വൃദ്ധസദനങ്ങള്‍ ഹൗസ്ഫുള്‍ !! ക്രൈസ്തവ സഭകൾക്കുള്ള വിദേശ സഹായങ്ങള്‍ നിലച്ചത് പുതിയ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് പ്രതിസന്ധിയിലാക്കി

സംസ്ഥാനത്തെ വൃദ്ധസദനങ്ങള്‍ നിറഞ്ഞു കവിയുന്നതായി റിപ്പോര്‍ട്ട്. നോക്കാനും കാണാനും ആരുമില്ലാത്തവരും മക്കള്‍ വിദേശത്തായവരും, മക്കള്‍ ഉപേക്ഷിച്ചവരുമാണ് ഓള്‍ഡ് ഏജ് ഹോമുകളില്‍ താമസിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 722 വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം അവയുടെ കപ്പാസിറ്റിയേക്കാള്‍ കൂടുതലാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രതിദിനം ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം അപകടകരമായ തോതില്‍ വര്‍ദ്ധിക്കുന്നുണ്ട്. 2036 ആവുമ്പോള്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ 22.8 ശതമാനം പേര്‍ 60 വയസിന് മുകളിലുള്ളവര്‍ ആയിരിക്കുമെന്നാണ് യുഎന്‍ ഫണ്ട് ഫോര്‍ പോപ്പുലേഷന്‍ ആക്ടിവിറ്റീസ് ഇന്‍ ഇന്ത്യ (UN fund for Population Activities in India) എന്ന സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആരോഗ്യ രംഗത്ത് കേരളം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട് എങ്കിലും വൃദ്ധജനങ്ങളുടെ പരിപാലനത്തിലും ശുശ്രൂഷയിലും വളരെ പിന്നിലാണ്.

സാമൂഹ്യക്ഷേമ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2024ല്‍ സംസ്ഥാനത്ത് 722 അംഗീകൃത വൃദ്ധസദനങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. ഇതില്‍ 37 എണ്ണം പണം വാങ്ങി സേവനം നല്‍കുന്നവയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 22,180 അന്തേവാസികള്‍ ഓള്‍ഡ് ഏജ് ഹോമുകളിലുണ്ട്. പുതിയതായി ആരെയും പ്രവേശിപ്പിക്കാൻ കഴിയാത്ത വിധം തിങ്ങിനിറഞ്ഞ് നില്‍ക്കുകയാണ് ഓരോ സ്ഥാപനവും എന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്.

ഓരോ വര്‍ഷവും ഓള്‍ഡ് ഏജ് ഹോമുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടൊപ്പം അന്തേവാസികളുടെ എണ്ണവും പെരുകുകയാണ്. മക്കള്‍ ഉപേക്ഷിക്കുന്നവരും മക്കള്‍ വിദേശത്ത് താമസിക്കുന്നവരുമാണ് അവസാന കാലത്ത് വൃദ്ധസദനങ്ങളിലേക്ക് എത്തപ്പെടുന്നത്. വീടുകളില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന വൃദ്ധജനങ്ങളെ സുരക്ഷിതത്വം ഓര്‍ത്ത് ഓള്‍ഡ് ഏജ് ഹോമുകളില്‍ താമസിപ്പിക്കുന്നുമുണ്ട്.

ഇതിനും പുറമെ മധ്യകേരളത്തിലെ ചില ഇടത്തരം ആശുപത്രികളോട് ചേര്‍ന്ന് കിടപ്പ് രോഗികളായ വൃദ്ധരെ പാര്‍പ്പിക്കുകയും ചികിത്സ നല്‍കുകയും ചെയ്യുന്ന പുതിയ ട്രെന്‍ഡുണ്ട്. മാര്‍ത്തോമ്മ സഭയുടെ ഉടമസ്ഥതയില്‍ കുമ്പനാട് പ്രവര്‍ത്തിക്കുന്ന ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയിലും റാന്നി മാര്‍ത്തോമ്മ മെഡിക്കല്‍ മിഷനിലും കിടപ്പ് രോഗികളേയും മക്കള്‍ വിദേശത്തായ മാതാപിതാക്കളേയും പാര്‍പ്പിക്കാന്‍ ഓള്‍ഡ് ഏജ് ഹോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

2015ല്‍ സംസ്ഥാനത്ത് 502 വൃദ്ധ സദനങ്ങളിലായി 14,642 അന്തേവാസികൾ ഉണ്ടായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പണം വാങ്ങി അന്തേവാസികളെ പാര്‍പ്പിക്കുന്ന 12ല്‍ അധികം സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇവയെല്ലാം ഹൗസ് ഫുള്‍ ആണ്. മലബാറിലും ഇതു തന്നെയാണ് അവസ്ഥ. 2024 ല്‍ പ്ലാനിംഗ് ബോര്‍ഡ് നടത്തിയ സര്‍വെ പ്രകാരം സംസ്ഥാനത്തെ വൃദ്ധജനസംഖ്യ ഏതാണ്ട് 20 ശതമാനം വരുമെന്നാണ് നിഗമനം.

സമ്പന്നരായ മാതാപിതാക്കളാണ് പെയ്ഡ് ഓള്‍ഡ് ഏജ് ഹോമുകളില്‍ താമസിക്കുന്നത്. എയര്‍ കണ്ടീഷന്‍ഡ് സിംഗിള്‍ റൂമുകളും അറ്റാച്ചഡ് ടോയിലറ്റ് സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ഉള്‍പ്പെടുന്നതാണ് ഇത്തരം സെന്ററുകള്‍. എന്നാല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങളോ മതിയായ പണമോ ഇല്ലാത്തവരാണ് വൃദ്ധജനങ്ങളില്‍ ഏറെയും. സമുദായ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധ സദനങ്ങള്‍ അന്തേവാസികളുടെ പെരുപ്പം മൂലം ശ്വാസംമുട്ടി നില്‍ക്കുകയാണ്.

പൊതു- സ്വകാര്യ മേഖലയില്‍ കൂടുതല്‍ വൃദ്ധസദനങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യവും സജീവമാണ്. അനാഥരും ആശ്രയമറ്റവരുമായ പ്രായമായവരെ പരിപാലിച്ചിരുന്ന ക്രൈസ്തവ സഭകളുടെ വൃദ്ധസദനങ്ങള്‍ വിദേശ സഹായങ്ങള്‍ നിലച്ചതിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലാണ്. സംസ്ഥാനത്തെ സഭകളൊന്നും പുതിയതായി സൗജന്യ വൃദ്ധ പരിപാലന കേന്ദ്രങ്ങള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ തുടങ്ങിയിട്ടില്ല. ഇതും പ്രശ്‌നം ഗുരുതരമാക്കിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top