തട്ടിപ്പിന്റെ തുടക്കം പത്മകുമാറിൽ നിന്ന്; റിമാൻഡ് റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ പങ്കിനെ കുറിച്ചുള്ള തെളിവുകൾ നിരത്തി റിമാൻഡ് റിപ്പോർട്ട്. തട്ടിപ്പിന്റെ തുടക്കം പത്മകുമാറിൽ നിന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വന്തം കൈപ്പടയിലെഴുതിയ രേഖകളും മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴികളുമാണ് പത്മകുമാറിന് കുരുക്കായി മാറിയത്.
തട്ടിപ്പിന് തുടക്കം കുറിച്ചത് 2019 ഫെബ്രുവരിയിൽ ആണെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ കണ്ടെത്തൽ. സ്വർണ്ണ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദ്ദേശം പത്മകുമാർ ദേവസ്വം ബോർഡിന് മുന്നിൽ ആദ്യം അവതരിപ്പിച്ചു. എന്നാൽ ബോർഡ് അംഗങ്ങൾ ഈ നീക്കത്തെ എതിർക്കുകയായിരുന്നു.
Also Read : അടുത്തത് കടകംപള്ളി സുരേന്ദ്രന്‍ ? ഉടന്‍ ചോദ്യം ചെയ്യുമെന്ന് സൂചന; കുരുക്കായി പത്മകുമാറിന്റെ മൊഴി
ബോർഡ് എതിർത്തതിന് ശേഷവും, പോറ്റിക്ക് അനുകൂലമായി നടപടി സ്വീകരിക്കണമെന്ന് മുരാരി ബാബു, സുധീഷ് എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പത്മകുമാർ നിർദ്ദേശം നൽകിയതായി മൊഴികളുണ്ട്. ദേവസ്വം മുൻ കമ്മീഷണർ എൻ. വാസുവിൻ്റെ മൊഴിയനുസരിച്ച്, പത്മകുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നു. പോറ്റിയുടെ അപേക്ഷയിൽ പത്മകുമാർ അമിത താല്പര്യം എടുക്കുകയും നടപടി വേഗത്തിലാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത പത്മകുമാറിൻ്റെ സ്വന്തം കൈപ്പടയിലെഴുതിയ രേഖകൾ ഏറ്റവും ശക്തമായ തെളിവായി. കൂടാതെ, മറ്റ് അംഗങ്ങൾ അറിയാതെ ബോർഡ് മിനുട്‌സുകളിൽ പത്മകുമാർ തിരുത്തലുകൾ വരുത്തിയെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെതിരെ പാർട്ടി തലത്തിലും നടപടിക്ക് സാധ്യതയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here