വിഎസ് അടക്കം മൂന്നുപേർക്ക് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ; കേരളത്തിന് അഭിമാനം

2026ലെ പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് ചരിത്രനേട്ടം. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ മുൻ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദൻ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള മൂന്ന് പേർക്ക് ലഭിച്ചു. നടൻ മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ എന്നിവർ പത്മഭൂഷൺ പുരസ്കാരത്തിനും അർഹരായി. ഇത്തവണത്തെ പുരസ്കാര പട്ടികയിൽ കേരളത്തിന്റെ സാന്നിധ്യം സവിശേഷമാണ്.

പൊതുപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മുൻ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചത്. ഇദ്ദേഹത്തിന് പുറമെ പൊതുസേവന രംഗത്തെ മികവിന് ജസ്റ്റിസ് കെ.ടി. തോമസും, സാഹിത്യ-വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് പി.നാരായണനും കേരളത്തിൽ നിന്ന് പത്മവിഭൂഷൺ പുരസ്കാരത്തിന് അർഹരായി. ജന്മഭൂമി ദിനപത്രത്തിൻ്റെ സ്ഥാപക പത്രാധിപരാണ് നാരായണൻ.

കലാരംഗത്തെ അതുല്യമായ അഭിനയ ജീവിതത്തിനാണ് മമ്മൂട്ടിക്ക് പത്മഭൂഷൺ ബഹുമതി ലഭിച്ചത്. കൂടാതെ പൊതുപ്രവർത്തന രംഗത്തെ സേവനങ്ങൾക്ക് വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരം സ്വന്തമാക്കി. വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച മൂന്ന് മലയാളികൾക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ശാസ്ത്ര-സാങ്കേതിക മേഖലയിലെ മികച്ച നേട്ടങ്ങൾക്ക് എ.ഇ.മുത്തുനായകത്തെ പത്മശ്രീ നൽകി ആദരിച്ചു. കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കലാമണ്ഡലം വിമലാ മേനോനും, സാമൂഹിക സേവന രംഗത്തെ മികവിന് കൊല്ലക്കൽ ദേവകിയമ്മ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അർഹരായി. ഇത്തവണത്തെ പത്മ പട്ടികയിൽ കേരളത്തിൽ നിന്നുള്ള എട്ട് പേരാണ് വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ നേടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top