സ്ത്രീകളുടെ കണ്ണീരിനുള്ള ഇന്ത്യയുടെ മറുപടി; പിന്നാലെ വന്ന് കണക്ക് തീര്‍ക്കും എന്ന് വ്യക്തമാക്കി പെണ്‍പുലികള്‍

പഹല്‍ഗാമിലെ ഇന്ത്യന്‍ മണ്ണില്‍ വീണ സ്ത്രീകളുടെ കണ്ണുനീരിന് കണക്ക് ചോദിച്ച് ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട് നടത്തിയ മിന്നല്‍ ആക്രമണം പാകിസ്ഥാന്‍ മണ്ണിലെ പ്രധാന ഒന്‍പത് ഭീകര കേന്ദ്രങ്ങളെയാണ് തകര്‍ത്ത് എറിഞ്ഞത്. രാജ്യത്തിന് അഭിമാനമായ ഈ ഓപ്പറേഷന്റെ വിവരങ്ങള്‍ വിശദീകരിക്കാന്‍ ഇന്ത്യ നിയോഗിച്ചതാകട്ടെ രണ്ട് വനിതാ ഉദ്യാഗസ്ഥരേയും. കേണല്‍ സോഫിയയും വിങ് കമാന്‍ഡര്‍ വ്യോമികയും ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ വിശദീകരിച്ചപ്പോള്‍ അത് പാകിസ്ഥാനുള്ള വ്യക്തമായ മുന്നറിയിപ്പായി. പിന്നാലെവന്ന് കണക്ക് തീര്‍ക്കും എന്ന മുന്നറിയിപ്പ്.
ഇന്ത്യന്‍ സൈന്യത്തിലെ കോര്‍പ്സ് ഓഫ് സിഗ്നല്‍സിലെ ഓഫീസറാണ് ഗുജറാത്ത് വഡോദരയിൽ നിന്നുള്ള 44കാരി കേണല്‍ സോഫിയ ഖുറേഷി. ആസിയാന്‍ പ്ലസ് മള്‍ട്ടിനാഷണല്‍ ഫീല്‍ഡ് ട്രെയിനിങ് എക്സര്‍സൈസില്‍ ഇന്ത്യന്‍ ട്രൂപ്പിനെ നയിച്ചത് സോഫിയ ആയിരുന്നു. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മിലിട്ടറി ഡ്രില്‍. ഇതിലെ ഏക വനിതാ ഓഫീസര്‍. യുഎന്‍ പീസ് കീപ്പിങ് ഓപ്പറേഷനില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു. ഒരോ ക്യാംപുകളും എന്തുകൊണ്ട് ആക്രമിച്ചു എന്നും വിശദീകരിച്ചായിരുന്നു സോഫിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചത്.
വിങ് കമാന്‍ഡര്‍ ആണ് വ്യോമിക സിങ്. കുട്ടിക്കാലം മുതല്‍ക്കേ വ്യോമസേനയില്‍ പൈലറ്റാകാന്‍ കൊതിച്ച പോരാളി. എഞ്ചിനീയറിങ് പഠനത്തിന് ശേഷമാണ് സേനയില്‍ ചേരുന്നത്. 2019ല്‍ ഹെലികോപ്ടര്‍ പറത്താനുള്ള പെര്‍മനന്റ് കമ്മീഷന്‍ വ്യോമിക നേടി. 2500 ഫ്ളയിങ് മണിക്കൂറുകളാണ് വ്യോമികയുടെ പേരിലുള്ളത്. ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്ടറുകള്‍ അനായാസം പറത്തുന്ന ഇന്ത്യന്‍ പെണ്‍പുലി. വിവിധ ദുരന്ത മുഖങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here