അധ്യാപകന്റെ പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി സ്വയം തീ കൊളുത്തി; ചികിത്സയിലിരിക്കെ മരണം..

ഒഡീഷയിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. ഭുവനേശ്വർ എയിംസിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയായിരുന്നു 22കാരിയുടെ അന്ത്യം. അധ്യാപകന്റെ പീഡനത്തെ തുടർന്നാണ് വിദ്യാർത്ഥിനി സ്വയം തീകൊളുത്തിയത്. 90% ത്തോളം പൊള്ളലേറ്റിരുന്നു. സാധ്യമായ എല്ലാ ചികിത്സകളും നൽകിയിട്ടും രക്ഷപ്പെടുത്താൻ ആയില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.
വിദ്യാർത്ഥിനി സ്ഥിരമായി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. തന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ കരിയർ നശിപ്പിക്കും എന്ന് എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവിയായ സമീർ കുമാർ സാഹു ഭീഷണിപ്പെടുത്തിയിരുന്നു. പീഡനത്തിന് സ്ഥിരമായി ഇരയായതോടെ പെൺകുട്ടി പ്രിൻസിപ്പലിന് പരാതി നൽകി. കൂടാതെ ആഭ്യന്തര പരാതി പരിഹാര സമിതിയെയും സമീപിച്ചിരുന്നു. എന്നാൽ അധ്യാപകനെതിരെ ഒരു നടപടിയും എടുത്തില്ല. കൂടാതെ സംഭവം മൂടിവെച്ച് ഒത്തുതീർപ്പാക്കാനാണ് പ്രിൻസിപ്പലും സഹപ്രവർത്തകരും ശ്രമിച്ചത്.
പീഡനവിവരം പുറത്തറിഞ്ഞതോടെ വിദ്യാർത്ഥി പ്രക്ഷോഭവും ആരംഭിച്ചു. കൂടാതെ പെൺകുട്ടി ബാലാസോര്‍ എംപി പ്രതാപ്ചന്ദ്ര സാരംഗിയെ നേരിട്ട് കണ്ടും പരാതി നൽകി. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. തെളിവൊന്നും ഇല്ലെന്നായിരുന്നു ഐസിസിയുടെയും നിലപാട് . തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാർത്ഥിനിയെ രക്ഷിക്കാൻ ശ്രമിച്ച സഹപാഠിയും പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആരോപണ വിധേയനായ അസിസ്റ്റന്റ് പ്രൊഫസർ സമീര്‍ കുമാര്‍ സാഹുവിനെ അറസ്റ്റ് ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ദിലീപ് സാഹുവിനെയും സസ്‌പെന്‍ഡ് ചെയ്തു. അതേസമയം, പെൺകുട്ടിയെ കഴിഞ്ഞദിവസം ആശുപത്രിയിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദർശിച്ചിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here