ഗാസയിൽ സൈന്യത്തെ വിന്യസിക്കാൻ പാകിസ്ഥാൻ; കമാൻഡ് പദവി ആവശ്യപ്പെട്ട് അമേരിക്കയുമായി ചർച്ചകൾ സജീവം

ഗാസയിലെ സംഘർഷാനന്തര സുരക്ഷയും പുനർനിർമ്മാണവും ലക്ഷ്യമിട്ട് രൂപീകരിക്കുന്ന അന്താരാഷ്ട്ര സമാധാന സേനയിൽ (International Stabilisation Force) നിർണ്ണായകമായ കമാൻഡ് പദവി ആവശ്യപ്പെട്ട് പാകിസ്ഥാൻ. ഗാസയിൽ സൈന്യത്തെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ അമേരിക്കൻ ഭരണകൂടവുമായി ആശയവിനിമയം നടത്തുന്നതായാണ് റിപ്പോർട്ടുകൾ.

വെറുമൊരു സൈനിക പങ്കാളിത്തത്തിന് അപ്പുറം, സേനയുടെ പ്രവർത്തനങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള ഒരു ‘കമാൻഡ് റോൾ’ വേണമെന്നാണ് പാകിസ്ഥാൻ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. ഡൊണാൾഡ് ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച 20 ഇന ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ ചർച്ചകൾ നടക്കുന്നത്. പാകിസ്ഥാൻ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് ഫീൽഡ് മാർഷൽ ആസിം മുനീർ ഉടൻ വാഷിംഗ്ടൺ സന്ദർശിച്ച് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും.

Also Read : ഗാസയിലേക്ക് പാകിസ്ഥാൻ സൈന്യത്തെ അയക്കുന്നു; ട്രംപിന്റെ സമാധാന ദൗത്യത്തിൽ നിർണ്ണായക നീക്കം; ഉറ്റു നോക്കി ഇന്ത്യ

സമാധാന സേനയുടെ ഭാഗമാകാൻ തത്വത്തിൽ സമ്മതമാണെങ്കിലും ഹമാസിനെ നിരായുധരാക്കുക എന്നത് തങ്ങളുടെ ദൗത്യമല്ലെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വ്യക്തമാക്കിയിട്ടുണ്ട്. പകരം സമാധാന പരിപാലനത്തിനും മാനുഷിക സഹായങ്ങൾ ഉറപ്പാക്കുന്നതിനുമാകും പാക് സൈന്യം മുൻഗണന നൽകുക. ഈ നീക്കത്തിലൂടെ അമേരിക്കയിൽ നിന്നുള്ള സാമ്പത്തിക നിക്ഷേപങ്ങളും സുരക്ഷാ സഹായങ്ങളും പുനഃസ്ഥാപിക്കാമെന്ന് പാകിസ്ഥാൻ പ്രതീക്ഷിക്കുന്നു. കൂടാതെ മുസ്ലീം ലോകത്തെ പ്രധാന സൈനിക ശക്തി എന്ന നിലയിലുള്ള സ്വാധീനം ഉറപ്പിക്കാനും ഇത് സഹായിക്കും.

പാകിസ്ഥാനിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യം ഈ തീരുമാനത്തിന് അനുകൂലമല്ല. അമേരിക്കൻ താല്പര്യങ്ങൾക്ക് വഴങ്ങി ഗാസയിൽ സൈന്യത്തെ വിന്യസിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുമെന്ന് പ്രതിപക്ഷ പാർട്ടികളും മതസംഘടനകളും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇസ്രായേൽ സൈന്യവുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടി വരുമോ എന്ന ആശങ്കയും ശക്തമാണ്. അറേബ്യൻ രാജ്യങ്ങളായ ഈജിപ്ത്, ജോർദാൻ, സൗദി അറേബ്യ എന്നിവരുമായും പാകിസ്ഥാൻ ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തുന്നുണ്ട്. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അംഗീകാരത്തോടെയാകും ഈ സേനയുടെ രൂപീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top