ഓര്‍ത്തഡോക്‌സ് സഭയില്‍ പൊട്ടിത്തെറി; ക്രിസ്തുവിന്റെ വാക്കുകളല്ല പള്ളി പിടിക്കലാണ് ചിലര്‍ക്ക് താല്‍പര്യമെന്ന് അടൂര്‍ മെത്രാന്‍, മാര്‍ അപ്രേമിനെ പുറത്താക്കണമെന്ന് വിശ്വാസികള്‍

‘ഉണ്ടിരുന്ന നായര്‍ക്ക് ഒരു ഉള്‍വിളി ഉണ്ടായി’ എന്ന പഴഞ്ചൊല്ലു പോലെയായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അടൂര്‍- കടമ്പനാട് ഭദ്രാസന ബിഷപ്പായ സഖറിയാസ് മാര്‍ അപ്രേമിന്റ കുമ്പസാര പ്രസംഗം. ചിലര്‍ക്ക് ക്രിസ്തുവിന്റെ വാക്കുകളേക്കാള്‍ ഭരണഘടനയും കോടതി വിധിയും പളളി പിടുത്തവുമാണ് പ്രധാനമെന്ന് മാര്‍ അപ്രേം മെത്രാപ്പോലീത്ത രണ്ട് പളളികളില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഇദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരുപറ്റം വിശ്വാസികള്‍ സഭാ ആസ്ഥാനമായ കോട്ടയം – ദേവലോകത്തേക്ക് പ്രകടനം നടത്തി.

ചെന്നിത്തല, ചുങ്കത്തറ എന്നീ ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുനാള്‍ പ്രമാണിച്ച് ബിഷപ്പ് സഖറിയാസ് മാര്‍ അപ്രേം നടത്തിയ പ്രസംഗത്തിലാണ് സഭയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരെ സംസാരിച്ചത്. സുപ്രീം കോടതി അംഗീകരിച്ച 1934ലെ ഭരണഘടന പ്രകാരം കാര്യങ്ങള്‍ നടപ്പാക്കണമെന്ന ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടിനെ പാടെ തള്ളുകയാണ് മാര്‍ അപ്രേം. ‘വിട്ടുവീഴ്ചകള്‍ ചെയ്യാനോ, പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ എന്തെലുമൊക്കെ ഒരു സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുമ്പോള്‍ ചില പ്രമാണങ്ങള്‍ക്ക് ദൈവ വചനത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നു. ദൈവ വചനത്തിന് അനുസൃതമായി, ഞാന്‍ ഓണ്‍ലൈനിലൂടെയാണ് പറയുന്നത്. അനേകം ആളുകള്‍ കേള്‍ക്കുമെന്നറിയാം. കടുത്ത വിമര്‍ശനം വരുമെന്നറിയാം. പക്ഷേ ഈ മദ്ബഹായില്‍ നില്‍ക്കുമ്പോള്‍ ദൈവത്തിന്റെ ആത്മാവ് തോന്നിപ്പിക്കുന്നത് പറയുന്നു എന്നതേയുള്ളു. സഭയിലെ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ഉള്‍പ്പടെ ഭദ്രാസനങ്ങളില്‍ നിലനില്‍ക്കുന്നതും ഇടവകളില്‍ നില്‍ക്കുന്നതുമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദൈവത്തിന്റെ ഏവന്‍ഗേലിയോന്റെ മൂല്യങ്ങള്‍ വേണ്ട. നമുക്ക് ഭരണഘടന വേണം, നമുക്ക് കോടതി വിധികള്‍ വേണം. എല്ലാം വേണം. We need of change of value system’ ഇതായിരുന്നു ഒരു പ്രസംഗം.

അടൂര്‍ ഭദ്രാസനത്തിലെ ചില യാക്കോബായ പള്ളികള്‍ പിടിച്ചെടുക്കാന്‍ തന്നോട് സഭാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു എന്ന് അദ്ദേഹം മറ്റൊരു പ്രസംഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഈ തുറന്ന് പറച്ചിലുകളാണ് മാര്‍ അപ്രേമിന് വിനയായത്. ഇന്നലെ ഒരു പറ്റം വിശ്വാസികള്‍ മാര്‍ അപ്രേമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ദേവലോകത്തെ സഭാ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധ യോഗവും നടത്തി. വിശദീകരണം ആവശ്യപ്പെട്ട് മാര്‍ അപ്രേമിന് നോട്ടീസ് നല്‍കിയതായി സഭാ നേതൃത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

സഭയിലെ ബിഷപ്പുമാരുടെ ഔദ്യോഗിക യോഗം ( സിനഡ്) ഈ മാസം 23ന് കോട്ടയത്ത് ചേരുന്നുണ്ട്. മാര്‍ അപ്രേമിനെ പുറത്താക്കണമെന്ന് ശഠിക്കുന്ന മെത്രാന്മാരും ഇക്കൂട്ടത്തിലുണ്ട്. ദൈവ വചനം പ്രമാണിക്കണമെന്ന് നിലപാട് സ്വീകരിച്ച ഒരു ബിഷപ്പിനെ പുറത്താക്കുകയോ നടപടി എടുക്കുകയോ ചെയ്താലുണ്ടാകുന്ന ‘റിയാക്ഷന്‍’ എന്താകുമെന്ന കാര്യത്തില്‍ സഭാ നേതൃത്വത്തിന് ആശങ്കയുണ്ട്. യാക്കോബായ സഭക്കാരുടെ പള്ളി പിടിച്ചെടുക്കുന്ന പ്രവണതക്കെതിരെ ഓര്‍ത്തഡോക്‌സ് സഭയ്ക്കുള്ളില്‍ നിന്ന് തന്നെ വിമതസ്വരം ഉയരുന്നത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.

സ്വഭാവ ദൂഷ്യങ്ങളുടെ പേരിലും സാമ്പത്തിക ക്രമക്കേടുകളുടെ പേരിലും അന്വേഷണം നേരിടുന്ന മെത്രാന്‍മാര്‍ക്കെതിരെ നടപടി എടുക്കാത്ത സഭ നേതൃത്വം മാര്‍ അപ്രേമിനെതിരെ നടപടി സ്വീകരിച്ചാല്‍ വലിയ പൊട്ടിത്തെറി ഉണ്ടാവുമെന്നുറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top