‘ഇന്ത്യ പാകിസ്താന്റെ സമാധാനം കെടുത്തുന്നു’; പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

പാകിസ്ഥാനിൽ ഉണ്ടാകുന്ന അശാന്തിക്ക് പിന്നിൽ ഇന്ത്യയാണെന്ന ഗുരുതര ആരോപണവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അഫ്ഗാനിസ്ഥാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് പാകിസ്ഥാൻ ഇത്തരമൊരു വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പാക് ടിവി ചാനലായ ജിയോ ന്യൂസിൽ സംസാരിക്കുകയായിരുന്നു ഖ്വാജ ആസിഫ്. അഫ്ഗാൻ ഇനി ആക്രമിക്കാൻ മുതിർന്നാൽ, 50 മടങ്ങ് ശക്തിയിൽ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നൽകി. സമാധാന കരാറിൽ നിന്ന് പിന്മാറിയ അഫ്ഗാൻ സർക്കാരിനെ പ്രതിരോധ മന്ത്രി വിമർശിച്ചു.
Also Read : ഇന്ത്യാപേടിയിൽ പാകിസ്ഥാൻ; ഭയന്ന് വ്യോമാതിർത്തി പൂട്ടി
പാകിസ്ഥാനിൽ അസ്ഥിരത സൃഷ്ടിക്കാൻ ഇന്ത്യ അഫ്ഗാനിസ്ഥാനെ ഒരു ഉപകരണമായി ഉപയോഗിക്കുകയാണെന്ന വാദവും ഖ്വാജ ആസിഫ് ഉയർത്തി. പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യ നേരിട്ട തോൽവിക്ക് അവർ അഫ്ഗാനിസ്ഥാനിലൂടെ പകരം വീട്ടുകയാണ്. ഇന്ത്യ പാകിസ്ഥാനുമായി യുദ്ധത്തിൽ ഏർപ്പെടാൻ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നും അതിനായി അവർ അഫ്ഗാനെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read : ലോക പോലീസ് മെരുങ്ങുന്നു; ഇന്ത്യ നയതന്ത്ര വിജയത്തിനരികെ
പാകിസ്ഥാനിലെ തീവ്രവാദത്തിന് പിന്നിൽ അഫ്ഗാനിസ്ഥാനാണ് എന്നതിൽ തങ്ങൾക്ക് സംശയമില്ല. അവർ ഇന്ത്യയുടെ ഉപകരണമാണെന്നും മന്ത്രി ആരോപിച്ചു. അഫ്ഗാനിസ്ഥാൻ പാകിസ്ഥാനിലേക്ക് നോക്കാൻ പോലും ധൈര്യപ്പെടില്ലെന്നും, അങ്ങനെ സംഭവിച്ചാൽ അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നും ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. ഭീകരവാദികളെ ഉപയോഗിച്ചാണ് കഴിഞ്ഞ നാല് വർഷമായി അഫ്ഗാനിസ്ഥാൻ പ്രവർത്തിക്കുന്നതെന്നും, പാകിസ്ഥാൻ ആക്രമിക്കാൻ ശ്രമിച്ചാൽ 50 മടങ്ങ് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാൻ-പാക് അതിർത്തി സംഘർഷം അയവില്ലാതെ തുടരുകയും സമാധാന ചർച്ചകൾ പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രിയുടെ ഈ കടുത്ത പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here