാംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ചില ആശയക്കുഴപ്പങ്ങൾക്കു പരിഹാരമായിട്ടുണ്ടെന്ന് പാർട്ടി വിലയിരുത്തുന്നു. ഒപ്പം അതിനെ പിന്തുണച്ചുകൊണ്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയതോടെ, അടുത്ത തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാമെന്ന ആത്മവിശ്വാസം പാർട്ടിക്കുള്ളിൽ വളരുന്നുണ്ട്. അതിനു വഴിതെളിച്ച ഗണേഷ്‌ കുമാറിന് സിപിഎം യോജിച്ച പ്രത്യുപകാരം തന്നെ നല്‍കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ ഉറപ്പിച്ചു പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top