വണ്ടി വാങ്ങാൻ 7 കോടി, മിനുക്കാൻ 5 കോടി! ഒഡീഷ വനം വകുപ്പിലെ ഥാർ ഇടപാടിൽ ദുരൂഹത; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

വനം വകുപ്പിനായി 51 മഹീന്ദ്ര ഥാർ വാഹനങ്ങൾ വാങ്ങിയതിലും അവ മോടിപിടിപ്പിച്ചതിലും വൻ അഴിമതി നടന്നതായി ആരോപണം. സംഭവത്തിൽ ഒഡീഷ സർക്കാർ പ്രത്യേക ഓഡിറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.
കഴിഞ്ഞ നവംബറിലാണ് വന്യജീവി നിരീക്ഷണം, കാട്ടുതീ തടയൽ, വേട്ടക്കാരെ പിടികൂടൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ഒഡീഷ വനം വകുപ്പ് 51 ഥാറുകൾ വാങ്ങിയത്. 7.1 കോടിയാണ് വാഹനങ്ങൾ വാങ്ങാൻ ചിലവാക്കിയത്. മോടിപിടിപ്പിക്കാൻ ചിലവാക്കിയത് 5 കോടിയും. വാഹനത്തിന്റെ വിലയുടെ പകുതിയിലധികം തുക അധിക സൗകര്യങ്ങൾക്കായി ചിലവാക്കിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
കാടിനുള്ളിലെ യാത്ര സുഗമമാക്കാൻ 21 തരം മാറ്റങ്ങളാണ് വാഹനങ്ങളിൽ വരുത്തിയത്. കുത്തനെയുള്ള കയറ്റങ്ങൾ കയറാനും ആഘാതങ്ങൾ താങ്ങാനും മെറ്റൽ ബംപറുകൾ, കല്ലും മണ്ണും നിറഞ്ഞ കാട്ടുപാതകളിൽ പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സ്റ്റീൽ വീലുകൾ, വെള്ളത്തിലൂടെ യാത്ര ചെയ്യുമ്പോൾ എൻജിനിൽ വെള്ളം കയറാതിരിക്കാൻ സ്നോർക്കലുകൾ (Snorkels), കൂടാതെ മേൽക്കൂരയിൽ പ്രത്യേക റാക്കുകൾ, അധിക ലൈറ്റുകൾ, ബോഡി റാപ്പിംഗ് എന്നിവയും നൽകിയിട്ടുണ്ട്.
ഇത്രയും വലിയ തുക മാറ്റങ്ങൾക്കായി ചിലവാക്കാൻ ധനകാര്യ വകുപ്പിന്റെ അനുമതി വാങ്ങിയിട്ടുണ്ടോ എന്നും, ടെൻഡർ നടപടികൾ കൃത്യമായിരുന്നോ എന്നും പരിശോധിക്കാൻ വനം മന്ത്രി ഗണേഷ് റാം സിംഗ് ഉത്തരവിട്ടു. അക്കൗണ്ടന്റ് ജനറലിന്റെ പ്രത്യേക സംഘമായിരിക്കും ഓഡിറ്റ് നടത്തുക. അഴിമതി തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here