ഒന്നിക്കുമെന്ന് കരുതി, പക്ഷേ സംഭവിച്ചത് മറ്റൊന്ന്; സാമുദായിക ഐക്യ നീക്കത്തിൽ ട്വിസ്റ്റ്

എൻഎസ്എസ് എസ്എൻഡിപി ഐക്യശ്രമങ്ങളിൽ നിന്ന് നായർ സർവീസ് സൊസൈറ്റി പിന്മാറി. എസ്എൻഡിപിയുമായുള്ള ഐക്യം പ്രായോഗികമല്ലെന്നാണ് എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തിയത്. കോട്ടയം പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം.നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എസ്എൻഡിപിയുമായുള്ള ഐക്യശ്രമം പരാജയമാകാനാണ് സാധ്യതയെന്ന് എൻഎസ്എസ് വിലയിരുത്തുന്നു. ഇരു സമുദായങ്ങളുടെയും താൽപ്പര്യങ്ങൾ വ്യത്യസ്തമായ തലങ്ങളിലാണെന്നും ഐക്യം മുന്നോട്ട് കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളോടും എൻഎസ്എസ് സമദൂര നയം തന്നെ പിന്തുടരും. ഒരു രാഷ്ട്രീയ മുന്നണിയോടും പ്രത്യേക ആഭിമുഖ്യം കാണിക്കില്ലെന്ന് ഡയറക്ടർ ബോർഡ് ആവർത്തിച്ചു. സംസ്ഥാനത്തെ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളും സമുദായ സംഘടനകൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും ഐക്യശ്രമങ്ങൾക്ക് തിരിച്ചടിയായെന്നാണ് റിപ്പോർട്ട്.
Also Read : ഈഴവ നായർ ഐക്യം എൽഡിഎഫിനെ തുണയ്ക്കുമോ; സുകുമാരൻ നായരും വെള്ളാപ്പള്ളിയും കൈ കൊടുക്കുമ്പോൾ
ഹിന്ദു ഐക്യം എന്ന ലക്ഷ്യത്തോടെ മുൻപ് പലപ്പോഴും എൻഎസ്എസും എസ്എൻഡിപിയും സഹകരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, സംവരണ വിഷയങ്ങളിലും രാഷ്ട്രീയ നിലപാടുകളിലും നിലനിൽക്കുന്ന വൈരുദ്ധ്യങ്ങൾ ഐക്യത്തിന് എന്നും തടസ്സമായിരുന്നു. എന്നാൽ സംവരണ കാര്യത്തിലുള്ള തർക്കങ്ങൾ പഴയ കഥ ആണെന്ന് ജി. സുകുമാരൻ നായർ വ്യക്തമാക്കിയതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് ഐക്യ നീക്കം നടക്കുകയും തുഷാർ വെള്ളാപ്പള്ളി ചർച്ചകൾക്കായി പെരുന്നയിലേക്ക് എത്തും എന്ന വാർത്തകൾക്ക് പിന്നാലെയാണ് എൻഎസ്എസ് ഡയറക്ടർ ബോർഡ് നിർണ്ണായക തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഐക്യനീക്കങ്ങളുടെ പ്രധാന കേന്ദ്രബിന്ദു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടുള്ള ഇരു സംഘടനകളുടെയും വിയോജിപ്പായിരുന്നു. സമുദായ നേതാക്കളെ അവഗണിക്കുന്നു എന്ന പരാതിയിൽ സതീശനെതിരെ സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും ഒരേപോലെ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ പൊതുശത്രുവിനെതിരെയുള്ള നീക്കം പോലും സംഘടനകൾ തമ്മിലുള്ള അടിസ്ഥാനപരമായ ഭിന്നതകൾ പരിഹരിക്കാൻ പര്യാപ്തമായില്ലെന്ന് പുതിയ തീരുമാനം വ്യക്തമാക്കുന്നു. കൂടാതെ ഒരു മുന്നണിയുമായും പരസ്യമായ സഖ്യമില്ലാതെ നിൽക്കുന്നതാണ് വിലപേശൽ ശേഷി വർദ്ധിപ്പിക്കുക എന്ന് എൻഎസ്എസ് നേതൃത്വം കണക്കു കൂട്ടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here