കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപി ചങ്ങാത്തമുള്ള മെത്രാൻമാർ മിണ്ടാവൃതത്തിൽ, കണ്ടിട്ടും കൊണ്ടിട്ടും പാഠം പഠിക്കാത്ത ‘പരിശുദ്ധ പിതാക്കന്മാർ’

ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രികളെ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം വ്യാപകമായതോടെ ബിജെപിക്ക് ഓശാന പാടിയിരുന്ന ബിഷപ്പുമാർ മാളത്തിലൊളിച്ചു. മോദിയുടെ ഭരണത്തിൽ ന്യൂനപക്ഷങ്ങൾ സംതൃപ്തരും സുരക്ഷിതരുമാണെന്ന് അവകാശപ്പെട്ട സിറോ മലബാർ സഭയുടെ മുൻ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇപ്പോഴും മൗനത്തിലാണ്. ആലഞ്ചേരിയേക്കാൾ വലിയ ബിജെപി പ്രേമം പ്രകടിപ്പിച്ചിരുന്ന ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസന ബിഷപ്പ് ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയും മിണ്ടാട്ടം മുട്ടിയ അവസ്ഥയിലാണ്. സംഘപരിവാർ സംഘടനകളുമായി അടുത്ത ചങ്ങാത്തം പുലർത്തുന്ന കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ക്ലിമ്മിസ് കാതോലിക്ക ബാവ എങ്ങും തൊടാതെയുള്ള ഒരു പ്രസ്താവന ഇറക്കി തടി തപ്പി.

Also Read : സംഘപരിവാറിന്റെ പേര് പോലും പറയാതെ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ‘വഴിപാട്’ പ്രതികരണം; ഇനി ക്രൈസ്തവ വേട്ടയില്‍ മൗനം എന്ന് പരിഹസിക്കരുത്

2023 ഏപ്രിൽ 11ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തെ ക്രിസ്ത്യാനികൾ ബിജെപി ഭരണത്തിൽ സുരക്ഷിതരാണെന്ന് മാർ ജോർജ് ആലഞ്ചേരി തുറന്ന് പറഞ്ഞത്. ഇതേ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സർക്കാരിനേയും അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. എറണാകുളം- അങ്കമാലി രൂപതയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന ഘട്ടത്തിലായിരുന്നു കേന്ദ്ര സർക്കാരിനെ വാഴ്ത്തിപ്പാടിയത്.

2023ലെ വിഷുദിനത്തിൽ ബിജെപി നേതാക്കളുമൊത്ത് വിഷു സദ്യയിൽ പങ്കെടുത്തു കൊണ്ട് ഓർത്തഡോക്സ് സഭാ ബിഷപ്പ് മാർ യൂലിയോസ് പറഞ്ഞതിങ്ങനെയാണ് –
“ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാം. ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയോ ബിജെപിയോ ആണ് ചെയ്യുന്നതെന്ന് ചാപ്പകുത്തുന്നതിനോട് യോജിപ്പില്ല. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലപാട് ശരിയല്ല”. ബിജെ പി കോട്ടയം ജില്ലാ പ്രസിഡൻ്റ് എൻ ഹരിയുടെ വീട്ടിൽ വെച്ചായിരുന്നു മെത്രപ്പൊലീത്ത ഇങ്ങനെ പറഞ്ഞത്.

Also Read : മെത്രാൻസമിതി അധ്യക്ഷന്റെ കോളേജില്‍ ആര്‍എസ്എസ് പരിശീലന ക്യാംപ്; ഭരണകൂട പ്രീതിക്കെന്ന് ആക്ഷേപം; പ്രതിഷേധവുമായി സംഘടനകള്‍

ഇപ്പോഴത്തെ സിബിസിഐ പ്രസിഡൻ്റും തൃശൂർ അതിരൂപത മെത്രാനുമായ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളോട് കാര്യമായ യാതൊരു പ്രതികരണവും നടത്താത്ത സിബിസിഐ അധ്യക്ഷനാണിദ്ദേഹം. ഇന്നലെ കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച് പേരിന് ഒരു പ്രതിരണം നടത്തി. അതിലാകട്ടെ സംഘപരിവാറിന്റെ പേര് പോലും പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധയും പുലര്‍ത്തി.

മുനമ്പം സമരപന്തലില്‍ എത്തി ബിജെപിക്ക് വോട്ട് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കണം എന്ന് പറഞ്ഞ സഭാ നേതാവായിരുന്നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ബാലറ്റ് പേപ്പര്‍ കയ്യില്‍ക്കിട്ടുമ്പോള്‍ എല്ലാത്തവണവും വോട്ടു ചെയ്ത് പരിചയമുള്ളവര്‍ക്ക് വോട്ടുചെയ്യണമെന്ന് ഇത്തവണ നിര്‍ബന്ധം പിടിക്കരുത്. മറിച്ചു ചെയ്യാനും ഞങ്ങള്‍ക്കറിയാമെന്ന് നിങ്ങള്‍ തെളിയിക്കണം എന്നായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍ ആഹ്വാനം ചെയ്തത്.

കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി ) അധ്യക്ഷനും മലങ്കര കത്തോലിക്ക സഭ മേലധ്യക്ഷനുമായ കർദ്ദിനാൾ മാർ ക്ലിമ്മീസ് കാതോലിക്ക ബാവ ബിജെപി കേന്ദ്രങ്ങളുമായി അടുപ്പം പുലർത്തുന്ന സഭാ നേതാവാണ്. “മലങ്കര സഭക്ക് രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തൊട്ടുകൂടായ്മയില്ല.
ബിജെപിയുമായി ബന്ധമുണ്ടാക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ലെന്ന് അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ജനസംഘത്തിന് രണ്ട് എം പിമാര്‍ മാത്രം ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു എന്നും അവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ പള്ളികള്‍ക്ക് നേരെ ചില അക്രമ സംഭവങ്ങള്‍ നടക്കുന്നുണ്ട് എന്നതിന്റെ പേരില്‍ ബിജെപിയെ അകറ്റി നിര്‍ത്തേണ്ടതില്ലെന്നും കർദ്ദിനാൾ ക്ലിമ്മീസ് പറഞ്ഞിരുന്നു.
സഭക്ക് ആരോടും തൊട്ടുകൂടായ്മയില്ല. എല്ലാവരോടും തുറന്ന സമീപനം വേണം. നമ്മുടെയെല്ലാം പൂർവികർ ഹിന്ദുക്കളാണ് എന്നുള്ളത് ചരിത്ര വസ്തുതയാണെന്ന് അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Also Read : ചത്തീസ്ഗഡിൽ നടന്നത് മനുഷ്യകടത്തെന്ന് വിശ്വഹിന്ദു പരിഷത്ത്; ഭാരതത്തെ സുവിശേഷവൽക്കരിക്കാൻ കേരളീയ ക്രൈസ്തവ പ്രസ്ഥാനങ്ങൾ ശ്രമിക്കുന്നെന്നും ആരോപണം

ഈ വർഷം ഏപ്രിലിൽ മാർ ക്ലിമ്മീസിൻ്റെ സഭയുടെ അധീനതയിലുള്ള മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ടിൽ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആർഎസ്എസിൻ്റെ ശിക്ഷാ വര്‍ഗ് ക്യാംപിന് അനുമതി നൽകിയിരുന്നു. കോളജ് ഗ്രൗണ്ട് ആർ എസ് എസ് പരിശീലനത്തിന് നൽകിയത് വിവാദമാക്കേണ്ട എന്ന നിലപാടാണ് മാർ ക്ലിമ്മിസ് സ്വീകരിച്ചത്.

റബറിന് 300 രൂപ കിട്ടിയാൽ ബിജെപിക്ക് ഒരു എംപിയെ കിട്ടുമെന്ന് പ്രഖ്യാപിച്ചത് സിറോ മലബാർ സഭയുടെ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ്. ‘അവർ സഹായിച്ചാൽ തിരിച്ചും സഹായിക്കും. ബിജെപിയോട് അയിത്തമില്ല, അകൽച്ചയുമില്ല. അവർ കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ് ‘ എന്നായിരുന്നു പാംപ്ലാനിയുടെ നിലപാട്.

Also Read : ഛത്തീസ്ഗഡില്‍ മലയാളി പാസ്റ്ററെ തല്ലിചതച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍; കോടതി വളപ്പിലും ആക്രമണ ശ്രമം

ബിജെപിയോട് അടുക്കാൻ കേരളത്തിലെ കത്തോലിക്ക സഭാ നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും ഒട്ടേറെ നീക്കങ്ങൾ നടത്തിയിരുന്നു. ക്രൈസ്തവർക്ക് നേരെ വടക്കേ ഇന്ത്യയിലും കർണാടകത്തിലും മറ്റും നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സിറോ മലബാർ സഭയുടെ ബിഷപ്പുമാരോ, കെസിബിസിയോ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയ്ക്ക് പിന്തുണ നൽകാനോ ആ കേസിൽ കക്ഷി ചേരാനോ തയ്യാറായില്ല. ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ഫാദർ സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് എന്ന് മുദ്ര കുത്തി ജയിലടച്ച് ഭരണകൂടം പീഡിപ്പിച്ച് കൊന്നിട്ടും കേരളത്തിലെ കത്തോലിക്കസഭ നേതൃത്വം തെരുവിലിറങ്ങി പ്രതിഷേധിക്കാനോ പ്രതികരിക്കാനോ തയ്യാറായില്ല. അന്ന് ഒട്ടുമിക്ക സഭാ നേതാക്കളും ബിജെപി യോട് വിധേയത്വം പ്രഖ്യാപിച്ച് മിണ്ടാതിരിക്കയായിരുന്നു.

സിറോ മലബാർ സഭയിലെ ഒരു സംഘം ബിഷപ്പുമാരുടെ മൗനാനുവാദത്തോടെ സംഘപരിവാർ രൂപീകരിച്ച സംഘടനയാണ് ക്രിസ്ത്യൻ അസോസിയേഷൻ ആൻ്റ് അലിയൻസ് ഫോർ സോഷ്യൽ ആക്ഷൻ -അഥവ കാസ. സംഘപരിവാറിനു വേണ്ടി അപരമത വിദ്വേഷം വിളമ്പുന്ന ഈ സംഘടനയ്ക്ക് വളവും വിത്തും നല്കിയ പാപഭാരത്തിൽ നിന്ന് ബിഷപ്പുമാർക്ക് കൈ കഴുകി മാറി നിൽക്കാനാവില്ല.ബിജെപി യോടുള്ള മെത്രാന്മാരുടേയും സഭകളുടേയും മൃദുസമീപനത്തിനെതിരെ ഇടതുപക്ഷം രംഗത്ത് വന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top