വിരമിക്കലിന് മുമ്പ് ഒരു ചാട്ടം: കന്യാസ്ത്രീ വേഷത്തിൽ ഹർഡിൽസ് കീഴടക്കി സിസ്റ്റർ

കേരള സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ വേറിട്ട കാഴ്ചയായി കന്യാസ്ത്രീയുടെ പ്രകടനം. ചെരിപ്പില്ലാതെ കന്യാസ്ത്രീ വേഷത്തിൽ ഹർഡിൽസ് (Hurdles) ചാടിയാണ് സിസ്റ്റർ സബീന ശ്രദ്ധ നേടിയത്. ട്രാക്കിൽ വിനയത്തോടെ നിന്ന സിസ്റ്റർ, മത്സരം തുടങ്ങിയപ്പോൾ ഊർജ്ജസ്വലതയോടെ ഓടുകയും ഹർഡിലുകൾ അനായാസം ചാടിക്കടക്കുകയും ചെയ്തു. കണ്ടുനിന്നവരെല്ലാം കൈയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു.
പതിനെട്ടാം വയസ്സിൽ ദേശീയ തലത്തിൽ ഹർഡിൽസിൽ മത്സരിച്ചിട്ടുള്ള സിസ്റ്റർ സബീന, കായികരംഗത്ത് നിന്ന് വിട്ടുനിന്ന ശേഷം, വർഷങ്ങൾക്കിപ്പുമാണ് വീണ്ടും എത്തുന്നത്. സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ 55ന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് മത്സരിച്ച് ഒന്നാം സ്ഥാനം നേടിയത്.
കാസർഗോഡ് എണ്ണപ്പാറ സ്വദേശിയായ സിസ്റ്റർ സബീന 1993ലാണ് വയനാട്ടിലേക്ക് താമസം മാറിയത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദേശീയ തലത്തിൽ ഹർഡിൽസിൽ മത്സരിച്ച് കായികരംഗത്ത് ശ്രദ്ധേയയാകുന്നത്. കോളേജുകാലത്തും മത്സരങ്ങളിൽ മികവ് പുകലർത്തി. അതിനുശേഷമാണ് അധ്യാപനത്തിലേക്ക് വഴിമാറുന്നത്. നിലവിൽ സ്കൂൾ കായികാദ്ധ്യാപികയായി ജോലി ചെയ്യുകയാണ് സിസ്റ്റർ. അടുത്ത മാർച്ചിൽ വിരമിക്കാനിരിക്കെയാണ് അവസാന മത്സരമെന്നോണം ഹർഡിൽസ് ചാടിയത്. അവസാനമായൊരു മത്സരം ആഗ്രഹിച്ചിരുന്നു എന്നാണ് സിസ്റ്ററും പ്രതികരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here