പ്രകാശം പരത്തുന്ന രണ്ട് പെണ്‍കുട്ടികള്‍… ആരതിയും ഹിമാന്‍ഷിയും മതേതരത്തിന്റെ വലിയ മാതൃകള്‍; രാജ്യത്തെ യുവത്വം കണ്ടുപഠിക്കണം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ അച്ഛനെയും ഭര്‍ത്താവിനെയും മക്കളെയും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ തോരാക്കണ്ണീര്‍ മനുഷ്യ മനസാക്ഷിയെ ഇന്നും എന്നും നൊമ്പരപ്പെടുത്തുന്നതാണ്. ചങ്ക് പിളര്‍ക്കുന്ന സങ്കടങ്ങള്‍ക്കിടയിലും അങ്ങേയറ്റം വിവേകത്തോടും മതസൗഹാര്‍ദ്ദത്തോടും പെരുമാറിയ രണ്ട് പെണ്‍കുട്ടികളെ ഈ രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ല. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനും കലാപം ഇളക്കിവിടാനും ശ്രമിക്കുന്ന ദുഷ്ട ജന്മങ്ങള്‍ക്കിടയില്‍ പ്രകാശം പരത്തുന്ന മാലാഖമാരാണ് ആരതിയും ഹിമാന്‍ഷിയും .

ഇന്ത്യയുടെ കണ്ണീര്‍മുഖമാണ് ഹിമാന്‍ഷി നര്‍വാള്‍ എന്ന യുവതി. ഭീകരുടെ വെടിയേറ്റ് വീണ ഭര്‍ത്താവ് വിനയ് നര്‍വാളിന്റെ ശരീരത്തിനടുത്ത് ഇരുന്ന് കരയുന്ന പെണ്‍കുട്ടിയുടെ ചിത്രം ഇന്ത്യയുടെ നോവാണ്. രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത നോവ്. അത്രമേല്‍ ഹൃദയഭേദകമായിരുന്നു ആ കാഴ്ച. ഹണിമൂണ്‍ ആഘോഷിക്കാൻ എത്തിയ ഹിമാന്‍ഷി കശ്മീരില്‍ നിന്ന് മടങ്ങിയത് ചേതനയറ്റ ഭര്‍ത്താവിന്റെ മൃതദേഹത്തോടൊപ്പം ആണ്. ഏറ്റവും സന്തോഷത്തോടെ മധുവിധു ആഘോഷിക്കാനെത്തിയ അവളുടെ കണ്ണീര്‍ എന്നുമെന്നും നമ്മെ ചുട്ടുപൊള്ളിക്കും. കഴിഞ്ഞ മാസം 16നാണ് വിനയ് നര്‍വാളും ഹിമാന്‍ഷിയും വിവാഹിതരായത്.

കൊച്ചി നേവല്‍ ആസ്ഥാനത്തെ ലഫ്റ്റനന്റായിരുന്നു വിനയ് നര്‍വാള്‍. മധുവിധു ആഘോഷിക്കാന്‍ വിദേശത്തേക്ക് പോകാനായിരുന്നു അവരുടെ തീരുമാനം. പക്ഷേ വിസ പ്രശ്‌നങ്ങള്‍ മൂലം പോകാനാവാത്ത ഘട്ടത്തിലാണ് അവര്‍ ഏപ്രില്‍ 21ന് കശ്മീരിലെ ബൈസരൻ വാലിയിൽ എത്തിയത്. 22നാണ് ഭീകാരക്രമണം ഉണ്ടായത്. വിവാഹം കഴിഞ്ഞതിന്റെ ആറാം നാള്‍ വിനയിനെ നഷ്ടപ്പെട്ട് അവള്‍ ഒറ്റയ്ക്കായി .

മെയ് ഒന്ന് വ്യാഴാഴ്ച വിനയിന്റെ 27-ാം ജന്മദിനമായിരുന്നു. പിറന്നാള്‍ പ്രമാണിച്ച് ജന്മനാടായ കര്‍ണാലില്‍ ഒരു സന്നദ്ധ സംഘടന നടത്തിയ രക്തദാന പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് അവള്‍ പറഞ്ഞത് ഇങ്ങനെയാണ്. “മുസ്ലിംങ്ങള്‍ക്കും കശ്മീരികള്‍ക്കും എതിരെ ആളുകള്‍ പോകുന്നത് അനുവദിക്കാന്‍ പാടില്ല. നമുക്ക് വേണ്ടത് സമാധാനമാണ്. സമാധാനം മാത്രം. തീര്‍ച്ചയായും നമുക്ക് നീതിയും വേണം. അക്രമം കാണിച്ചവര്‍ക്ക് തക്കതായ മറുപടി നല്‍കണം”.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ അച്ഛനെ നഷ്ടപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി ആരതി മേനോൻ തന്റെ തീരാദു:ഖത്തിലും പറഞ്ഞത് വിവേകത്തിന്റെ ഭാഷയായിരുന്നു. കണ്‍മുന്നില്‍ പിതാവ് രാമചന്ദ്രന്‍ വെടിയേറ്റ് മരിച്ചതിന്റെ ഓര്‍മ്മകള്‍ ഓര്‍ത്തെടുത്ത് മാധ്യമങ്ങളോട് പറയുമ്പോഴും കശ്മീരി സഹോദരങ്ങളുടെ കരുതലും സ്‌നേഹവും ലോകത്തോട് പറയാന്‍ ആരതി മറന്നില്ല. പേടിപ്പെടുത്തുന്ന, നെഞ്ചുലയ്ക്കുന്ന, നോവുന്ന നിമിഷങ്ങളില്‍ അന്നാട്ടുകാര്‍ ചേര്‍ത്തുപിടിച്ചത് ആരതി പങ്കുവെക്കുമ്പോള്‍ ഭാഷയ്ക്കും വേഷത്തിനുമപ്പുറം സമാനതകളില്ലാത്ത സാഹോദര്യത്തിന്റെ, സ്‌നേഹത്തിന്റെ അടയാളമായി അത് മാറുകയായിരുന്നു.

കശ്മീരിലെ യാത്രയും താമസവും അടക്കം കാര്യങ്ങള്‍ നോക്കാൻ ഏല്‍പ്പിച്ചിരുന്നത് നാട്ടുകാരായ മുസാഫിര്‍, സമീര്‍ എന്നീ ഡ്രൈവര്‍മാരെയായിരുന്നു. “അവര്‍ ഡ്രൈവര്‍മാര്‍ എന്നതിലുപരി സ്വന്തം സഹോദരിയെ പോലെയാണ് എന്നോട് പെരുമാറിയത്. അനിയത്തിയോടെന്ന പോലെയാണ് അവര്‍ സഹകരിച്ചത്. പുലര്‍ച്ചെ മൂന്ന് വരെ ഞാന്‍ മോര്‍ച്ചറിയുടെ മുന്നിലായിരുന്നു. അച്ഛൻ്റെ ബോഡി തിരിച്ചറിയാനും മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാനുമൊക്കെ അവര്‍ കൂടെയുണ്ടായിരുന്നു. കശ്മീരില്‍ എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടി എന്നാണ് എയര്‍പോര്‍ട്ടില്‍ വെച്ച് പിരിയുമ്പോൾ ഞാന്‍ അവരോട് പറഞ്ഞത്. അല്ലാഹു അവരെ രക്ഷിക്കട്ടെ”- ഇതായിരുന്നു ആരതിയുടെ വാക്കുകൾ.

മരണത്തിന്റെ മുമ്പില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു പുതിയ മനുഷ്യൻ്റെ ജീവിതമാണ് ടി പത്മനാഭന്‍ എഴുതിയ ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’ എന്ന പ്രസിദ്ധമായ കഥ. അമൂല്യമെന്ന് കരുതിയതെല്ലാം നഷ്ടമായിട്ടും നന്മയുടെ പ്രകാശമായി ജ്വലിക്കുന്ന ആരതിയും ഹിമാന്‍ഷിയും രാജ്യത്തിന്റെ പ്രകാശ ഗോപുരങ്ങളാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top