കലോല്‍സവവേദിയിലെ ആ പൊള്ളിക്കുന്ന കാഴ്ചക്ക് പിന്നിലെന്ത്… കുഴഞ്ഞുവീണ കുട്ടിക്കെന്ത് പറ്റി? മറ്റുള്ളവര്‍ പ്രതികരിച്ചത് എങ്ങനെ?

കൊല്ലത്ത് രണ്ടാഴ്ച മുൻപ് സമാപിച്ച സ്കൂൾ കലോൽസവത്തിൽ നിന്നുള്ള ഒരു ദൃശ്യം ദിവസങ്ങൾ കഴിഞ്ഞിട്ടും മലയാളികളുടെയാകെ മനസുകളെ പൊള്ളിച്ചു കൊണ്ട് പ്രചരിക്കുകയാണ്. ഒപ്പന മൽസരത്തിനിടെ പെൺകുട്ടികളിലൊരാൾ കുഴഞ്ഞുവീണെങ്കിലും അത് തെല്ലും പരിഗണിക്കാതെ മറ്റുള്ളവർ കളി തുടരുന്നു; നിലത്തുവീണ കുട്ടി ഒന്നുരണ്ട് തവണ പിടയുന്നത് കാണാം, വേദന കൊണ്ടോ മറ്റോ ആകാമെന്ന് വീഡിയോ കാണുന്നവർക്ക് തോന്നാം. എന്നാൽ അതും ശ്രദ്ധിക്കാതെ മറ്റുള്ളവർ തുടരുകയാണ്. മാതാപിതാക്കളോ അധ്യാപകരോ ആരും ഇടപെടുന്നില്ല; ഇതെന്ത് ലോകം, എന്ത് മത്സരം, എന്ത് മനുഷ്യർ എന്നെല്ലാം ആധിപിടിച്ചവർ സോഷ്യൽ മീഡിയ കമൻ്റുകളിലൂടെ ഇതിനോട് പ്രതികരിക്കുന്നുണ്ട്. എന്നാൽ അവിടെ എന്താണ് സംഭവിച്ചത്, ആർക്കാണ് സുഖമില്ലാതായത്, എന്താണ് ആരും ഇടപെടാതിരുന്നത് തുടങ്ങി ഒരു ചോദ്യത്തിനും മറുപടിയില്ലാതെ, ആരെയും അലോസരപ്പെടുത്തുന്ന ഒന്നായി അത് പ്രചരിക്കുന്ന സാഹചര്യത്തിലാണ് മാധ്യമ സിൻഡിക്കറ്റ് അന്വേഷിച്ചത്.
കുഴഞ്ഞുവീണത് ആലപ്പുഴയിൽ നിന്നുള്ള വിദ്യാര്‍ത്ഥി
ജനുവരി അഞ്ചിന് നടന്ന ഒപ്പന മത്സരത്തില്‍ 114-ാം ചെസ്റ്റ് നമ്പറില്‍ മത്സരത്തിന് ഇറങ്ങിയതായിരുന്നു ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്എസ്എസ് സംഘം. ഇതിലെ അൻസിയയാണ് മത്സരം തുടങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ കുഴഞ്ഞു വീണത്. സംഘത്തിലെ മറ്റുളളവര്‍ ഒന്നു പകച്ചെങ്കിലും നൃത്തം തുടരുകയായിരുന്നു. ഒരു മിനിറ്റോളം അങ്ങനെ തുടര്‍ന്നു. ഈ സമയം താഴെവീണ് കിടക്കുന്ന കുട്ടിയെ മറ്റുള്ളവർ ചവിട്ടിപ്പോകുമോ എന്നുപോലും കാണുന്നവർക്ക് ആശങ്കയുണ്ടാക്കുംവിധം അങ്ങനെ തുടർന്നു.
എന്താണ് ആരും ഇടപെടാതിരുന്നത്?
മുതിർന്നവർ ആരോ ഇടപെട്ട് മത്സരം നിർത്തി; ഒപ്പന മൽസരം പൂര്‍ത്തിയാക്കിയില്ല. കര്‍ട്ടന്‍ താഴ്ത്തിയ ഉടൻ എല്ലാവരും അൻസിയയുടെ അരികിലേക്ക് എത്തി. അവിടെ തന്നെ പ്രാഥമികമായി പരിശോധിച്ചു. തുടർന്ന് ഫസ്റ്റ് എയ്ഡ് നൽകി. ഉടൻ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
എന്താണ് ആ കുട്ടിക്ക് പറ്റിയത്?
ക്ഷീണം കൊണ്ടുണ്ടായ ആരോഗ്യപ്രശ്നമല്ലാതെ വേറെ സാരമായ കുഴപ്പങ്ങളുണ്ടായില്ല എന്നാണ് പരിശോധിച്ച ഡോക്ടർ അറിയിച്ചത്. കലോത്സവത്തില്‍ പങ്കെടുക്കാന്‍ പുലര്‍ച്ചെയാണ് സംഘം ട്രെയിനില്‍ കൊല്ലത്ത് എത്തിയത്. മേക്കപ്പും മണിക്കൂറുകളുടെ കാത്തിരിപ്പുമെല്ലാം കഴിഞ്ഞ് രാത്രിയോടെയാണ് ഇവരുടെ മത്സരം തുടങ്ങിയത്.
‘ആരു ചത്താലും ട്രോഫി വേണമെന്ന വാശി’
അധ്യാപകരും രക്ഷിതാക്കളും കുട്ടികളിൽ വളർത്തിയെടുക്കുന്ന മത്സരബുദ്ധി വല്ലാതെ മോശമായ മറ്റൊരു തലത്തിലേക്ക് പോകുന്നുവെന്ന രോഷമാണ് ദൃശ്യങ്ങൾ കണ്ട പലരും പ്രകടിപ്പിക്കുന്നത്. കൂട്ടത്തിലൊരാൾ കുഴഞ്ഞു വീണ് നെഞ്ചത്ത് അടിക്കുമ്പോഴും മത്സരം തുടരാനുള്ള മനോഭാവം കുട്ടികളില്‍ ഒരു ദിവസം കൊണ്ടു ഉണ്ടായതല്ല. ആര് ചത്താലും ട്രോഫി വേണമെന്ന് വാശി പിടിക്കുന്ന നിലയിലേക്ക് കുട്ടികളെ എത്തിച്ചിരിക്കുകയാണ് എന്നെല്ലാമാണ് വിമർശനം. ഗ്രേസ് മാര്‍ക്ക് നൽകുന്ന പതിവ് നിർത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. കലോത്സവത്തിന്റെ വൈകിയുള്ള മത്സരക്രമത്തെയും പലരും വിമര്‍ശിക്കുന്നുണ്ട്.
വിമര്‍ശനങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍
ഇപ്പോള്‍ ഈ ദൃശ്യങ്ങൾ വൈറലായിരിക്കുന്നതും വിമര്‍ശനങ്ങൾ ഉയരുന്നതും അറിഞ്ഞിട്ടില്ല എന്നാണ് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചത്. അധ്യാപകരും രക്ഷിതാക്കളും വേദിക്ക് അടുത്ത് തന്നെ ഉണ്ടായിരുന്നു. മത്സരം പകുതിക്ക് അവസാനിപ്പിച്ച് അൻസിയക്ക് വൈദ്യസഹായം നൽകിയതായും സ്‌കൂള്‍ അധികൃതര്‍ മാധ്യമ സിൻഡിക്കറ്റിനോട് വിശദീകരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here