കൊച്ചിയിലല്ല! ബമ്പർ അടിച്ചത് ആലപ്പുഴയിൽ; 25 കോടി പെയിന്റ് കട ജീവനക്കാരനായ ശരത്തിന്

കാത്തിരിപ്പിനൊടുവിൽ ഓണം ബമ്പറിന്റെ 25 കോടി ലഭിച്ച ആ ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ തുറവൂർ സ്വദേശിയായ ശരത് എസ് നായർക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. 12 വർഷമായി നെട്ടൂരിലെ നിപ്പോൺ പെയിന്റ്സിലെ ജീവനക്കാരനാണ് ശരത്. നെട്ടൂരിൽ നിന്നാണ് ശരത് ടിക്കറ്റ് എടുത്തത്. തുറവൂർ തൈക്കാട്ടുശ്ശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി.
ലോട്ടറി എടുക്കാറുണ്ടെന്നും എന്നാൽ ബമ്പർ എടുക്കുന്നത് ആദ്യമായാണെന്നും ശരത് പറഞ്ഞു. ഒന്നാം സമ്മാനം അടിച്ച വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല. വീട്ടിലെത്തി ടിക്കറ്റ് എടുത്ത് വീണ്ടും പരിശോധിച്ചപ്പോഴാണ് ഒറപ്പായത്. വീട്ടുകാരോട് മാത്രമാണ് ആദ്യം പറഞ്ഞത്. എന്നാൽ ടിക്കറ്റ് നൽകിയ ഏജന്റിന് തന്നെ മനസ്സിലായില്ലെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു.
നെട്ടൂരിലെ ലോട്ടറി ഏജന്റ് ആയ ലതീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ പാലക്കാട് കേന്ദ്രത്തിൽ നിന്നാണ് ലതീഷ് 800 ടിക്കറ്റുകൾ വാങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി നെട്ടൂർ സ്വദേശിയായ യുവതിക്കാണ് ലോട്ടറി അടിച്ചതെന്ന വാർത്ത പരന്നിരുന്നു. ഇത് ലതീഷ് സമ്മതിക്കുകയും ചെയ്തു. കൂടാതെ ലോട്ടറി തന്റെ സുഹൃത്തിനെ കാണിച്ചതായും പറഞ്ഞു.
കഴിഞ്ഞ ദിവസം ഭാഗ്യശാലി മാധ്യമങ്ങൾക്ക് മുന്നിൽ വരുമെന്നും അറിയിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. യുവതി വീട് പൂട്ടി മകളുടെ വീട്ടിലേക്ക് പോയെന്ന വിവരവും പുറത്തു വന്നിരുന്നു. പിന്നീട് യുവതി തനിക്കല്ല ലോട്ടറി അടിച്ചതെന്ന് പറഞ്ഞതായാണ് വിവരം. അതിനിടെയാണ് 25 കോടിയുടെ ലോട്ടറിയുമായി ശരത് എത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here