അർദ്ധരാത്രിയിൽ ഒഴിപ്പിക്കൽ നടപടി; ഡൽഹിയിൽ വൻ സംഘർഷം പൊലീസുകാർക്ക് പരിക്ക്

ഓൾഡ് ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി മസ്ജിദിനോട് ചേർന്നുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എംസിഡി) നടപടിക്കിടെ വ്യാപക സംഘർഷം. അർദ്ധരാത്രി ഒന്നരയോടെ ആരംഭിച്ച ഒഴിപ്പിക്കൽ നടപടികൾക്കിടെ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. സംഘർഷത്തിൽ ചന്ദ്‌നി മഹൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു.

ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു രാംലീല മൈതാനത്തിന് സമീപത്തെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനാണ് അധികൃതർ എത്തിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് 17-ഓളം ബുൾഡോസറുകളും വൻ പൊലീസ് സന്നാഹവുമായാണ് അധികൃതർ എത്തിയത്. എന്നാൽ നടപടി ആരംഭിച്ചതോടെ നൂറോളം വരുന്ന പ്രാദേശിക നിവാസികൾ സംഘടിക്കുകയും ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു.

Also Read : മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് 387 വീടുകൾ ഇടിച്ചു നിരത്തി; അസമില്‍ ഭരണകൂടത്തിന്‍റെ ബുൾഡോസർ രാജ് തുടരുന്നു

പ്രതിഷേധം അക്രമാസക്തമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കല്ലേറിൽ പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പരിക്കേറ്റവർ ആശുപത്രി വിട്ടതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഡി.സി.പി നിധിൻ വത്സൻ അറിയിച്ചു. 39,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നത്. പള്ളിക്ക് സമീപമുള്ള കമ്മ്യൂണിറ്റി ഹാൾ, സ്വകാര്യ ഡിസ്‌പെൻസറി, മറ്റ് അനധികൃത നിർമ്മാണങ്ങൾ എന്നിവയാണ് പൊളിച്ചുനീക്കിയത്.

നൂറിലധികം വർഷം പഴക്കമുള്ള ഫായിസ് ഇ ഇലാഹി മസ്ജിദ് കെട്ടിടത്തെ ബാധിക്കാത്ത രീതിയിലാണ് ഒഴിപ്പിക്കൽ നടപടികൾ നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കലാപം, പൊതുപ്രവർത്തകരെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇതുവരെ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ച് കല്ലേറിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top