കാണ്ഡഹാറിലേറ്റ അപമാനം; പാക് മണ്ണിലെത്തി ഇന്ത്യ തീര്‍ത്തത് വര്‍ഷങ്ങളുടെ കണക്ക്; വധിച്ച ഭീകരരുടെ വിവരങ്ങള്‍ പുറത്ത്

കാണ്ഡഹാറിലെ വിമാന റാഞ്ചലും ബന്ധികളെ മോചിപ്പിക്കാനായി കൊടും ഭീകരന്‍ മസൂദ് അസറിനെ മോചിപ്പിച്ചതും ഇന്ത്യയെ എന്നും വേട്ടയാടുന്ന ചരിത്രമാണ്. അത്രമേല്‍ രാജ്യം ഭീകരര്‍ക്ക് മുന്നില്‍ നാണംകെട്ടു പോയിരുന്നു. 1999 ഡിസംബര്‍ 24ന് എയര്‍ ഇന്ത്യയുടെ IC814 എന്ന വിമാനം റാഞ്ചിയ ഓപ്പറേഷന്റെ സൂത്രധാരനെ അടക്കം വധിച്ച് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക് ഭീകരതയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ്.

ആദ്യ ദിവസം നടന്ന ഓപ്പറേഷനില്‍ വധിച്ച പ്രധാന അഞ്ച് ഭീകരരുടെ വിവരങ്ങള്‍ പുറത്തുവന്നു. ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലുള്ളവരെയാണ് ഇന്ത്യ ഇല്ലാതാക്കിയിരിക്കുന്നത്. ഇതില്‍ കൊടു ഭീകരന്‍ മുദസ്സര്‍ ഖദിയാന്‍ ഖാസും ഉള്‍പ്പെടും. മസൂദ് അസറിന്റെ ബന്ധുവും വിമാനറാഞ്ചലിന്റെ അസൂത്രകന്‍ കൂടിയായ മുഹമ്മദ് യൂസഫ് അസറിനെ വധിക്കാന്‍ കഴിഞ്ഞത് രാജ്യത്തിന് അഭിമാനമാണ്.

മുദസ്സര്‍ ഖദിയാന്‍ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസഫ് അസര്‍, ഖാലിദ് , മുഹമ്മദ് ഹസ്സന്‍ ഖാന്‍ തുടങ്ങിയവരുടെ പേരുകളാണ് പുറത്തു വന്നത്. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം സൈന്യം നടത്തിയിട്ടില്ല.

മുദസ്സര്‍ ഖദിയാന്‍ ഖാസ്

ലഷ്‌കറെ തൊയ്ബ എന്ന ഭീകര സംഘടനയുടെ പ്രധാന നേതാവ്. മുദസ്സര്‍ ഖദിയാന്‍ ഖാസ് എന്ന അബു ഝുന്‍ഡാല്‍. അമേരിക്ക അടക്കം ആഗോള ഭീകരനായി പ്രഖ്യാപിച്ച് തിരയുന്ന കുറ്റവാളി. ലോക വ്യാപകമായി തന്നെ ലഷ്‌കര്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ പ്രധാനി. പാകിസ്താനിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍വെച്ചായിരുന്നു ഇയാളുടെ അന്ത്യകര്‍മ്മം നടന്നത്. ഹാഫിസ് അബ്ദുള്‍ റൗഫ് എന്ന കൊടും ഭീകരന്റെ നേതൃത്വത്തില്‍ നടന്ന ഈ ചടങ്ങില്‍ പാക് സൈന്യത്തിലെ ലെഫ്. ജനറല്‍, പഞ്ചാബ് പ്രവിശ്യയിലെ പോലീസ് ഐജി തുടങ്ങിയവര്‍ പങ്കെടുത്തു. സൈന്യം ഔദ്യോഗികമായി ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കുകയും ചെയ്തു.

ഹാഫിസ് മുഹമ്മദ് ജമീല്‍

ജെയ്ഷെ മുഹമ്മദിന്റെ കൊടും ഭീകരന്‍. യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നതിലും പരിശീലനം നല്‍കുന്നതിലും വിദഗ്ദ്ധന്‍. ജെയ്‌ഷെയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുന്നതും ഇയാളാണ്. ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരി ഭര്‍ത്താവ് കൂടിയാണ് ഹാഫിസ്.

മുഹമ്മദ് യൂസഫ് അസര്‍

ജെയ്ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളിലൊരാളാണ് മുഹമ്മദ് യൂസഫ് അസര്‍. ഉസ്താദ് ജി എന്നാണ് ഇയാളെ അണികള്‍ വിശേഷിപ്പിക്കുന്നത്. മസൂദ് അസറിന്റെ ഭാര്യയുടെ സഹോദരനാണ്. ഇയാളുടെ നേതൃത്വത്തിലാണ് കാണ്ഡഹാര്‍ വിമാനറാഞ്ചലും തുടര്‍പ്രവര്‍ത്തനതങ്ങളും നടന്നത്. അന്വേഷണ ഏജന്‍സികള്‍ തിരയുന്ന പ്രധാന തീവ്രവാദി കൂടിയാണ് മുഹമ്മദ് യൂസഫ് അസര്‍.

ഖാലിദ്

ജമ്മുകശ്മീരിലെ ഒട്ടേറെ ഭീകരാക്രമണങ്ങളില്‍ പങ്കെടുത്ത ലഷ്‌കറെ തൊയ്ബയുടെ പ്രധാന നേതാവാണ് ഖാലിദ് എന്ന അബു അഖാശ. അഫ്ഗാനിസ്ഥാനില്‍ നിന്നും ഭീകരര്‍ക്കുള്ള ആയുധം എത്തിക്കുന്ന വിദഗ്ദധന്‍. ഇയാളുടെ സംസ്‌കാര ചടങ്ങിലും പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു.

മുഹമ്മദ് ഹസ്സന്‍ ഖാന്‍

ജെയ്ഷെ മുഹമ്മദിൻ്റെ പ്രധാന പ്രവര്‍ത്തകന്‍. ജെയ്ഷെ കമാന്‍ഡര്‍ അസ്ഗര്‍ ഖാന്‍ കശ്മീരിയുടെ മകന്‍ കൂടിയാണ് മുഹമ്മദ് ഹസ്സന്‍ ഖാന്‍. പാക് അധീന കശ്മീരിലെ എല്ലാ ഭീകരപ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നതും നിയന്ത്രിക്കുന്നതും ഹസ്സന്‍ ഖാനാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top