പഹൽഗാമിൽ വ്യാപാരികൾക്കിടെ അന്വേഷണം; ആക്രമണദിനം കടയടച്ചിട്ടവരെയും തൊട്ടുമുമ്പ് കച്ചടവം തുടങ്ങിയവരെയും വിളിപ്പിച്ച് എൻഐഎ

26 പേർ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിന് പ്രാദേശിക സഹായം കിട്ടിയെന്ന് ആദ്യദിനം മുതൽ അന്വേഷണ ഏജൻസികൾക്ക് സംശയമുണ്ട്. ഈ പരിസരങ്ങളിൽ കടയിട്ട് കച്ചവടം ചെയ്യുന്നവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ ഓരോരുത്തരുടെയും ഈ ദിനങ്ങളിലെ നീക്കങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്.
ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം വ്യാപാരസ്ഥാപനങ്ങള്‍ തുറന്നവരുടെ പട്ടിക ശേഖരിച്ചിട്ടുണ്ട്. ഇവരിൽ അന്നേ ദിവസം കട അടച്ചിട്ടവരുടെ കാര്യം പ്രത്യേകം പരിശോധിക്കുകയാണ്. ഇവരിൽ പലർക്കും നോട്ടീസ് നൽകി വിളിപ്പിക്കുന്നുണ്ട്.
ഇങ്ങനെ ശേഖരിച്ച പട്ടികയിൽപെട്ട ഒരാളുടെ കാര്യമാണ് പ്രത്യേകം പരിശോധിക്കുന്നത്. ഇയാളെ പലവട്ടം ചോദ്യം ചെയ്തു കഴിഞ്ഞു. ആക്രമണത്തിന് ഏതാണ്ട് 15 ദിവസം മുമ്പാണ് ഇയാൾ അവിടെ എത്തിയത്. ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ ഒപ്പമിരുത്തിയും ഇയാളെ ചോദ്യം ചെയ്തിട്ടുണ്ട്.
ഇയാളുടെ ഐപി അഡ്രസ് അടക്കം വിവരങ്ങൾ ശേഖരിച്ച് സാങ്കേതിക പരിശോധനകളും നടത്തുന്നുണ്ട്. ഇന്റര്‍നെറ്റില്‍ എന്തൊക്കെ വിവരങ്ങളാണ് തിരഞ്ഞത്, ആരെയെല്ലാം ആണ് ഫോണിൽ വിളിച്ചത്, ഡൌൺലോഡ് ചെയ്ത ആപ്ലിക്കേഷനുകൾ ഏതെല്ലാം തുടങ്ങി പലതും പരിശോധിക്കുന്നുണ്ട്.
ഇത്ര ദിവസമെത്തിയിട്ടും ആക്രമണത്തിൽ പങ്കെടുത്ത ഒരാളെപ്പോലും കണ്ടെത്താത്തത് അന്വേഷണ ഏജൻസികൾക്കാകെ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. എൻഐഎയെ ആണ് ഔപചാരികമായി നിയോഗിച്ചിരിക്കുന്നത് എങ്കിലും രഹസ്യാന്വേഷണ വിഭാഗങ്ങളടക്കം എല്ലാവരുടെയും കൂട്ടായ നീക്കമാണ് നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here