‘Operations are still ongoing…’ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല എന്ന് വ്യോമസേന; പാക്കിസ്ഥാന് മുന്നറിയിപ്പ്

പാകിസ്ഥാന് തിരിച്ചടി നൽകാൻ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വ്യോമസേന. സൈനികനീക്കം കരുതലോടെ തുടരുന്നുവെന്നും യഥാസമയം വാർത്താസമ്മേളനം നടത്തി വിവരങ്ങൾ രാജ്യത്തെ അറിയിക്കുമെന്നും വ്യോമസേന എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
“ഓപ്പറേഷന്‍ സിന്ദൂരില്‍ വ്യോമസേനക്ക് കിട്ടിയ നിര്‍ദേശങ്ങൾ പ്രകാരം കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും ദൗത്യം നിര്‍വഹിച്ചു. ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി, തികഞ്ഞ ആസൂത്രണത്തോടെയും രഹസ്യ സ്വഭാവത്തോടെയുമാണ് അവ പൂര്‍ത്തിയാക്കിയത്”… ട്വീറ്റില്‍ പറയുന്നു. “ഓപ്പറേഷനുകൾ തുടരുകയാണ്, വിശദ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതായിരിക്കും.” സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും വ്യോമസേന അഭ്യർത്ഥിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇന്നലെ വൈകിട്ട് നിലവിൽ വന്ന വെടിനിര്‍ത്തലിനെക്കുറിച്ച് ഒരുവാക്കും പരാമർശിക്കാതെയാണ് ഈ വിശദീകരണം വ്യോമസേന പുറത്തുവിട്ടിരിക്കുന്നത്. അതായത്, ഒന്നും അവസാനിച്ചിട്ടില്ലെന്നും പ്രകോപനം ഉണ്ടാക്കിയാൽ എല്ലാം ഏതുനിമിഷവും തുടരാനുള്ള ഒരുക്കത്തിൽ തന്നെയാണെന്നും ആണ് ഇതുവരെയുള്ള സൈനികനീക്കത്തിന് മുന്നിൽ നിന്ന വ്യോമസേന വിശദീകരിക്കുന്നത്. ഫലത്തിൽ പാക്കിസ്ഥാനുള്ള വ്യക്തമായ മുന്നറിയിപ്പ് തന്നെയാണിത്.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍, മൂന്ന് സേനകളുടെയും മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തിനെത്തി. വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ശനിയാഴ്ച രാത്രി പാക്കിസ്ഥാൻ്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങൾ യോഗം വിലയിരുത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here