കൊറിയർ വഴി ലഹരിക്കടത്ത് നടത്തിയ നൈജീരിയൻ സംഘം പിടിയിൽ; ഇത് ‘ഓപ്പറേഷൻ ഈഗിൾ ഫോഴ്‌സിന്റെ’ വിജയം

രാജ്യത്തുടനീളം മയക്കുമരുന്ന് വിതരണം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുടെ വലിയ ശൃംഖല നടത്തിവന്ന പ്രധാന നൈജീരിയൻ മയക്കുമരുന്ന് സംഘത്തെ പൊലീസ് തകർത്തു. വിവിധ ഏജൻസികൾ ചേർന്ന് അതീവ രഹസ്യമായി ആസൂത്രണം ചെയ്ത ‘ഓപ്പറേഷൻ ഈഗിൾ ഫോഴ്‌സ്’ ആണ് ഈ വിജയത്തിന് പിന്നിൽ.
തെലങ്കാനയിലെ ‘ഈഗിൾ ഫോഴ്‌സ്’, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച്, നോയിഡ പൊലീസ് എന്നിവർ ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഡൽഹി, നോയിഡ, ഗ്വാളിയോർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം റെയ്ഡ് നടന്നു. നിയമം ലംഘിച്ച് രാജ്യത്ത് താമസിച്ചിരുന്ന 50ൽ അധികം നൈജീരിയൻ പൗരന്മാരാണ് അറസ്റ്റിലായത്. 3.5 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകലാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
നൈജീരിയയിൽ നിന്നുള്ള ‘നിക്’ എന്ന് പേരുള്ള യുവാവാണ് ഫോൺ വഴി രാജ്യത്തെ മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിച്ചത്. രാജ്യത്തുടനീളമുള്ള 2000ത്തിലധികം ആളുകൾക്കാണ് ഇവർ മയക്കുമരുന്ന് വിതരണം ചെയ്തത്. കച്ചവടത്തിലെ പണം കൈകാര്യം ചെയ്യാൻ 59 വ്യാജ ബാങ്ക് അക്കൗണ്ടുകലും ഇവർ ഉപയോഗിച്ചിരുന്നു. 27 അക്കൗണ്ടുകളിലൂടെ മാത്രം 7.88 കോടി രൂപ കൈമാറിയതായും കണ്ടെത്തി.
കൊറിയർ സർവീസുകൾ വഴിയാണ് ഇവർ മയക്കുമരുന്ന് അയച്ചത്. ഷൂ, വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ചാണ് ഇവ അയച്ചിരുന്നത്. കോഴിക്കോട്ടേക്ക് വന്ന പാഴ്സലിൽ ഷർട്ടിനുള്ളിൽ എംഡിഎംഎ കണ്ടെത്തിയതായും വിവരമുണ്ട്. മുഖ്യപ്രതികളിൽ ഒരാളായ ബദറുദ്ദീൻ വസ്ത്രവ്യാപാരത്തിന്റെ പേരിൽ 15 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഇയാളെ ഗ്രേറ്റർ നോയിഡയിൽ നിന്ന് പിടികൂടി. നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന വിദേശികളാണ് ഇതിന് പിന്നിൽ. പലർക്കും ഇതിനു മുമ്പും കേസുകൾ ഉണ്ടെന്നും പൊലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here