മാര്‍ അപ്രേമിന് കുരിശുമരണം; ബറാബാസുമാരെ വെറുതെവിട്ടു; ഓര്‍ത്തഡോക്‌സ് സഭാ അടൂര്‍ മെത്രാന് സസ്‌പെന്‍ഷന്‍

ദൈവനീതി നടപ്പാക്കണമെന്ന് പറഞ്ഞ മെത്രാന്‍ പുറത്തും മറ്റനേകം ആരോപണങ്ങളില്‍ പെട്ടവര്‍ അടക്കം മെത്രാന്മാര്‍ സിംഹാസനത്തില്‍ വാണരുളുകയും ചെയ്യുന്ന നാടകമാണ് ഓര്‍ത്തഡോക്‌സ് സഭയില്‍ അരങ്ങേറുന്നത്. സഭാനേതാക്കള്‍ പള്ളിപിടുത്തം നിര്‍ത്തണമെന്നും സഹോദര സഭയോട് സഹാനുഭൂതി കാണിക്കണമെന്നും പറഞ്ഞ ഓര്‍ത്തഡോക്‌സ് സഭാ അടൂര്‍ കടമ്പനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാര്‍ അപ്രേമിനെ തിരെയാണ് ഇന്ന് ചേര്‍ന്ന സൂനഹദോസ് നടപടി എടുത്തത്. ഭദ്രാസന ഭരണത്തില്‍ നിന്നും സഭയുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങളില്‍ നിന്നും സഭയുടെ വൈദിക സെമിനാരിയിലെ ചുമതകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ആണ് തീരുമാനം. ഫലത്തില്‍ ഇത് സസ്‌പെന്‍ഷന് തുല്യമാണ്; ആ വാക്ക് ഉപയോഗിച്ചിട്ടില്ല എന്നുമാത്രം.

ALSO READ : ഓര്‍ത്തഡോക്‌സ് സഭയില്‍ പൊട്ടിത്തെറി; ക്രിസ്തുവിന്റെ വാക്കുകളല്ല പള്ളി പിടിക്കലാണ് ചിലര്‍ക്ക് താല്‍പര്യമെന്ന് അടൂര്‍ മെത്രാന്‍, മാര്‍ അപ്രേമിനെ പുറത്താക്കണമെന്ന് വിശ്വാസികള്‍

ചിലര്‍ക്ക് ക്രിസ്തുവിന്റെ വാക്കുകളേക്കാള്‍ ഭരണഘടനയും കോടതി വിധികളും ആണ് പ്രധാനം എന്നും, യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികള്‍ പിടിക്കാന്‍ തന്നോട് ചിലര്‍ ആവശ്യപ്പെട്ടു എന്നും മറ്റും രണ്ടു പള്ളികളിലായി നടത്തിയ പ്രസംഗത്തില്‍ മാര്‍ അപ്രേം തുറന്നു പറഞ്ഞതാണ് വിവാദമായത്. സഭയുടെ ഔദ്യോഗിക നിലപാടുകള്‍ക്ക് എതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായി എന്നതാണ് നടപടിക്ക് കാരണമായത്. ‘1934ലെ ഭരണഘടന എന്ന നാമത്തില്‍ അറിയപ്പെടുന്ന മലങ്കര സഭാ ഭരണഘടനയെ താഴ്ത്തി സംസാരിക്കുവാനും സഭയ്ക്ക് അനുകൂലമായ കോടതി വിധികള്‍ അപ്രധാനമാണെന്ന് പറയുവാനും ഇടയായത് സഭാമക്കളില്‍ വലിയ എതിര്‍പ്പുകളും പ്രതിഷേധങ്ങളും സൃഷ്ടിച്ചിരുന്നു. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മാറ്റിനിര്‍ത്താന്‍ തീരുമാനം എടുത്തത്’ – വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

ചെന്നിത്തല, ചുങ്കത്തറ എന്നീ ഓര്‍ത്തഡോക്സ് പള്ളികളില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുനാള്‍ പ്രമാണിച്ച് നടത്തിയ പ്രസംഗത്തിലാണ് മാര്‍ അപ്രേം സഭയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരെ സംസാരിച്ചത്. സുപ്രീം കോടതി അംഗീകരിച്ച 1934ലെ ഭരണഘടന പ്രകാരം കാര്യങ്ങള്‍ നടപ്പാക്കണമെന്ന ഓര്‍ത്തഡോക്സ് സഭയുടെ നിലപാടിനെ പാടെ തള്ളുകയാണ് മാര്‍ അപ്രേം ചെയ്തത്.

ALSO READ : സിനഡ് ചേരുംമുമ്പേ മെത്രാൻമാർ തമ്മിലടി!! മാർ അപ്രേമിനെതിരെ കലാപക്കൊടിയുമായി കുന്നംകുളം മെത്രാൻ; ഓർത്തഡോക്സിലാകെ മൊത്തം ജഗപൊക

”വിട്ടുവീഴ്ചകള്‍ ചെയ്യാനോ, പ്രശ്നങ്ങള്‍ പരിഹരിക്കാനോ എന്തെങ്കിലുമൊക്കെ ഒരു സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുമ്പോള്‍ ചില പ്രമാണങ്ങള്‍ക്ക് ദൈവവചനത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നു… അനേകം ആളുകള്‍ ഇത് കേള്‍ക്കുമെന്നറിയാം; കടുത്ത വിമര്‍ശനം വരുമെന്നും അറിയാം. പക്ഷേ ഈ മദ്ബഹായില്‍ നില്‍ക്കുമ്പോള്‍ ദൈവത്തിന്റെ ആത്മാവ് തോന്നിപ്പിക്കുന്നത് പറയുന്നു എന്നതേയുള്ളു… സഭയിലെ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ഉള്‍പ്പടെ ഭദ്രാസനങ്ങളില്‍ നിലനില്‍ക്കുന്നതും ഇടവകളില്‍ നില്‍ക്കുന്നതുമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദൈവത്തിന്റെ ഏവന്‍ഗേലിയോന്റെ മൂല്യങ്ങള്‍ വേണ്ട; നമുക്ക് ഭരണഘടന വേണം, നമുക്ക് കോടതി വിധികള്‍ വേണം.” ഇതായിരുന്നു സഖറിയാസ് മാര്‍ അപ്രേമിന്റെ ഒരു വിവാദ പ്രസംഗം.

മുന്‍ കാതോലിക്കാ ബാവയുടെ അസിസ്റ്റന്റ് ആയിരുന്നു മാര്‍ അപ്രേം. സഭയുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലക്കാരനും സെമിനാരികളില്‍ സഭാ ഭരണഘടന പഠിപ്പിക്കുന്നയാളുമാണ്. ഇങ്ങനെ പലവിധത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സീനിയറായ മെത്രാന്‍ അടിക്കടി സഭാവിരുദ്ധ പ്രസംഗം നടത്തുന്നതില്‍ മറ്റെന്തോ അജണ്ടയുണ്ടെന്ന് സഭയിലെ മറ്റ് മെത്രാന്മാര്‍ സംശയിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഒരു സംഘം വിശ്വാസികള്‍ മാര്‍ അപ്രേമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സഭാ ആസ്ഥാനമായ ദേവലോകത്തേക്ക് പ്രകടനം നടത്തിയിരുന്നു.

സ്ത്രീപീഡന പരാതികള്‍ ഉള്‍പ്പെടെ ആരോപണങ്ങള്‍ നേരിട്ട ബിഷപ്പുമാര്‍ സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട്. ദൈവത്തിന്റെ വചനങ്ങളേക്കാള്‍ സഭയില്‍ കോടതി വിധിക്കും ഭരണഘടനയ്ക്കും അമിത പ്രാധാന്യം നല്കുന്നുവെന്ന് പറഞ്ഞ ബിഷപ്പിനെ കുരിശിലേറ്റിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top