അജ്മല്‍ കസബിന് പരിശീലനം നല്‍കിയ ഇടവും തകര്‍ത്ത് തരിപ്പണമാക്കി; കണക്ക് തീര്‍ത്തത് പഹല്‍ഗാമിന് മാത്രമല്ല; ‘പക’ അത് വീട്ടാനുള്ളതാണ്

ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ കണക്ക് തീര്‍ത്തത് പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മാത്രമല്ല. ഇന്ത്യന്‍ മണ്ണില്‍ പാകിസ്ഥാന്‍ പലഘട്ടങ്ങളിലായി നടത്തിയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു. മുംബൈ ഭീകരാക്രമണം മുതല്‍ ഇങ്ങോട്ട് നടത്തിയ ആക്രമണങ്ങള്‍ക്കുള്ള പക അത് ഇന്ത്യ തീര്‍ത്തു. കനത്ത തിരിച്ചടിയാണ് ഇതിലൂടെ പാകിസ്ഥാനും ഭീകരര്‍ക്കും ഉണ്ടായിരിക്കുന്നത്.
പാകിസ്ഥാന്‍ മണ്ണില്‍ 100 കിലോമീറ്റര്‍ വരെ അകത്ത് കയറിയാണ് ഇന്ത്യ ഭീകര കേന്ദ്രങ്ങളെ തകര്‍ത്തത്. അതില്‍ മുംബൈ ആക്രണത്തിനായി ഡേവിഡ് ഹെഡ്‌ലി, തഹാവുര്‍ റാണ എന്നിവര്‍ ഗൂഡാലോചന നടത്തുകയും അജ്ല്‍ കസബിന് പരിശീലനം നല്‍കുകയും ചെയ്ത സ്ഥലവുമുണ്ട്.
സവായ്‌നാല ക്യാംപ്, മുസാഫറാബാദ്
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ലഷ്‌കറെ തയ്ബയുടെ പരിശീലനകേന്ദ്രം. പഹല്‍ഗാം അടക്കമുള്ള ആക്രണങ്ങള്‍ക്ക് ആസൂത്രണവും പരിശീലനവും നല്‍കിയത് ഇവിടെയായിരുന്നു. 2000 മുതല്‍ സജീവമായ കേന്ദ്രം. മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്തവര്‍ ഇവിടേയും പരിശീലനം നേടിയിരുന്നു. 250 തീവ്രവാദികളെ ഒരേ സമയം പരിശീലിപ്പിക്കാന്‍ കഴിയും. വടക്കന്‍ കശ്മീരിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ മുഴുവന്‍ നിയന്ത്രിക്കുന്നത് ഇവിടെയായിരുന്നു.
സയിദ്‌നാ ബിലാല്‍ ക്യാംപ്, മുസാഫര്‍ബാദ്
ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ പ്രധാന ക്യാംപാണിത്. ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റക്കാരുടെ ട്രാന്‍സിറ്റ് ക്യാംപായി പ്രവർത്തിക്കുന്നു. പാകിസ്ഥാന്‍ സൈന്യം നേരിട്ട് ഇവിടെ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നു. 100 പേര്‍ക്ക് വരെ ഇവിടെ താമസിച്ച് പരിശീലനത്തില്‍ ഏര്‍പ്പെടാന്‍ കഴിയും. ഇത് പൂര്‍ണ്ണമായും ഇന്ത്യ തകര്‍ത്തു.
ഗുല്‍പുര്‍ ക്യാംപ്, കോട്‌ലി
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ലഷ്‌കറെ തയ്ബയുടെ ബേയ്‌സ് ക്യാംപ്. പുഞ്ച് മേഖലയില്‍ അടക്കം തീവ്രവാദപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഇടം. ഇവിടെ നടന്ന പല ആക്രമണങ്ങളും നടത്തിയത് ഈ ക്യാംപില്‍ നിന്നും പരിശീലനം നേടിയവരാണ്.
ബര്‍ണാല ക്യാംപ്, ബിംപര്‍
അതിര്‍ത്തിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഈ ക്യാംപില്‍ തീവ്രവാദികള്‍ക്ക് ആയുധ പരിശീലനം നല്‍കുന്ന പ്രധാന കേന്ദ്രം. പുഞ്ച്, രജൗരി മേഖലയിലേക്കുള്ള നുഴഞ്ഞ് കയറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന കേന്ദ്രം. 250 പേര്‍ക്ക് ഒരേ സമയം പരിശീലനം നല്‍കാന്‍ കഴിയും. ലഷ്‌കറിന്റെ മുതിര്‍ന്ന തീവ്രവാദികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ ക്യാംപ് പ്രവര്‍ത്തിക്കുന്നത്.
അബ്ബാസ് ക്യാംപ്, കോട്‌ലി
അതിര്‍ത്തിയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ക്യാംപ്. മറ്റൊരു പ്രധാന കേന്ദ്രം പരിശീലനം തന്നെയാണ് ഇവിടേയും നടക്കുന്നത്. 15 തീവ്രവാദികളെ ഒരേ സമയം പരിശീലിപ്പിക്കാൻ കഴിയും. ആയുധ പരിശീലനം, ബോംബ് സ്ഫോടനം എന്നിവയിലാണ പ്രധാന പരിശീലനം. ഈ ക്യാംപ് പൂര്‍ണ്ണമായും ഇന്ത്യ തകര്‍ത്തു.
ഇവയെല്ലാം അതിര്‍ത്തിയോട് ചേര്‍ന്നുളള ഭീകര കേന്ദ്രങ്ങളായിരുന്നെങ്കില്‍ മറ്റ് നാല് കേന്ദ്രങ്ങള്‍ പാകിസ്ഥാന് ഉള്ളിലാണ്.
സര്‍ജല്‍ ക്യാംപ്, സിയാല്‍കോട്ട്
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും ആറ് കിലോമീറ്റര്‍ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ക്യാംപ്. കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥരെ അടക്കം കൊല ചെയ്ത് ഭീകരര്‍ക്ക് പരിശീലനം നല്‍കിയ കേന്ദ്രം. നുഴഞ്ഞു കയറാനും ആയുധപരിശീലനവും നല്‍കുന്ന ഇടം. ഏത് സമയത്തും 25ല്‍ അധികം ഭീകരര്‍ ഇന്ത്യയെ ആക്രമിക്കാന്‍ തയാറായിരിക്കുന്ന കേന്ദ്രം.
മെഹമൂന ജോയാ ക്യാംപ്, സിയാല്‍കോട്ട്
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയുള്ള ഈ കേന്ദ്രം ഹിസ്ബുള്‍ മുജാഹുദ്ദീന്റെ ഏറ്റവും വലിയ ക്യാംപാണിത്. കശ്മീരില്‍ നടക്കുന്ന എല്ലാ തീവ്രവാദ ആക്രമണങ്ങളും നിയന്ത്രിക്കുന്നത് ഇവിടെയാണ്. പത്താന്‍കോട്ട് ആക്രമണം അടക്കം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഈ ക്യാംപിൽ നിന്നാണ്. ഇത് തകര്‍ത്തതോടെ വലിയൊരു പകയാണ് ഇന്ത്യ തീര്‍ത്തത്.
മര്‍കസ് ത്വയ്ബ ക്യാംപ്, മുരിഡ്‌കെ
ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്ത ഏറ്റവും പ്രധാന ക്യാംപാണിത്. ലഷ്‌കറെ തയ്ബയുടെ ഈ ക്യാംപ് രാജ്യന്തര അതിര്‍ത്തിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യ കണ്ട പ്രധാന ഭീകരാക്രമണങ്ങളെല്ലാം ഇവിടെയാണ് ആസൂത്രണം ചെയ്തത്. മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഡാലോചന മുഴുവന്‍ നടന്നത് ഇവിടെയാണ്. ഡേവിഡ് ഹെഡ്‌ലി, തഹാവുര്‍ റാണ എന്നിവര്‍ ഇവിടെ എത്തിയാണ് ആക്രണം ആസൂത്രണം ചെയ്തത്. അജ്മല്‍ കസബ് പരിശീലനം നേടിയതും ഈ ക്യാംപിലാണ്. ഒബാമ ബിന്‍ലാദന്റെ സഹായം വരെ ലഭിച്ചിരുന്ന പ്രധാന കേന്ദ്രമാണിത്.
മര്‍ക്കസ് സുബാഹ്നള്ള ക്യാംപ്; ബഹവല്‍പുര്‍
രാജ്യാന്തര അതിര്‍ത്തിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന പരിശീലന കേന്ദ്രം. തീവ്രവാദികളുടെ റിക്രൂട്ട്‌മെന്റ് പരിശീലനം എന്നിവയുടെ പ്രധാന കേന്ദ്രം. ജെയ്‌ഷെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ കേന്ദ്രം കൂടിയാണിത്. ഇവിടെ വച്ചാണ് മസൂദ് അസ്ഹര്‍ ഇന്ത്യാവിരുദ്ധ പ്രസംഗങ്ങളെല്ലാം നടത്തിയത്. പുല്‍വാമാ ആക്രണത്തിന്റെ ഗൂഡാലോചന നടന്നതും ഇവിടെയാണ്.
ആക്രമണത്തില്‍ സാധാരണക്കാരേയോ പാകിസ്ഥാന്‍ സൈന്യത്തേയോ ഇന്ത്യ ലക്ഷ്യമിട്ടില്ല. ഭീകര കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ട് നടത്തിയ വിജയം പൂര്‍ണ വിജയമാണെന്ന് സൈന്യം അവകാശപ്പെട്ടു. ദൃശ്യങ്ങള്‍ അടക്കം പ്രദര്‍ശിപ്പിച്ചാണ് സൈന്യം 25 മിനിറ്റ് നീണ്ട ഓപ്പറേഷന്‍ വിശദീകരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here