ലാപ്ടോപ്പിൽ കണ്ടെത്തിയത് ലാദൻ സ്പീച്ചുകൾ; പുനെ ടെക്കിക്ക് പിന്നിൽ വൻ ഗൂഢാലോചനയോ?

തീവ്രവാദ ബന്ധം ആരോപിച്ച് പുനെയിൽ നിന്നും അറസ്റ്റിലായ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ പക്കൽ നിന്നും കണ്ടെടുത്തത് ഒസാമ ബിൻ ലാദൻ്റെ പ്രസംഗങ്ങളുടെ ഡൗൺലോഡ് ചെയ്ത വിഡിയോകൾ. കൂടാതെ നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട ഡിജിറ്റൽ വിവരങ്ങളും, എകെ 47 റൈഫിൾ ഉപയോഗിക്കുകയും ബോംബുകൾ നിർമ്മിക്കുകയും ചെയ്യുന്നതിന്റെ ഫോട്ടോകളും കണ്ടെത്തി.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (ATS) ആണ് തിങ്കളാഴ്ച സുബർ ഹംഗാർഗേക്കറെ അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കൈവശം നിന്ന് കണ്ടെടുത്ത വസ്തുക്കളിൽ ബിൻ ലാദന്റെ പ്രസംഗത്തിന്റെ ഉറുദു പരിഭാഷയും ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. ഇയാൾ മാസങ്ങൾക്കു മുമ്പേ തന്നെ എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു. കോണ്ട്വ പ്രദേശത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രത്യേക യുഎപിഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 4 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
മഹാരാഷ്ട്രയിലും മറ്റ് നഗരങ്ങളിലും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതായും പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 19 ലാപ്‌ടോപ്പുകളിലും 40 മൊബൈൽ ഫോണുകളും കണ്ടെത്തിയിരുന്നു. ഇതിന്റെ ഡിജിറ്റൽ ഫോറൻസിക് പരിശോധന നടത്തി. തുടർന്നാണ് ലാപ്‌ടോപ്പിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. ഭീകര സംഘടനകളുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടോ, ഡൗൺലോഡ് ചെയ്ത വിവരങ്ങൾ മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കാൻ ശ്രമിച്ചോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എടിഎസ് വിശദമായി അന്വേഷിച്ചുവരികയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here