ഇന്ത്യയുടെ നയതന്ത്ര കുരുക്കിൽ കുടുങ്ങി പാകിസ്ഥാൻ; ഇരുവശത്തും നിന്നും ഭീഷണി

കിഴക്ക് ഇന്ത്യയുമായും പടിഞ്ഞാറ് താലിബാൻ ഭരണകൂടവുമായും ഒരേസമയം വർധിച്ചുവരുന്ന സംഘർഷങ്ങളുടെ ഫലമായി പാകിസ്ഥാൻ സൈന്യം സമ്മർദ്ദം നേരിടുന്നതായി റിപ്പോർട്ടുകൾ. താലിബാനും പാകിസ്ഥാനും തമ്മിൽ അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടലുകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ജമ്മു-കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് താലിബാൻ പരസ്യ പിന്തുണ നൽകുക കൂടി ചെയ്തതോടെ പാകിസ്ഥാനിൽ അതിർത്തി സുരക്ഷയെ കുറിച്ചുള്ള ആശങ്ക ശക്തമാവുകയാണ്
പാകിസ്ഥാന്റെ പടിഞ്ഞാറൻ അതിർത്തി പൂർണ്ണമായും സംഘർഷഭരിതമാണ്. അഫ്ഗാൻ മണ്ണിൽ അഭയം തേടിയിരിക്കുന്ന തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടി.ടി.പി.) തീവ്രവാദികൾ അതിർത്തി കടന്ന് ആക്രമണം വർദ്ധിപ്പിച്ചതാണ് പ്രധാന പ്രശ്നം. തുടർന്ന് കനത്ത വെടിവെപ്പും ഏറ്റുമുട്ടലുകളും നടന്നു. ഇരുപക്ഷത്തും നിരവധി സൈനികർ കൊല്ലപ്പെട്ടു. 58 പാക് സൈനികരെ വധിച്ചതായി താലിബാൻ അവകാശപ്പെട്ടപ്പോൾ 200-ൽ അധികം താലിബാൻ പോരാളികളെ വധിച്ചെന്ന് പാകിസ്ഥാനും അവകാശപ്പെട്ടു.
Also Read : വനിതാ ജേർണലിസ്റ്റുകളെ ഡൽഹിയിൽ വിലക്കി താലിബാൻ; കേന്ദ്രസർക്കാർ കൂട്ടുനിന്നെന്ന് വിമർശനം
പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, അഫ്ഗാൻ താലിബാൻ ഇന്ത്യക്ക് വേണ്ടി ‘പ്രോക്‌സി യുദ്ധം’ നടത്തുകയാണെന്ന് ആരോപിച്ചിരുന്നു. ഡൽഹിയാണ് താലിബാനെ സ്പോൺസർ ചെയ്യുന്നതെന്നായിരുന്നു ആരോപണം. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും തമ്മിൽ നയതന്ത്രബന്ധം ശക്തമാക്കിയത് പാകിസ്ഥാന് വലിയ തിരിച്ചടിയായി.
ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ഇന്ത്യൻ നിലപാടിനെ താലിബാൻ പിന്തുണച്ചത് പാകിസ്ഥാനെ ചൊടിപ്പിച്ചു. അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിച്ചതിന് ശേഷമാണ് കശ്മീർ വിഷയത്തിൽ താലിബാൻ നിലപാട് വ്യക്തമാക്കിയത്. സ്വന്തം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം അഫ്ഗാനെ കുറ്റപ്പെടുത്തുന്ന പാകിസ്ഥാൻ, സമാധാനം ആഗ്രഹിക്കുന്നില്ലെങ്കിൽ, അഫ്ഗാനിസ്ഥാന് മറ്റ് വഴികളുണ്ട് എന്ന് മുത്തഖി ഇന്ത്യയിൽ വച്ച് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു.
പാകിസ്ഥാൻ്റെ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, കിഴക്കൻ അതിർത്തിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്നും പ്രകോപനങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നും, പാകിസ്ഥാൻ ഒരേസമയം ഇരുവശത്തുമുള്ള ഭീഷണികളെ നേരിടാൻ സജ്ജമാണെന്നും പ്രസ്താവിച്ചു. ഇന്ത്യ-അഫ്ഗാൻ ബന്ധം ശക്തമാകുന്നതും, താലിബാനുമായുള്ള അതിർത്തി സംഘർഷം തുടരുന്നതും പാകിസ്ഥാനെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ തന്ത്രപരമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here