നമ്പർ പ്ലേറ്റിന് 1.17 കോടി മുടക്കിയില്ല; ലേലത്തിൽ പങ്കെടുത്തയാൾക്കെതിരെ ആസ്തി അന്വേഷണം

ഇന്ത്യയിലെ ഏറ്റവും വില കൂടിയ നമ്പർ പ്ലേറ്റിനായി ലേലം വിളിക്കുകയും എന്നാൽ തുക അടയ്ക്കുന്നതിൽ പരാജയപ്പെടുകയും ചെയ്ത ബിസിനസുകാരനെതിരെ ഹരിയാന സർക്കാർ ആസ്തി അന്വേഷണം പ്രഖ്യാപിച്ചു. വിഐപി നമ്പർ പ്ലേറ്റ് ആയ ‘HR88B8888 എന്ന നമ്പർ 1.17 കോടിയ്ക്കാണ് ലേലത്തിൽ പിടിച്ചത്.

രാജ്യത്തെ ഏറ്റവും വിലകൂടിയ നമ്പർ പ്ലേറ്റ് സ്വന്തമാക്കാൻ 45 പേരാണ് ലേലത്തിൽ പങ്കെടുത്തത്. റോമുലസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രാൻസ്പോർട്ടേഷൻ സർവീസ് ഡയറക്ടറായ സുധീർ കുമാർ ആണ് ഈ വിഐപി നമ്പർ ലേലത്തിൽ പിടിച്ചത്. എന്നാൽ കൃത്യ സമയത്തു തുക നൽകാൻ സുധീറിന് കഴിഞ്ഞില്ല. തുടർന്ന് ലേലത്തിനായി കെട്ടിവെച്ച 11,000 രൂപ സർക്കാർ കണ്ടുകെട്ടി. സുധീർ കുമാറിന് തുക നൽകാൻ സാമ്പത്തിക ശേഷിയുണ്ടോ എന്ന് പരിശോധിക്കാനാണ് ഹരിയാന ഗതാഗത മന്ത്രി അനിൽ വിജ് ഉത്തരവിട്ടത്.

ലേലത്തിൽ പങ്കെടുക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവർ വില കൂട്ടി ലേലം വിളിക്കുന്നത് തടയാനാണ് ഈ നടപടി. ഇക്കാര്യം അന്വേഷിക്കാൻ ആദായ നികുതി വകുപ്പിന് കത്തെഴുതുമെന്നും മന്ത്രി അറിയിച്ചു.”ലേലത്തിൽ പങ്കെടുക്കുന്നത് ഹോബിയല്ല, അതൊരു ഉത്തരവാദിത്തമാണ്,”എന്നും മന്ത്രി പറഞ്ഞു. ലേലം ഉറപ്പിച്ച നമ്പർ പ്ലേറ്റ് ഉടൻ തന്നെ വീണ്ടും ലേലത്തിന് വെക്കും.

തുക അടയ്ക്കാൻ സാധിക്കാത്തത് സാങ്കേതിക പ്രശ്‌നങ്ങൾ കാരണമെന്നാണ് സുധീർ കുമാർ ആദ്യം പറഞ്ഞത്. എന്നാൽ, പിന്നീട് കുടുംബപരമായ എതിർപ്പുകളാണെന്നു പറഞ്ഞു. എത്രയും വേഗം തന്നെ തീരുമാനം അറിയിക്കാം എന്നും പറഞ്ഞിരുന്നു. ഈ നമ്പർ പ്ലേറ്റിലെ ‘B’ എന്ന് എഴുതുമ്പോൾ എട്ട് (8) എന്ന അക്കത്തിന് സമാനമായി കാണപ്പെടുന്നു. ഇത് കാരണം നമ്പർ പ്ലേറ്റ് മുഴുവൻ ‘8’ എന്ന അക്കം തുടർച്ചയായി വരുന്നതായി തോന്നും. ഇതാണ് ഈ നമ്പറിന് ഇത്രയും അധികം ഡിമാൻഡ് ഉണ്ടാകാൻ കാരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top