കോണ്‍ഗ്രസിന്റെ സംഘടനാ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ് ഓര്‍ത്തഡോക്‌സ് സഭ; അബിനെ തഴഞ്ഞു, ചാണ്ടിയോട് അനീതി

കോണ്‍ഗ്രസ് പുനസംഘടനയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അതൃപ്തി. സഭയില്‍ നിന്നുള്ള നേതാക്കളെ അവഗണിച്ചു എന്ന വികാരത്തിലാണ് സഭയുളളത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അബിന്‍ വര്‍ക്കിയെ തഴഞ്ഞതിലും സഭയ്ക്ക് എതിര്‍പ്പുണ്ട്. പരസ്യ വിമര്‍ശനവുമായി തന്നെ സഭ രംഗത്ത് എത്തിയിട്ടുണ്ട്.
അബിന്‍ വര്‍ക്കിയെ വെട്ടി ഒതുക്കിയെന്നാണ് കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ് കോറോസിന്റെ വിമര്‍ശനം. അബിന്‍ മികച്ച നേതാവാണ്. കേരളത്തില്‍ നിറഞ്ഞ് നില്‍ക്കേണ്ട ആളാണ്. ആര്‍ക്കും മോശം അഭിപ്രായമില്ലാത്ത നേതാവായിട്ടും അവഗണിച്ചു. ഇത് ശരിയായ രീതിയല്ല. സാധാരണ സഭ രാഷ്ട്രീയ വിഷയത്തില്‍ അഭിപ്രായം പറയാറില്ല. എന്നാല്‍ സഭയുടെ പുത്രന്‍ എന്നതില്‍ ഉപരി മികച്ച രാഷ്ട്രീയ ഇടപെടല്‍ നടത്തുന്ന ആളാണ്. സമുദായ സന്തുലിതാവസ്ഥ പാലിക്കാനാണ് അബിനെ മാറ്റി നിര്‍ത്തിയത്. ഇതില്‍ സഭയ്ക്ക് ഒരു സുഖക്കുറവ് തോന്നുണ്ട്. ഒരു സമുദായ അംഗമായത് അയോഗ്യതയായി കാണാന്‍ കഴിയില്ല. അതില്‍ ഒരു തിരുത്തല്‍ വേണമെന്ന് യൂഹാനോന്‍ മാര്‍ ദീയസ് കോറോസ് പറഞ്ഞു.
ചാണ്ടി ഉമ്മനോടും അനീതി കാണിച്ചു. പിതാവിന്റെ ഓര്‍മദിവസം വേദനിപ്പിച്ചു എന്ന പ്രതികരണം വിഷമം ഉണ്ടാക്കുന്നതാണ്. പ്രശ്‌നം ഉടന്‍ പരിഹരിക്കണം. ആരേയും വേദനിപ്പിക്കരുത്. വേണ്ടത് സാമൂഹ്യ നീതിയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കാണാന്‍ എത്തുന്ന നേതാക്കളോട് പറയാനുള്ളത് ഓര്‍ത്തഡോക്‌സ് സഭ പറയുമെന്നും യൂഹാനോന്‍ മാര്‍ ദീയസ് കോറോസ് വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് യൂഹാനോന്‍ മാര്‍ ദീയസ് കോറോസിന്റെ ഈ തുറന്ന വിമര്‍ശനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here