തുടര്‍ച്ചയില്ലാത്ത സമരങ്ങള്‍; വയനാട് ഫണ്ട് പിരിവിലും നാണംകെട്ടു; കുര്യന്റെ വിമര്‍ശനം, മാങ്കൂട്ടത്തിലിനും യൂത്ത് കോണ്‍ഗ്രസിനുമുളള മുന്നറിയിപ്പ്

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടിവിയില്‍ മാത്രമേ കാണുന്നൂള്ളൂ. യുവാക്കളെ കൂടെ നിര്‍ത്താന്‍ എസ്എഫ്‌ഐ മികവ് കാട്ടുന്നു എന്ന മുതിര്‍ന്ന നേതാവ് പിജെ കുര്യന്റെ വിമര്‍ശനത്തിന് മറുപടി നല്‍കാനുളള നെട്ടോട്ടത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള യുവനേതാക്കള്‍. എന്നാല്‍ സംഘടനയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ഒരു മുതിര്‍ന്ന നേതാവ് പറയുന്നതില്‍ കാര്യമുണ്ടോ എന്ന് ചിന്തിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതേയില്ല. പകരം അവിടേയും ഇവിടേയും മന്ത്രിമാര്‍ക്ക് നേരെ നടക്കുന്ന പ്രതിഷേധങ്ങളെ വലിയ സംഭവമായി കാണിക്കുകയാണ് ചെയ്യുന്നത്.
ഒരു വിഷയം ഏറ്റെടുത്ത് തുടര്‍ സമരങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്നില്ല എന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് സമീപകാല സംഭവങ്ങള്‍. സര്‍ക്കാരിന്റെ ഓരോ വീഴ്ചകളിലും ഒന്നോ രണ്ടോ ദിവസം സമരം നടത്തി ആ ചടങ്ങ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ആരോഗ്യ മേഖലയിലെ പോരായ്മകള്‍ ഇടത് അനുകൂലിയായ ഡോ: ഹാരിസ് ചിറക്കല്‍ ചൂണ്ടികാട്ടി. ആ വിഷയത്തില്‍ പ്രതിഷേധം തുടങ്ങി. ഇതിനിടയിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ബിന്ദു എന്ന വീട്ടമ്മ കെട്ടിടം ഇടിഞ്ഞു വീണ് മരിച്ചത്. ഇതോടെ ആരോഗ്യമന്ത്രി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി. എന്നാല്‍ രണ്ട് ദിവസം കൊണ്ട് തന്നെ ആവേശം അടങ്ങിയ മട്ടാണ്.
കീം പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. മന്ത്രി ബിന്ദുവിന് നേരെ ചിലയിടങ്ങളിലെ കരിങ്കൊടി പ്രതിഷേധം ഒഴികെ പ്രസ്താവനകളിലെ വിമര്‍ശനങ്ങള്‍ മാത്രമാണ് ഉയരുന്നത്. ഇത് തന്നെയാണ് കഴിഞ്ഞ കുറച്ച് നാളുകളായുള്ള യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനം. ഇതിനൊപ്പമാണ് വയനാട് ദുരിത ബാധിതര്‍ക്കായി പണം പിരിച്ചത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ വിമര്‍ശനം ഉന്നയിച്ചത്. ഡിവൈഎഫ്‌ഐ 20 കോടി പിരിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ എത്ര പിരിച്ചു എന്ന് പോലും വ്യക്തമാക്കാതെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തിക്കുന്നത്. വിവാദമുയര്‍ന്നോപ്പോള്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു കണക്ക് പറഞ്ഞു. എന്നാല്‍ അതിലെ സുതാര്യത ഇപ്പോഴും ചോദ്യമായി അവശേഷിക്കുകയാണ്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ അടക്കമുള്ള യുവനേതാക്കളുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. റീല്‍സ് പ്രവര്‍ത്തനം മാത്രമാണ് നടത്തുന്നതെന്നും ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നില്ലെന്നും ആയിരുന്നു ആരോപണം. പിവി അന്‍വറുമായി ഇനി ചര്‍ച്ചയില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ശേഷം പാതിരാത്രി സ്വന്തം നിലയില്‍ അന്‍വറിന്റെ വീട്ടില്‍ പോയി ചര്‍ച്ച നടത്തി ഒരു സൂപ്പര്‍ നേതാവ് ആകാനുള്ള ശ്രമവും രാഹുൽ നടത്തി. ഇത് കോണ്‍ഗ്രസിനെ ചെറുതായല്ല ജനങ്ങളുടെ ഇടയില്‍ നാണം കെടുത്തിയത്.
ഈ പ്രശ്നങ്ങള്‍ തന്നെയാണ് പിജെ കുര്യനെ പോലെ ഒരു നേതാവും പറഞ്ഞത്. അതിലെ മുന്നറിയിപ്പ് മനസിലാക്കി പ്രവര്‍ത്തിക്കാതെ പറഞ്ഞ നേതാവിനെ ഒരു ബഹുമാനവുമില്ലാതെ പരിഹസിക്കുകയാണ് രാഹുല്‍ അടക്കമുളളവര്‍ ചെയ്യുന്നത്. ഇത് തിരുത്തേണ്ടത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടക്കമുളള നേതാക്കളാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here