പാക്കിസ്ഥാന് നൽകിയത് മുന്നറിയിപ്പ് മാത്രം; ഇതുവരെ തകർത്തത് ഭീകരകേന്ദ്രങ്ങൾ; ദൃശ്യങ്ങൾ സഹിതം വിശദീകരിച്ച് സേന

ഓപ്പറേഷൻ സിന്ദൂർ ഇതുവരെ ലക്ഷ്യമിട്ടത് തീവ്രവാദികളെ മാത്രമെന്ന് പ്രതിരോധസേന. ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു, നൂറിലധികം ഭീകരരെ വധിച്ചു. പുൽവാമ ആക്രമണത്തിലും കാണ്ഡഹാർ വിമാനറാഞ്ചലിലും പങ്കെടുത്ത കൊടുംഭീകരരെ ഇല്ലാതാക്കാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് പ്രതിരോധ സേന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും അതിന് നൽകിയ തിരിച്ചടികളെക്കുറിച്ചും ഉള്ള ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് കൊണ്ടായിരുന്നു വാർത്താസമ്മേളനം തുടങ്ങിയത്.
ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡ്മിറൽ എ.എൻ.പ്രമോദ് തുടങ്ങിയവരാണ് വിശദീകരിച്ചത്. നിരപരാധികളായ വിനോദസഞ്ചാരികളെ ആക്രമിച്ചപ്പോഴാണ് തിരിച്ചടി നൽകിയേ തീരൂവെന്ന തീരുമാനത്തിലേക്ക് ഇന്ത്യ എത്തിയത്. ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ഉന്നമിട്ടത്. പാക് അധീന കശ്മീരിലെയും പാകിസ്ഥാൻ പഞ്ചാബിലെയും ഭീകരകേന്ദ്രങ്ങളാണ് ഇവയെല്ലാം.
ഭാഗല്പൂരിലെയും മുരിദ്കെയിലെയും കൊടും ഭീകരരുടെ താവളങ്ങളടക്കം തകർക്കാനായി. അജ്മൽ കസബിനെയും ഡേവിഡ് ഹെഡ്‍ലിയെയും പരിശീലിപ്പിച്ച മുരിദ്‍കെയിലെ ലഷ്കർ ക്യാമ്പായിരുന്നു ഇവയിൽ പ്രധാനം. 100 ഭീകരരെ വധിക്കാൻ കഴിഞ്ഞു. അതിൽ ഇന്ത്യയുടെ കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉള്ള ഭീകരരും ഉണ്ട്. യൂസുഫ് അസർ, അബ്ദുൾ മാലിക് റൗഫ്, മുദസ്സിർ അഹമ്മദ് എന്നിവർ ഇന്ത്യ വധിച്ചവരുടെ പട്ടികയിൽ പ്രധാനപ്പെട്ടവരാണ്. കാണ്ഡഹാറിലും പുൽവാമ സ്ഫോടനത്തിലും ഉൾപ്പെട്ടവരാണ് ഇവർ.
തീവ്രവാദികളെ മാത്രം ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നു ഇതുവരെ നടത്തിയത്. അതിർത്തിക്കപ്പുറത്തെ ഇത്തരം കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി പരിശോധിച്ചാണ് നീക്കങ്ങളെല്ലാം നടത്തിയത്. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് അതിൽ ചിലയിടത്ത് നിന്നെല്ലാം ആളുകൾ നേരത്തെ ഒഴിഞ്ഞുപോയിരുന്നു. ആക്രമണ ശേഷമുള്ള ഈ സ്ഥലങ്ങളുടെ ദൃശ്യങ്ങളും ഇന്ന് പുറത്തുവിട്ടു. ക്യാമ്പുകളുടെ ദൃശ്യങ്ങൾ സഹിതമാണ് വിവരിച്ചത്. ജനവാസ കേന്ദ്രങ്ങളിൽ ഒരു നാശവും ഉണ്ടായില്ലെന്നും ദൃശ്യങ്ങൾ സഹിതം തെളിവ് നല്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here