ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആചാരലംഘനം; രാജകുടുംബം നിശബ്ദതയിൽ; ആരോപണവുമായി ഓണവില്ല് നിര്‍മ്മാതാക്കള്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനോളം തന്നെ പഴക്കമുള്ള ആചാരത്തെ വാണിജ്യവത്കരിക്കാനുള്ള ശ്രമത്തിലാണ് ക്ഷേത്രം ഭരണ സമിതിയെന്ന ആരോപണമാണ് ഉയരുന്നത്. തിരുവോണ നാളില്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന ഓണവില്ല് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് ഭക്തര്‍ക്ക് വില്‍ക്കാനാണ് ശ്രമം. ഇതിലൂടെ ലഭിക്കുന്ന പണം മാത്രം ലക്ഷ്യമിട്ടാണ് ക്ഷേത്ര ഭരണ സമിതി ഈ ആചാരലംഘനം നടത്തുന്നത്. ആചാരലംഘനം മാത്രമല്ല ഓണവില്ല് വാങ്ങുന്ന ഭക്തരെ കൂടി കബളിപ്പിക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം. ക്ഷേത്രത്തിലെ ഓണവില്ല് നിര്‍മ്മിക്കാന്‍ അവകാശമുള്ള കരമന മേലാറന്നൂര്‍ വിളയില്‍ കുടുംബമാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. ഈ ആചാരലംഘനത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബം നിശബ്ദതപാലിക്കുകയാണെന്നും ഇവര്‍ പറയുന്നു. കവടിയാർ കൊട്ടാരിത്തിന് മുന്നില്‍ ഇതിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചു.

ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന ഓണവില്ല് നിര്‍മ്മാണത്തിന് അവകാശം തിരുവനന്തപുരം കരമന മേലാറന്നൂര്‍ വിളയില്‍ കുടുംബത്തിനാണ്. ഇതില്‍ അവര്‍ ട്രേഡ്മാര്‍ക്കും എടുത്തിട്ടുണ്ട്. 2011ല്‍ അപേക്ഷ നല്‍കി 2017ല്‍ എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയാണ് ട്രേഡ്മാര്‍ക്ക് ലഭിച്ചത്. 2021ല്‍ അത് പുതുക്കി. 2031 വരെയാണ് ഈ ട്രേഡ്മാര്‍ക്കിന്റെ കാലാവധി. ഓണവില്ല് നിര്‍മ്മിക്കാനും വില്‍പ്പന നടത്താനുമാണ് ട്രേഡ്മാര്‍ക്ക് ലഭിച്ചത്. ഇത് മറികടക്കാന്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഓണവില്ല് എന്ന പേരില്‍ മറ്റൊരു ട്രേഡ്മാര്‍ക്കിന് അപേക്ഷ നല്‍കിയിരിക്കുകയാണ് ക്ഷേത്രം ഭരണ സമിതി. ഇത് ലഭിച്ചാല്‍ ഓണവില്ലിലെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത് വില്‍പ്പന നടത്താനാണ് നീക്കമെന്ന് ഓണവില്ല് കുടുംബത്തിലെ മുതിര്‍ന്ന അംഗം ആര്‍ ബിന്‍കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഒരോ വില്ലും പ്രത്യേകം തയ്യാറാക്കിയ നിറങ്ങള്‍ ഉപയോഗിച്ച് കൈ കൊണ്ട് വരച്ചാണ് നിര്‍മ്മിക്കുന്നത്. ഇതാണ് ആചാരം. എന്നാല്‍ ഇത് അട്ടിമറിച്ച് പണം ലക്ഷ്യമിട്ട് നടത്തുന്നത് ആചാരലംഘനമാണ്. ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉയര്‍ത്തേണ്ടത് പ്രധാനമായും രാജകുടുംബമാണ്. എന്നാല്‍ രാജകുടുംബത്തില്‍ നിന്നുള്ള ആദിത്യ വര്‍മ്മ ഭരണസമിതിയില്‍ അംഗമായതിനാല്‍ വിഷയത്തില്‍ ഇടപെടുന്നില്ല. ഫലത്തില്‍ ആചാരം സംരക്ഷിക്കേണ്ടവര്‍ തന്നെ അത് ലംഘിക്കുന്ന അവസ്ഥയാണെന്നും ബിന്‍കുമാര്‍ ആരോപിച്ചു.

ഓണവില്ല് കുടുംബത്തെ അപമാനിക്കുകയാണ് ക്ഷേത്ര ഭരണസമിതി. കുറച്ചു നാളായി ഇത് തുടരുകയാണ്. വീട്ടില്‍ ഓണവില്ല് നിര്‍മ്മിച്ച് വില്‍ക്കുന്നുവെന്നാണ് ആരോപിക്കുന്നത്. കുലതൊഴില്‍ ചെയ്താണ് ജീവിക്കുന്നത്. ഇതല്ലാതെ മറ്റ് തൊഴില്‍ ചെയ്യാനില്ല. ദൈവം രക്ഷിക്കും എന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്. ഈ ആചാരലംഘനത്തിനെതിരെ നിയമപോരാട്ടം തുടരുമെന്നും ബിന്‍കുമാര്‍ പറഞ്ഞു.

കലാഭംഗിയും ഐതിഹ്യ പശ്ചാത്തലവും നിറഞ്ഞതാണ് ഓണവില്ല് നിര്‍മ്മാണവും അതിന്റെ സമര്‍പ്പണവും. വിശ്വകര്‍മ്മ ദേവനാല്‍ സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന അതിവിശിഷ്ടമായ ചിത്രരചനയാണ്. വില്ല് ആകൃതിയുള്ള പലകയില്‍ മഹാവിഷ്ണുവിന്റെ വീരശയനം, അവതാരകഥകള്‍ എന്നിവയാണ് വരയ്ക്കുന്നത്. വിനായകന്‍, ശ്രീകൃഷ്ണലീല, ദശാവതാരം, അനന്തശയനം, ശ്രീരാമപട്ടാഭിഷേകം, ശാസ്താവ് എന്നിങ്ങനെ ആറ് വില്ലുകളാണ് തയാറാക്കുന്നത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തച്ചന്‍മാരുടെ കുടുംബമായതിനാലാണ് കരമന മേലാറന്നൂര്‍ വിളയില്‍ വീട്ടില്‍ കുടുംബത്തിന് ഓണവില്ലിന്റെ നിര്‍മ്മാണത്തിനുള്ള അവകാശം ലഭിച്ചത്. കൊല്ലവര്‍ഷം 677 ല്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണ സമയം മുതല്‍ ഓണവില്ല് സമര്‍പ്പണവും നടക്കുന്നതായാണ് മതിലകം രേഖയില്‍ പറയുന്നത്. തിരുവോണനാളില്‍ പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ ഓണവില്ല് സമര്‍പ്പണം നടക്കുന്നത്. മൂന്ന് ദിവസം വില്ല് ചാര്‍ത്തിയാകും പൂജ. പൂജ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഓണവില്ല് തിരുവിതാംകൂര്‍ രാജകുടുംബത്തിന് കൈമാറും. ഒരു വര്‍ഷക്കാലം രാജകുടുംബത്തിലെ പൂജാമുറിയില്‍ ഈ വില്ലുകള്‍ സൂക്ഷിക്കും. ഇതാണ് ആചാരം. പൂജ നടത്തിയ ഓണവില്ല് വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യം വര്‍ദ്ധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തില്‍ പണമടച്ചാല്‍ വില്ല് ലഭിക്കും. ഇതിന് ആവശ്യക്കാര്‍ കൂടിയതോടെയാണ് ആചാരംലംഘിച്ച് വാണിജ്യ സാധ്യത പ്രയോജനപ്പെടുത്താന്‍ ക്ഷേത്രം ഭരണസമിതി തീരുമാനിച്ച് ഇറങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here