ഓപ്പറേഷന്‍ കുബേര പൊളിഞ്ഞു; ബ്ലേഡ് മാഫിയയുടെ അഴിഞ്ഞാട്ടത്തില്‍ രണ്ട് ജീവനുകള്‍ കൂടി ഒടുങ്ങി; കൊള്ളപ്പലിശക്കാര്‍ക്ക് മൂക്കു കയറിടുമോ പോലീസ്

ബ്ലേഡ് മാഫിയയെ നിയന്ത്രിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓപ്പറേഷന്‍ കുബേര ഫ്രീസറിൽ ആയതോടെ സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് കൊള്ളപ്പലിശക്കാരുടെ അഴിഞ്ഞാട്ടമാണ്. പലിശക്കാരുടെ ഭീഷണി മൂലം ഇന്ന് ഈരാറ്റുപേട്ടയില്‍ യുവ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം പുറത്തു വന്നിട്ടും പോലീസ് അനങ്ങാപ്പാറ നയത്തിലാണ്.

കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കാന്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ കുബേര’ 2014 മെയ് മാസം മുതലാണ് ആരംഭിച്ചത്. എന്നാല്‍ ഈ ഓപ്പറേഷന്‍ ദുര്‍ബലമായതോടെ സംസ്ഥാനത്ത് ബ്ലേഡ് മാഫിയയുടെ വിളയാട്ടത്തിന്റെ അവസാനത്തെ ഇരകളാണ് കരാറുകാരനായ വിഷ്ണുവും ഭാര്യ രശ്മിയും. കരാര്‍ ജോലികളില്‍ നിന്ന് പണം കിട്ടാതായതോടെ ബ്ലേഡ് പലിശക്കാരില്‍ നിന്ന് കടമെടുത്തത്.

പലിശ മുടങ്ങിയതോടെ ഭീഷണിയുമായി ബ്ലേഡ് മാഫിയയും സജീവമായി. കഴിഞ്ഞ ദിവസം വീട്ടിലെത്തി സംഘം വിഷ്ണുവിനെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന രശ്മിയെ അവിടെയെത്തിയും പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് അപമാനിച്ചു. ഇതോടെയാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനം എടുത്തതെന്നാണ് വിവരം.

ഓപ്പറേഷന്‍ കുബേരയുടെ പേരും രീതികളും പരിഷ്‌ക്കരിക്കുമെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് നാല് വര്‍ഷമായെങ്കിലും നടപടികള്‍ ഉണ്ടായില്ല. യോഗത്തിനു ശേഷം നടപടികൾ ഒരിഞ്ചും നീങ്ങിയില്ല. ഇന്റലിജന്‍സ് വിഭാഗത്തിന്റെ പക്കല്‍ കൊള്ളപ്പലിശക്കാരുടെ വിവരങ്ങള്‍ ഉണ്ടെങ്കിലും പോലീസ് ഫലപ്രദമായി ഇടപെടാത്തതിന്റെ ഒടുവിലത്തെ ഇരകളാണ് വിഷ്ണുവും രശ്മിയും.

2014ല്‍ തിരുവനന്തപുരം മണ്ണന്തലയില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തതോടെയാണ് ആഭ്യന്തര വകുപ്പ് ഓപ്പറേഷന്‍ കുബേരക്ക് രൂപം കൊടുത്തത്. ഇതിനായി പൊലീസില്‍ പ്രത്യേക വിഭാഗവും രൂപീകരിച്ചു. ഓരോ ജില്ലയിലും ബ്‌ളേഡ് സംഘത്തെ തിരിച്ചറിഞ്ഞ് പ്രത്യേക സ്‌ക്വാഡ് സംവിധാനം വഴി നിരീക്ഷിക്കുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ പലരില്‍ നിന്നും ശേഖരിച്ച രേഖകള്‍, ആധാരങ്ങള്‍, ചെക്ക് ലീഫുകള്‍, മുദ്രപ്പത്രങ്ങള്‍, പ്രമാണങ്ങള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഓപ്പറേഷന്‍ കുബേര തുടക്കത്തില്‍ ശ്രദ്ധ നേടിയെങ്കിലും പിന്നീട് പൊലീസുകാരുടെ വഴിവിട്ട നടപടികള്‍ ആരോപണങ്ങള്‍ക്ക് വഴിവച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top