പിണറായിയുടെ നാവുപിഴ തിരിഞ്ഞു കൊത്തി; ‘എട്ടുമുക്കാലട്ടി’ പരാമർശം ആയുധമാക്കി പ്രതിപക്ഷം; നാലാം ദിവസവും സഭ പ്രക്ഷുബ്ധം

നിയമസഭയിൽ നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെയാണ് സഭ പ്രക്ഷുബ്ധമായത്. കൂടാതെ, കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങളെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ ‘ബോഡി ഷെയ്മിങ്’ പരാമർശം ഇന്നത്തെ പ്രതിഷേധങ്ങൾക്ക് മൂർച്ച കൂട്ടി.
ചോദ്യോത്തര വേളയുടെ അവസാനത്തോടെ, പ്രതിപക്ഷം സ്പീക്കറിന്റെ ഡയസിലേക്ക് ബാനറുകളുമായി തള്ളിക്കയറാൻ ശ്രമിച്ചു. ‘ക്ഷേത്ര കള്ളന്മാർ’ എന്ന് എഴുതിയ ബാനറുകൾ ഉയർത്തി സ്പീക്കറുടെ കാഴ്ച മറച്ചു. ഡയസിന് മുന്നിലെ പ്രതിഷേധം ശക്തമായതോടെ, ബാനറുകൾ പിടിച്ചുവാങ്ങാൻ വാച്ച് ആൻഡ് വാർഡുമാർക്ക് സ്പീക്കർ നിർദ്ദേശം നൽകി. ഇതോടെ പ്രതിപക്ഷ അംഗങ്ങളും സുരക്ഷാ ജീവനക്കാരും തമ്മിൽ രൂക്ഷമായ ഉന്തും തള്ളുമുണ്ടായി.
Also Read : വാവിട്ട വാക്കിലൂടെ പ്രതിപക്ഷത്തിന് ആയുധം നൽകി മുഖ്യമന്ത്രി; സ്വർണപ്പാളിക്ക് പുറമെ ഇനി ഇതിലും സമാധാനം പറയണം
പ്രതിപക്ഷാംഗങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് ഭരണപക്ഷ എംഎൽഎമാരും നടുത്തളത്തിലേക്ക് ഇറങ്ങി. ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടത് സംഘർഷാവസ്ഥ കൂടുതൽ വഷളാക്കി. പ്രതിഷേധം നിയന്ത്രണാതീതമായതോടെ സ്പീക്കർ എ എൻ ഷംസീർ സഭ താൽക്കാലികമായി നിർത്തിവച്ചു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ പ്രതിഷേധങ്ങളെക്കുറിച്ച് സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ, ഒരു പ്രതിപക്ഷ എംഎൽഎയുടെ ഉയരക്കുറവിനെ പരിഹസിച്ചുകൊണ്ട് “എട്ടുമുക്കാലട്ടി വെച്ചതുപോലെ ഒരാൾ” എന്ന് നടത്തിയ പരാമർശം വിവാദമായിരുന്നു. ഈ പരാമർശം പിൻവലിക്കണമെന്നും സഭാ രേഖകളിൽ നിന്ന് നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here