ജന്മനാ കാഴ്ച ശക്തിയില്ല, നേടിയത് സിവിൽ സർവീസ് പദവി; അഭിമാനമായി അധ്യാപകൻ

ഒഡീഷയിലെ ജാജ്പൂരിലാണ് ജന്മനാ കാഴ്ച ശക്തിയില്ലാത്ത അധ്യാപകനെ തേടി അഭിമാന നേട്ടം എത്തിയത്. 32 വയസ്സുള്ള മഹേഷ് പാണ്ടയാണ് ഒഡീഷ സിവിൽ സർവീസ് (OCS) പരീക്ഷയിൽ 300-ാം റാങ്ക് നേടിയത്. മൂന്നാം ശ്രമത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം.

ജാജ്പൂരിലെ ബിരുഹാൻ ഗ്രാമത്തിലാണ് അദ്ദേഹം താമസിക്കുന്നത്. 2016 മുതൽ കട്ടക്ക് ജില്ലയിലെ ആദർശ വിദ്യാലയത്തിൽ ഒഡിയ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. ജന്മനാ കാഴ്ച ശക്തിയില്ലാത്ത മഹേഷ് അഞ്ച് സഹോദരങ്ങളിൽ ഇളയവനാണ്. സാമ്പത്തികമായി പിന്നോക്കം നിന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്. അച്ഛൻ കൃഷി ചെയ്താണ് ഏഴ് അംഗങ്ങളുള്ള കുടുംബത്തെ പോറ്റിയത്.

നിരവധി ഡോക്ടർമാരെ കാണിച്ചിട്ടും കാഴ്ച ശക്തി വീണ്ടെടുക്കാൻ ആർക്കും കഴിഞ്ഞില്ല. അവസാനം എല്ലാം വിധിക്ക് വിട്ടു കൊടുക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അച്ഛൻ ലക്ഷ്മി നാരായണൻ പറഞ്ഞു. സ്കൂൾ പഠനത്തിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതു കാരണം പഠനം മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥയായി. പിന്നീട് രണ്ട് അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയും കട്ടക്കിലെ യുഗ നിർമ്മാൺ വിദ്യാ പരിഷത്തിന്റെയും ഗായത്രി മിഷന്റെയും പിന്തുണയോടെയുമാണ് പഠനം നടന്നത്. അവർ തന്നെയാണ് ഉന്നത വിദ്യാഭ്യാസവും സ്പോൺസർ ചെയ്തത് .

റാവൻഷോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും കൊരാപുട്ടിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എഡും നേടി. ഉത്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒഡിയയിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. അധ്യാപന ജോലിയോടൊപ്പമാണ് അദ്ദേഹം സിവിൽ സർവീസിന്റെ തയ്യാറെടുപ്പും നടത്തിയത്. രാവിലെ കുട്ടികളെ പഠിപ്പിക്കും, രാത്രി സ്വയം പഠിക്കും. സാങ്കേതികവിദ്യയുടെ വരവോടെ, കാഴ്ച വൈകല്യമുള്ളവർക്ക് പഠനം വളരെ എളുപ്പമായെന്നും വിജയത്തിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണച്ച കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു. സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി തന്റെ ജീവിതം സമർപ്പിക്കുമെന്നും മഹേഷ് പാണ്ട പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top