നമ്മളില്‍ നന്മ വറ്റിപ്പോയോ; രാജ്യത്ത് അവയവങ്ങള്‍ കിട്ടാതെ മരിച്ചവര്‍ മൂവായിരത്തിലധികം പേർ

ജീവന്‍ നിലനിര്‍ത്താന്‍ അവയവങ്ങള്‍ ദാനമായി കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന 3000 ലധികം പേര്‍ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരിച്ചവരില്‍ പകുതിയിലധികം പേര്‍ ഡല്‍ഹിയിലുള്ളവരാണ്. 2020 മുതല്‍ 2024 വരെ 2805 രോഗികള്‍ക്കാണ് അനുയോജ്യമായ അവയവങ്ങള്‍ കിട്ടാഞ്ഞതിനെ തുടര്‍ന്ന് മരണമടഞ്ഞത്. ഇവരില്‍ 1425 പേര്‍ ഡല്‍ഹിയിലും 297 മഹാരാഷ്ട്രയിലും 233 പേര്‍ തമിഴ് നാട്ടിലുമുള്ളവരായിരുന്നു. ബാക്കിയുള്ള വര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് രാജ്യസഭയില്‍ പറഞ്ഞു.

ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ അവയവമാറ്റ ശസ്ത്രക്രിയ നടന്നിരിക്കുന്നത്. ഇതില്‍ ബഹു ഭൂരിപക്ഷവും അടുത്ത ബന്ധുക്കളാണ് അവയവങ്ങള്‍ ദാനം ചെയ്തിട്ടുള്ളത്. മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്നു അവയവങ്ങള്‍ ലഭിക്കാറില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലഭ്യമായ കണക്കുകള്‍ പ്രകാരം രാജ്യത്ത് 82,285 പേരാണ് ജീവന്‍ നിലനിര്‍ത്താന്‍ അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഇവരില്‍ 60590 പേര്‍ക്ക് വൃക്കയും 18724 പേര്‍ക്ക് കരളും 1695 പേര്‍ക്ക് ഹൃദയവും 970 പേര്‍ക്ക് ശ്വാസകോശങ്ങളും 360 പേര്‍ക്ക് പാന്‍ക്രിയാസും ആവശ്യമുണ്ട്.

നിലവിലുള്ള കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ മാത്രം ഈ വര്‍ഷം ഡിസംബര്‍ വരെ 20553 പേര്‍ അവയവങ്ങള്‍ക്കായി കാത്തിരിക്കയാണ്. ഇവരില്‍ 13405 പേര്‍ക്ക് കിഡ്‌നി ആവശ്യമുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗരേഖ കേരള സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. മസ്തിഷ്‌ക മരണത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള ആശങ്കകളും സംശയങ്ങളും പരിഹരിക്കുന്നതിനായി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന ആരോഗ്യവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here