ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായിരുന്നു; ഇന്ദിരാഗാന്ധിയെ തിരുത്തി പി ചിദംബരം

1984 ജൂണിൽ അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ നിന്ന് ഖാലിസ്ഥാൻ തീവ്രവാദികളെ തുരത്താനായി ഇന്ദിരാഗാന്ധി സർക്കാർ സൈന്യത്തെ ഉപയോഗിച്ച് നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടപടി ശരിയായ രീതിയായിരുന്നില്ലെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. “ഇവിടെയുള്ള ഒരു സൈനിക ഉദ്യോഗസ്ഥരെയും അനാദരിക്കുന്നില്ല, പക്ഷേ ഗോൾഡൻ ടെമ്പിളിനെ വീണ്ടെടുക്കാൻ അതായിരുന്നില്ല മാർഗ്ഗം. ആ തെറ്റിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവൻ നൽകേണ്ടി വന്നു ചിദംബരം പറഞ്ഞു.
സുവർണ്ണക്ഷേത്രം തിരിച്ചുപിടിക്കാൻ സൈന്യത്തെ അകറ്റിനിർത്തിക്കൊണ്ടുള്ള ‘ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ’ ആയിരുന്നു ശരിയായ വഴി എന്നും അദ്ദേഹം പറഞ്ഞു. ഏതാനും വർഷങ്ങൾക്കുശേഷം, സൈന്യത്തെ ഒഴിവാക്കിക്കൊണ്ട് സുവർണ്ണക്ഷേത്രം എങ്ങനെ വീണ്ടെടുക്കാമെന്ന് നമ്മൾ കാണിച്ചുകൊടുത്തു ചിദംബരം ഓർമിപ്പിച്ചു. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്ന തീരുമാനം ഇന്ദിരാഗാന്ധിയുടെ മാത്രം തീരുമാനം ആയിരുന്നില്ലെന്ന് ചിദംബരം കൂട്ടിച്ചേർത്തു. “അതൊരു കൂട്ടായ തീരുമാനമായിരുന്നു. സൈന്യം, പോലീസ്, രഹസ്യാന്വേഷണ ഏജൻസികൾ, സിവിൽ സർവീസ് എന്നിവയുടെയെല്ലാം കൂട്ടായ തീരുമാനമായിരുന്നു അത്. ഇതിന് ഇന്ദിരാഗാന്ധിയെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
1984 ജൂൺ 1 മുതൽ 10 വരെ ദിവസങ്ങളിലായാണ് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടന്നത്. സിഖ് തീവ്രവാദികളെയും അവരുടെ നേതാവായിരുന് ഭിന്ദ്രൻവാലെയെയും സുവർണ്ണക്ഷേത്ര സമുച്ചയത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ സൈന്യം ഓപ്പറേഷൻ നടത്തിയത്. ഓപ്പറേഷനെ തുടർന്ന് സുവർണ്ണക്ഷേത്രത്തിന് നാശനഷ്ടങ്ങളുണ്ടായത് സിഖ് സമുദായത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടന്ന് മാസങ്ങൾക്കുശേഷം, 1984 ഒക്ടോബർ 31-ന് പ്രതികാരമെന്നോണം ഇന്ദിരാഗാന്ധിയെ അവരുടെ അംഗരക്ഷകരായിരുന്ന രണ്ട് സിഖ് സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് കൊല്ലുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here