SFIക്കെതിരെ ഓർത്തഡോക്സ് സഭ; ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നതെന്ന് സഭാധ്യക്ഷൻ

സർക്കാരിന്റെ പല നയങ്ങൾക്കെതിരേയും നിലപാടെടുത്തിരുന്ന ഓർത്തഡോക്‌സ് സഭ അവസാനമായി എസ്എഫ്ഐ നടത്തിയ യൂണിവേഴ്സിറ്റി സമരത്തെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തി. കോട്ടയത്ത് പഴയ സെമിനാരിയിൽ വച്ച് എംഡി സ്‌കൂളിൻ്റെ സ്ഥാപകസ്‌മൃതി സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ.
സമരത്തിന്റെ പേരിൽ യൂണിവേഴ്സിറ്റിയിൽ നടന്നത് കോപ്രായങ്ങളാണെന്നും ആൺ പെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ കാണിച്ചത് കണ്ട് ദുഖമുണ്ടായെന്നും ബാവ വിമർശിച്ചു, അത് കണ്ടപ്പോൾ ഓർമ്മ വന്നത് സ്വാമി വിവേകാനന്ദൻ പറഞ്ഞതാണ്. ഒരു ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടി മക്കൾ ഉയർന്ന നിലയിൽ എത്തുമെന്ന് പ്രതീക്ഷിച്ച മാതാപിതാക്കൾക്ക് സങ്കടം ഉണ്ടാകുമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു. പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ ഓർത്തഡോക്സ് സഭക്കുള്ളിൽ നിന്നും കുറച്ച് നാളായി എതിർപ്പുകൾ ഉയരുന്നുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് വന്യജീവി ആക്രമണത്തിൽ സർക്കാർ കൃത്യമായ നടപടികൾ കൈക്കൊള്ളുന്നില്ല എന്ന ആരോപണവുമായി ഓർത്തഡോക്സ് സഭ സുല്‍ത്താൻ ബത്തേരി ഭദ്രാസനം രംഗത്ത് വന്നിരുന്നു. സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച് കൊണ്ട് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തന്നെ രംഗത്ത് വന്നിരുന്നു. മദ്യം വിൽപന സർക്കാരിന്‍റെ പ്രധാന വരുമാനമാകുന്നതും മദ്യമൊഴുക്കി ലാഭം കൊയ്യുന്നതും ശരിയല്ല. ലഹരി വിരുദ്ധ സന്ദേശം സ്കൂൾ പഠനപദ്ധതിയിൽ ഉൾപ്പെടുത്തിയതിൽ സർക്കാരിനെ അഭിനന്ദിക്കുന്നു. എന്നാൽ മുറുക്കാൻ കടകൾ പോലെ മദ്യശാലകൾ തുറന്നിട്ട് മദ്യപിക്കരുതെന്ന് പറയാൻ കഴിയുമോ എന്നാണ് ഓർത്തഡോക്സ് സഭ അധ്യക്ഷൻ അന്ന് ചോദിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here