പാകിസ്ഥാന്‍ ആദ്യം കീഴടങ്ങിയത് ഇന്ദിരാഗാന്ധിയുടെ കാല്‍ക്കല്‍; ഇന്ത്യയുടെ പെണ്‍ കരുത്തിന്റെ ചരിത്രം ഇങ്ങനെ

പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിവരിക്കാന്‍ എത്തിയത് രണ്ട് വനിതാ ഓഫീസര്‍മാരാണ്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പ്രധാന സൈനിക ഓപ്പറേഷന്റെ വിശദാംശങ്ങള്‍ വിവരിക്കാന്‍ രണ്ട് വനിതകള്‍ എത്തുന്നത്. ഇന്ത്യന്‍ ആര്‍മിയിലെ കേണല്‍ സോഫിയ ഖുറേഷിയും എയര്‍ഫോഴ്‌സിലെ വിംഗ് കമാന്‍ഡര്‍ വ്യോമിക സിങുമാണ് ആ ദൗത്യം നിര്‍വഹിച്ചത്. എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ പെണ്‍ കരുത്ത് മനസിലാക്കിയത് ആദ്യമായല്ല. 55 വര്‍ഷം മുമ്പ് പാകിസ്ഥാന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ കമാന്‍ഡിങ് ചീഫും അദ്ദേഹത്തിന് കീഴിലുള്ള 93000 സൈനികരും ഇന്ത്യന്‍ സേനയ്ക്കു മുന്നില്‍ കീഴടങ്ങിയ വാര്‍ത്ത ലോകത്തോട് വിളിച്ചു പറഞ്ഞതും ഒരു ഉരുക്ക് വനിതയായിരുന്നു. അവരുടെ പേര് ഇന്ദിരാഗാന്ധി.

1971 ഡിസംബര്‍ 16ന് ഉച്ചക്ക് നാല് മണിയോടെ ഡാക്ക റെയ്‌സ് കോഴ്‌സിലുള്ള സൈനിക കേന്ദ്രത്തില്‍ വെച്ച് പാകിസ്ഥാന്‍ ആര്‍മി ഈസ്റ്റേണ്‍ കമാണ്ടിംഗ് ഓഫീസര്‍ ലഫ്. ജനറല്‍ അമീര്‍ അബ്ദുള്ള നിയാസിയും 93000 സൈനികരും ഇന്ത്യയുടെ ഈസ്റ്റേണ്‍ കമാന്‍ഡിന്റെ കമാന്‍ഡിങ് ഓഫീസര്‍ ലഫ്റ്റനന്റ് ജനറല്‍ ജഗജിത് സിംഗ് അറോറയ്ക്കു മുമ്പാകെ കീഴടങ്ങി. നിറകണ്ണുകളോടെ ജനറല്‍ നിയാസി തന്റെ പിസ്റ്റല്‍ അറോറയ്ക്കു മുന്നില്‍ വെച്ചു. പാകിസ്ഥാന്റെ ചരിത്രത്തിലെ നാണം കെട്ട കീഴടങ്ങല്‍. ഒപ്പം പാകിസ്ഥാന്‍ എന്ന രാഷ്ട്രം രുപീകൃതമായതിന്റെ 24-ാം വര്‍ഷത്തില്‍ ആ രാജ്യത്തെ വെട്ടിമുറിച്ച് രണ്ടാക്കിയത് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം നിലവില്‍ വന്നു. ഇന്ദിരാഗാന്ധി എന്ന തന്ത്രശാലിയായ ഭരണാധികാരി സൃഷ്ടിച്ച പത്മവ്യൂഹത്തില്‍ നിന്ന് പുറത്തു കടക്കാനാവാതെ കീഴടങ്ങേണ്ടി വന്ന ഗതികേടില്‍ പെട്ടു പോയി ജന. നിയാസിയും പാകിസ്ഥാനും.

കീഴടങ്ങല്‍ രേഖകളില്‍ നിയാസി ഒപ്പുവെച്ച ഉടനെ തന്നെ ഇന്ത്യയുടെ ആര്‍മി ചീഫായ ജനറല്‍ സാം മനേക്ഷാ പ്രധാനമന്ത്രിയെ ഫോണ്‍ ചെയ്ത് കീഴടങ്ങല്‍ വിവരങ്ങള്‍ ധരിപ്പിച്ചു. 1971 ഡിസംബര്‍ 16ന് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നടക്കുകയായിരുന്നു. ഇന്ത്യന്‍ താരിഫ് ഭേദഗതി ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സഭയില്‍ നടക്കുകയായിരുന്നു രാവിലെ മുതല്‍ വിവധ വകുപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടര്‍ച്ചയായി നടക്കുന്ന സാഹചര്യം. വൈകുന്നേരം നാല് മണി കഴിഞ്ഞ് മൂന്ന് മിനിറ്റായപ്പോള്‍ സഭ അല്‍്പനേരത്തേക്ക് പിരിയുകയാണെന്നും 5.30 ന് വീണ്ടും ചേരുമെന്നും അന്നത്തെ സ്പീക്കര്‍ ജിഎസ് ധില്ലന്‍ അറിയിച്ചു.
കൃത്യം അഞ്ചര ആയപ്പോള്‍ സഭ ചേരാനുള്ള മണി മുഴങ്ങി. അംഗങ്ങള്‍ അവരുടെ ഇരിപ്പിടങ്ങളില്‍ ഇരുന്നു. സ്പീക്കര്‍ ചെയറിലെത്തിപ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇപ്പോള്‍ ഒരു പ്രസ്താവന നടത്തുമെന്ന് സ്പീക്കര്‍ .അപ്രതീക്ഷിതമായി സഭയെ അറിയിച്ചു. പ്രധാനമന്ത്രി എഴുന്നേറ്റ് നിന്ന് പ്രസംഗം തുടങ്ങി.

‘സര്‍, ഒരു പ്രത്യേക വിവരം ഈ സഭയെ അറിയിക്കാനുണ്ട്, ഏറെ നേരമായി ഈ വിവരം അറിയാന്‍ സഭ കാത്തിരിക്കയാണെന്ന് എനിക്കറിയാം. പടിഞ്ഞാറന്‍ പാകിസ്ഥാനിലെ സേന നിരുപാധികം ബംഗ്ലാദേശില്‍ കീഴടങ്ങി. കീഴടങ്ങല്‍ സംബന്ധിച്ച രേഖയില്‍ ഇന്ന് ഡാക്കയില്‍ വെച്ച് 16.31 ന് (4.31 pm ) പാകിസ്ഥാന്‍ ഈസ്റ്റേണ്‍ കമാണ്ട് ചീഫ് ലഫ് ജനറല്‍ നിയാസി ഇന്ത്യന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ കമാണ്ട് ചീഫ് ലഫ്.ജനറല്‍ ജെ എസ് അറോറയ്ക്കും ബംഗ്ലാദേശ് സേനയ്ക്കും മുന്നില്‍ കീഴടങ്ങി രേഖകളില്‍ ഒപ്പുവെച്ചു. സ്വാതന്ത്ര്യം ലഭിച്ച രാജ്യത്തിന്റെ സ്വതന്ത്രതലസ്ഥാനമായി ഡാക്ക മാറിക്കഴിഞ്ഞു.
നമ്മുടെ രാജ്യം മുഴുവനും ഈ സഭയും ചരിത്രമുഹൂര്‍ത്തതില്‍ ആഹ്ലാദത്തിലാണ്. ബംഗ്ലാദേശിലെ ജനങ്ങളുടെ സന്തോഷത്തിലും ആഹ്ലാദത്തിലും നമ്മളും പങ്കെടുക്കുന്നു. മുക്തി ബാഹിനിയുടെ ധീരരായ ചെറുപ്പക്കാരെയും ബാലന്മാരേയും പ്രത്യേകമായി അഭിനന്ദിക്കുന്നു. അവരുടെ അര്‍പ്പണവും ധീരതയും പ്രശംസാര്‍ഹമായ സംഗതിയാണ്. നമ്മുടെ ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബോര്‍ഡര്‍ സെക്യൂരിരിറ്റി ഫോഴ്‌സ് സേനാംഗങ്ങളുടെ സമാനതകളില്ലാത്ത ധീരതയ്ക്കും സമര്‍പ്പണത്തിനും രാജ്യം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു. അവരുടെ അച്ചടക്കവും ധീരതയും കര്‍ത്തവ്യ ബോധവും രാജ്യം എല്ലാക്കാലത്തും നന്ദിയോടെ ഓര്‍ക്കും. രാജ്യത്തിനു വേണ്ടി ജീവന്‍ നല്കിയ ജവാന്‍മാരുടെ ത്യാഗം വിലമതിക്കാനാവാത്തതാണ്. അവരുടെ കുടുംബങ്ങളെ രാജ്യം ചേര്‍ത്ത് പിടിക്കും. അവരെ കാത്ത് പരിപാലിക്കും.

കീഴടങ്ങിയ പാകിസ്ഥാന്‍ പട്ടാളക്കാരോട് ജനീവ കണ്‍വെന്‍ഷന്‍പ്രകാരമുള്ള തീരുമാനങ്ങള്‍ പ്രകാരം പെരുമാറണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെ ബംഗ്ലാദേശിലെ എല്ലാ വിഭാഗം ജനങ്ങളോടും അങ്ങേയറ്റം മനുഷ്യത്വപരമായി പെരുമാറണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുക്തി ബാഹിനി കമാണ്ടര്‍മാരും സമാനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം യുദ്ധ തടവുകാരെ സംബന്ധിച്ച രേഖയില്‍ ബംഗ്ലാദേശ് ഒപ്പുവെച്ചിട്ടില്ല. എന്നാലും തങ്ങള്‍ ജനീവ കണ്‍വെന്‍ഷന്‍ ട്രീറ്റി അംഗീകരിക്കുമെന്നറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശ് സര്‍ക്കാരും, മുക്തി ബാഹിനിയും, ഇന്ത്യന്‍ സേനാംഗങ്ങളും യാതൊരു വിധ അതിക്രമങ്ങളും യുദ്ധത്തടവുകാരോട് കാണിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നമ്മുടെ തീരുമാനങ്ങളും കാഴ്ചപ്പാടുകളും വളരെ സുതാര്യവും വ്യക്തവുമായിരുന്നു. ബംഗ്ലാദേശിനെ പാകിസ്ഥാനില്‍ നിന്ന് മോചിപ്പിക്കാനുളള മുക്തി ബാഹിനിയുടെ നീക്കത്തിന് പിന്‍തുണ മാത്രമാണ് ഇന്ത്യ നല്‍കിയത്. ബംഗ്ലാദേശി പൗരന്മാരോട് പാക് പട്ടാളം നടത്തിയ അടിച്ചമര്‍ത്തലും ക്രൂരതയും അസഹനീയമായപ്പോഴാണ് ഇന്ത്യ ഇടപെട്ടത്. ഇന്ത്യന്‍ പട്ടാളം അധികകാലം ബംഗ്ലാദേശില്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ല. ആവശ്യമുണ്ടെങ്കില്‍ മാത്രം തുടരും. ലക്ഷക്കണക്കിന് ബംഗ്ലാദേശികളാണ് അവരുടെ രാജ്യത്തു നിന്ന് പ്രാണരക്ഷാര്‍ത്ഥം അതിര്‍ത്തി കടന്ന് നമ്മുടെ രാജ്യത്ത് എത്തിയിട്ടുണ്ട്. അവര്‍ക്കാവശ്യമായ സംരക്ഷണവും കരുതലും നമ്മുടെ സര്‍ക്കാരും ജനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. അതിര്‍ത്തി കടന്നു വന്നവര്‍ മടങ്ങിപ്പോകാന്‍ തുടങ്ങിയിട്ടുണ്ട്.
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് മുജീബ് റഹ്‌മാന് അദ്ദേഹത്തിന്റെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്ഥാനവും ബഹുമാനവുമുണ്ട്. സമാധാനവും പുരോഗതിയും വളര്‍ച്ചയും കൈവരിക്കാന്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു. തിളങ്ങുന്ന ബംഗ്ലാ എന്ന അവരുടെ സ്വപ്നം സഫലീകരിക്കാന്‍ ഇന്ത്യയും സഹായങ്ങള്‍ നല്‍കും. അവര്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഈ വിജയം ബംഗ്ലാദേശിന്റെ മാത്രമല്ല. മനുഷ്യാവകാശങ്ങളും മനുഷ്യത്വവും ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം തന്നെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മഹത്തായ കാല്‍വെപ്പാണുണ്ടായത’ ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗത്തില്‍ ഇന്ദിരാഗാന്ധി പറഞ്ഞു.

കരഘോഷത്തോടെയാണ് ലോക് സഭ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കേട്ടത്. സഭയ്ക്കുള്ളില്‍ കക്ഷിഭേദമെന്യേ അംഗങ്ങള്‍ ഇന്ദിരാഗാന്ധി സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതായി സഭാ രേഖകളില്‍ പറയുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here