‘സ്വർണ്ണം കട്ടത് ആരപ്പാ’? നിയമസഭയിൽ പാട്ടുസമരം; സഭക്ക് പുറത്ത് ഭരണപക്ഷത്തിന്റെ അസാധാരണ നീക്കം

ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. സഭ തുടങ്ങിയപ്പോൾ തന്നെ പ്ലക്കാർഡുകളും ബാനറുകളുമായി എത്തിയ പ്രതിപക്ഷം ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിന് മേൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചതോടെ സഭ പ്രക്ഷുബ്ധമായി.

പ്രതിപക്ഷം സഭയിൽ സ്വർണ്ണം കട്ടത് ആരപ്പാ എന്ന പാരഡി പാട്ട് പാടി പ്രതിഷേധിച്ചപ്പോൾ, ഭരണപക്ഷം അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു. “സ്വർണ്ണം കട്ടത് ആരപ്പാ.. കോൺഗ്രസ് ആണ് അയ്യപ്പാ..” എന്ന് ഭരണപക്ഷ അംഗങ്ങൾ പാടിയതോടെ സഭയിൽ ബഹളം കൊഴുത്തു. ഉണ്ണികൃഷ്ണൻ പോറ്റി കോൺഗ്രസ് നേതാവ് സോണിയയുടെ വീട്ടിൽ പോയത് എന്തിനാണെന്നും സോണിയയുടെ കൈവശം സ്വർണ്ണം ഉണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. സോണിയയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read : അയ്യപ്പന്റെ പൊന്ന് കട്ടത് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ; നിർണ്ണായക നടപടിയുമായി ഹൈക്കോടതി

വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാത്ത പ്രതിപക്ഷത്തെ മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു. ചർച്ചയെ പ്രതിപക്ഷം ഭയപ്പെടുകയാണെന്നും അത് ഭീരുത്വമാണെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതിയിൽ തോറ്റപ്പോൾ സഭയിൽ വന്ന് തിണ്ണമിടുക്ക് കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലക്കാർഡുകൾ കൊണ്ട് സ്പീക്കറുടെ ഇരിപ്പിടം മറച്ചും നടുത്തളത്തിലിറങ്ങിയും പ്രതിപക്ഷം പ്രതിഷേധിച്ചു.

നിയമസഭയ്ക്കുള്ളിലെ ബഹളത്തിന് പിന്നാലെ, സഭയ്ക്ക് പുറത്തുവച്ച് മാധ്യമങ്ങളെ കണ്ട് തങ്ങളുടെ ഭാഗം വിശദീകരിക്കുന്ന ഭരണപക്ഷ അംഗങ്ങളുടെ അസാധാരണ നീക്കത്തിനും ഇന്ന് നിയമസഭാ അങ്കണം സാക്ഷിയായി. സാധാരണഗതിയിൽ സഭയ്ക്കുള്ളിലെ വിഷയങ്ങളിൽ പ്രതിപക്ഷമാണ് പുറത്തുവന്ന് മാധ്യമങ്ങളെ കാണാറുള്ളത്. എന്നാൽ ഇന്ന് ഇതിന് വിപരീതമായി ഭരണപക്ഷ എം.എൽ.എമാർ ഒന്നടങ്കം മാധ്യമങ്ങൾക്ക് മുന്നിലെത്തി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top