വാദിക്ക് പദ്മവിഭൂഷൻ; പ്രതിക്ക് പദ്മഭൂഷൻ!! വിഎസും വെള്ളാപ്പള്ളിയും ഒരേസമയം ആദരിക്കപ്പെടുമ്പോൾ…

മൈക്രോഫിനാൻസ് കേസിലെ വാദിയായ വിഎസ് അച്യുതാനന്ദനും, ആ കേസുകളിൽ പ്രതിസ്ഥാനത്തുള്ള വെള്ളാപ്പള്ളി നടേശനും ഒരേസമയം പദ്മ പുരസ്കാരങ്ങൾ അനുവദിക്കുക വഴി, ബിജെപി പരമോന്നത സിവിലയൻ പുരസ്കാരങ്ങൾ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന ആക്ഷേപത്തിന് ശക്തിയേറി. പദ്മവിഭൂഷനു മാത്രമല്ല, അതിലും ഉയർന്ന ഭാരതരത്നയ്ക്കു പോലും അർഹനാണ് വിഎസ് എന്ന കാര്യത്തിൽ മലയാളിക്ക് സംശയമുണ്ടായിരിക്കില്ല. എന്നാൽ അതേ ബഹുമതിക്ക് ഒരേഘട്ടത്തിൽ പരിഗണിച്ച മറ്റു രണ്ടു മലയാളികളും തുല്യനിലയിൽ പരിഗണിക്കപ്പെടേണ്ടവരാണോ എന്ന സംശയം സ്വാഭാവികമായി ഉയരുകയും ചെയ്യുന്നു. തെക്കൻ കേരളത്തിലെ ഈഴവ വിഭാഗത്തിൽപ്പെട്ടവരാണ് ഇരുവരുമെന്ന സമാനതയുമുണ്ട്.

കേരള ബിജെപിയുടെ സഖ്യകക്ഷിയായ, ഈഴവരുടെ പാർട്ടിയെന്ന് അറിയപ്പെടുന്ന ബിഡിജെഎസിൻ്റെ രക്ഷാധികാരിയും, ആ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റുമായ തുഷാറിൻ്റെ പിതാവാണ് വെള്ളാപ്പള്ളി. മകൻ എൻഡിഎയിൽ ഉറച്ചുനിൽക്കുന്നു എന്ന പ്രതീതി ശക്തമായി നിലനിർത്തി കൊണ്ടുപോകുമ്പോൾ തന്നെ, പിണറായിക്കും സിപിഎമ്മിനും വേണ്ടി ശരീരം കൊണ്ടും നാവുകൊണ്ടും നിരന്തരം പ്രവർത്തിക്കുകയാണ് വെള്ളാപ്പള്ളി. ഈ വൈരുദ്ധ്യം നിലനിൽക്കെ വെള്ളാപ്പള്ളിക്ക് പദ്മഭൂഷൻ നൽകിയത് ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ അജണ്ടയെന്ന് വ്യക്തം. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഹിന്ദു വിഭാഗമായ ഈഴവരെ ഒപ്പംനിർത്താനുള്ള കൗശലം. സിപിഎമ്മിൻ്റെ കേരളത്തിലെ ഏറ്റവും വലിയ വോട്ടുബാങ്കായ ഈ വിഭാഗത്തെ തട്ടിയെടുക്കാനുള്ള ബിജെപിയുടെ നീക്കമാണിതെന്ന്, കേരളത്തിൻ്റെ ശുപാർശയില്ലാതെ നൽകിയ അംഗീകാരമാണ് ഇതെന്ന് വ്യക്തമാകുമ്പോൾ ഉറപ്പിക്കുകയും ചെയ്യാം.

മോദി സർക്കാർ അധികാരം ഏൽക്കുന്നതിന് മുൻപേ പദ്മ പുരസ്കാരങ്ങൾ വിവാദനിഴലിൽ ആയിരുന്നു. പണമിറക്കിയാണ് നമ്മുടെ നാട്ടിലെ പല പ്രാഞ്ചിയേട്ടൻമാരും പദ്മശ്രീയായതെന്ന് പലഘട്ടത്തിലും ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ മോഡി സർക്കാർ വന്നതോടെ ചിത്രം മാറി. “അൺസംഗ് ഹീറോസ് ” ആയ പലരും മുൻ കാലത്തേക്കാൾ “പദ്മശ്രീ ” ബഹുമാനിതരായപ്പോൾ, മുൻകാലങ്ങളിൽ നിന്നും തീർത്തും ഭിന്നമായി അതിനും മുകളിലേക്കുള്ള പദ്മവിഭൂഷനും പദ്മഭൂഷനും തീർത്തും രാഷ്ട്രീയ ലക്ഷ്യത്തോടെ നൽകുന്ന സ്ഥിതിയും വന്നെത്തി. ഇതൊക്കെ മനസ്സിൽ വച്ച് “ഏതു പട്ടിക്ക് വേണം പദ്മ പുരസ്കാരം ” എന്നും, ഇതെല്ലാം മറ്റു ലക്ഷ്യങ്ങളോടെയാണെന്നും വെള്ളാപ്പള്ളി മുൻപ് ഒരുഘട്ടത്തിൽ പറഞ്ഞത് ഇപ്പോൾ ഏതായാലും അറംപറ്റിയതു പോലെയായി.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ മുൻ മുഖ്യമന്ത്രിയും ഒബിസി നേതാവുമായ കർപൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി നൽകിയ ഭാരതരത്നം, യുപിയിലെ ജാട്ട് നേതാവ് അജിത് സിംഗിൻ്റെ പാർട്ടിയെ എൻഡിഎയിൽ എത്തിക്കാൻ അജിത് സിംഗിൻ്റെ പിതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ചരൺ സിംഗിന് നൽകിയ ഭാരതരത്നം തുടങ്ങിയവയെല്ലാം ആരോപണ വിധേയമായതാണ്. ഏറ്റവും ഒടുവിലിപ്പോൾ, പോലീസിനെയും കള്ളനെയും ഒരേസമയം ആദരിക്കുന്നതിന് സമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് ബിജെപിയുടെയും എൻഡിഎയുടെയും അടിത്തറ ബലപ്പെടുത്താൻ നടത്തുന്ന നീക്കങ്ങളുടെ തുടർച്ചയാണ് കേരളത്തിലും സംഭവിക്കുന്നതെന്ന് വിലയിരുത്താം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top