മാപ്പ് പറഞ്ഞ് പ്രതിപക്ഷ നേതാവ്; സഭയിൽ പ്രതിപക്ഷത്തിന്റെ പ്രകടനം പാളി

ആരോഗ്യ, ആഭ്യന്തര, ഭക്ഷ്യവിതരണ വകുപ്പിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള യുഡിഎഫ് ശ്രമം പാളി. പ്രതിപക്ഷ നേതാവിന് തന്നെ സഭയിൽ മാപ്പ് പറയേണ്ടി വന്നതോടെ കോൺഗ്രസ് നേതൃത്വത്തിന്റെ പാളിച്ചകൾ ചർച്ചയാവുകയാണ്. പറവൂരിലെ സപ്ലൈക്കോ ഓണചന്തയുടെ ഉദ്ഘാടന ചടങ്ങില്‍ താന്‍ പങ്കെടുകയോ, വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള സപ്ലൈക്കോ ഇടപെടലിനെ പ്രശംസിക്കുകയോ ചെയ്തില്ല എന്നും മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നും കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞ വാക്കുകളാണ് വി ഡി സതീശനെ ചതിച്ചത്. സംഭവം വിവാദമായതോടെ തന്റെ വാക്കുകൾ പിൻവലിച്ച് പ്രതിപക്ഷ നേതാവ് മാപ്പ് പറഞ്ഞു.
പ്രകോപനവും ഓര്‍മ കുറവും കാരണമാണ് അത്തരത്തിൽ പറഞ്ഞ് പോയതെന്നുമാണ് സതീശന്‍ ഇന്ന് സഭയിൽ പറഞ്ഞു. പച്ചക്കള്ളം എന്ന് പറഞ്ഞത് അണ്‍പാര്‍ലമെന്ററിയാണ്. അതു തിരിച്ചറിഞ്ഞ് സ്പീക്കര്‍ക്ക് എഴുതി നല്‍കിയിരുന്നു. വാസ്തവ വിരുദ്ധം എന്നായിരുന്നു പറയേണ്ടിയിരുന്നത്. സഭ രേഖകളില്‍ നിന്ന് പച്ചക്കള്ളം എന്ന പ്രയോഗം ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read : പോലീസ് രാജിൽ പിണറായിയുടെ മറുപടി തൃപ്തികരമല്ല!! ചരിത്രം പറഞ്ഞ് പ്രതിപക്ഷത്തെ പറ്റിക്കാം; ജനങ്ങൾ മണ്ടന്മാരല്ല
വിലക്കയറ്റം ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിനുള്ള മറുപടിയിലാണ് പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലത്തിലെ സപ്ലൈക്കോ ഔട്ട് ലെറ്റ് വിഷയമായത്. പറവൂരിലെ ഔട്ട് ലെറ്റിൽ ഓണക്കാലത്ത് അവശ്യസാധനങ്ങൾ യഥേഷ്ടം ലഭ്യമായിരുന്നുവെന്നും അക്കാര്യം ഓണച്ചന്തയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് തന്നെ സമ്മതിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞു. പക്ഷെ ഉടനടി ചാടി എണീറ്റ സതീശൻ മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നും താൻ അവിടെ പ്രസംഗിച്ചിട്ടേയില്ലന്നും നിലവിളക്ക് കൊളുത്തി മടങ്ങിയെന്നുമാണ് പറഞ്ഞത്. എന്നാൽ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ വാദങ്ങൾ പൊളിയുകയായിരുന്നു. വി ഡി സതീശൻ നിലവിളക്ക് കൊളുത്തുക മാത്രമല്ല അവിടെ വിലക്കുറവിന്റെ പറ്റി പ്രസംഗിക്കുകയും ചെയ്തു.
ഭരണപക്ഷത്തിനെതിരെ ഉന്നയിക്കാൻ ഗൗരവകരമായ ആരോപണങ്ങൾ ഉണ്ടായിരുന്നിട്ടും അവയൊന്നും കൃത്യമായി വിനിയോഗിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല എന്ന ആരോപണങ്ങൾ ഇതോടെ ശക്തമാവുകയാണ്. ആഭ്യന്തരവകുപ്പിന്റെലെ കെടുകാര്യസ്ഥകൾ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ആവുന്നുണ്ടെങ്കിലും സഭയ്ക്കുള്ളിൽ അവ വേണ്ടവിധത്തിൽ വിനിയോഗിക്കാൻ കോൺഗ്രസിനായില്ല. ആരോഗ്യവകുപ്പിനെയും കൃത്യമായ കണക്കുകൾ നിരത്തി പ്രതിരോധത്തിൽ ആക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെടുകയായിരുന്നു. ഒടുവിൽ വിലക്കയറ്റം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ആരോപണങ്ങൾ ഉയർത്തിയ പ്രതിപക്ഷം സ്വയം കുഴിച്ചു കുഴിയിൽ വീഴുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here