‘പാകിസ്താനിൽ ബോംബുകൾ പൊട്ടിയപ്പോൾ ഉറക്കം നഷ്ടപ്പെട്ടത് കോൺഗ്രസിന്’; പ്രധാനമന്ത്രി

ഇന്ത്യ നടത്തിയ സൈനിക നടപടിയായ “ഓപ്പറേഷൻ സിന്ദൂരിൻ്റെ” പ്രഹരത്തിൽ നിന്ന് പാകിസ്താനും കോൺഗ്രസ് പാർട്ടിക്കും ഇനിയും കരകയറാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ അറാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീകരവാദ ക്യാമ്പുകൾക്കെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയാണ് ‘ഓപ്പറേഷൻ സിന്ദൂർ’. ഈ ഓപ്പറേഷന്റെ വിജയം രാജ്യത്തിന് അഭിമാനകരമായിരുന്നു. പക്ഷെ പാകിസ്താനിൽ ബോംബുകൾ പൊട്ടിയപ്പോൾ, കോൺഗ്രസ് ‘രാജകുടുംബത്തിൻ്റെ’ ഉറക്കം നഷ്ടപ്പെട്ടു. പാകിസ്താനിലെ ഉന്നതർക്കും കോൺഗ്രസിനും ‘ഓപ്പറേഷൻ സിന്ദൂരിൻ്റെ’ ഞെട്ടലിൽ നിന്ന് ഇനിയും പുറത്തുവരാൻ കഴിഞ്ഞിട്ടില്ല.
കോൺഗ്രസിൻ്റെ ചില നേതാക്കൾ ഓപ്പറേഷൻ സിന്ദൂരിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ചതിനെയും പ്രധാനമന്ത്രി വിമർശിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യ ശക്തമായ നടപടി എടുക്കുമ്പോൾ അതിനെ പിന്തുണയ്ക്കുന്നതിന് പകരം, കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ആർജെഡിയുടെ ഗുണ്ടാ ഭരണത്തിൽ നിന്ന് നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ബിഹാറിനെ രക്ഷിച്ചു.
ഇന്ത്യ മുന്നണിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയും പ്രകടനപത്രികയെ ചൊല്ലിയും കലഹങ്ങൾ നടക്കുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പേ ഇത്രയധികം അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ, ഭരണം ലഭിച്ചാൽ അവർ പരസ്പരം തല്ലികൊല്ലുമെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here