ഗാസയിലേക്ക് പാകിസ്ഥാൻ സൈന്യത്തെ അയക്കുന്നു; ട്രംപിന്റെ സമാധാന ദൗത്യത്തിൽ നിർണ്ണായക നീക്കം; ഉറ്റു നോക്കി ഇന്ത്യ

ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള അന്താരാഷ്ട്ര സമാധാന സേനയിലേക്ക് സൈന്യത്തെ വിട്ടുനൽകാൻ പാകിസ്ഥാൻ സന്നദ്ധത പ്രകടിപ്പിച്ചതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വെളിപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഈ അന്താരാഷ്ട്ര സേന. വെള്ളിയാഴ്ച വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് റൂബിയോ ഇക്കാര്യം അറിയിച്ചത്. “ഈ ദൗത്യത്തിന്റെ ഭാഗമാകാൻ പാകിസ്ഥാൻ കാണിച്ച താൽപ്പര്യത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്. എങ്കിലും, സേനയെ വിന്യസിക്കുന്നതിന് മുൻപ് ചില വ്യക്തതകൾ കൂടി വരേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാർ നടപ്പിലാക്കുകയാണ് സേനയുടെ പ്രാഥമിക ലക്ഷ്യം. ഗാസയുടെ പുനർനിർമ്മാണം, സൈനികമുക്തമാക്കൽ എന്നിവ ഈ സേനയുടെ മേൽനോട്ടത്തിലായിരിക്കും. അന്താരാഷ്ട്ര സേനയുമായി സഹകരിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ചെങ്കിലും, സൈന്യത്തെ അയക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Also Read : ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി ഇന്ത്യ; ഉത്തരം മുട്ടി പാകിസ്ഥാൻ

ഹമാസിനെ നിരായുധീകരിക്കുന്ന പ്രവർത്തനങ്ങളിൽ തങ്ങളുടെ സൈന്യം പങ്കുചേരില്ലെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ നേരത്തെ സൂചിപ്പിച്ചിരുന്നു. നവംബർ 17-ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ ഈ സമാധാന സേനയ്ക്ക് അംഗീകാരം നൽകിയിരുന്നു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോൾ പാകിസ്ഥാൻ അനുകൂലമായാണ് വോട്ട് ചെയ്തത്.

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളിൽ പാകിസ്ഥാൻ സൈന്യം ഇടപെടുന്നത് ഇന്ത്യ ഉറ്റുനോക്കുന്നുണ്ട്. ഇസ്രായേലുമായി അടുത്ത പ്രതിരോധ ബന്ധം പുലർത്തുന്ന ഇന്ത്യ, ഗാസയിലെ പുതിയ നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് കാണുന്നത്. സമാധാന സേനയുടെ ഘടന, ഫണ്ടിംഗ്, സേനയ്ക്ക് പ്രവർത്തിക്കാനുള്ള കൃത്യമായ നിയമങ്ങൾ എന്നിവയിൽ ഇനിയും തീരുമാനമാകാനുണ്ട്. ഹമാസ് ഈ വിദേശ സൈനിക സാന്നിധ്യത്തെ ശക്തമായി എതിർക്കുന്നു എന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. പാകിസ്ഥാനെ കൂടാതെ ജോർദാൻ, ഈജിപ്ത് തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെയും ഈ ദൗത്യത്തിൽ ഉൾപ്പെടുത്താൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്.

Also Read : പാകിസ്ഥാൻ ആക്രമണം കടുക്കുമ്പോൾ സഹായവുമായി ഇന്ത്യ; അഫ്ഗാനിലേക്ക് എത്തിച്ചത് 73 ടൺ മരുന്നുകൾ

പാകിസ്ഥാൻ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അമേരിക്കയുടെയും ഐഎംഎഫിന്റെയും സഹായം അത്യന്താപേക്ഷിതമാണ്. ട്രംപിൻറെ ആവശ്യം നിരസിക്കുന്നത് അമേരിക്കയുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന പേടി പാക് ഭരണകൂടത്തിനുണ്ട്. ഗാസയിലേക്ക് സൈന്യത്തെ അയക്കുന്നത് പാകിസ്ഥാനിലെ വിവിധ സംഘടനകളെ പ്രകോപിപ്പിക്കാനും അത് രാജ്യത്തിനകത്ത് സുരക്ഷാ ഭീഷണികൾ വർദ്ധിപ്പിക്കാനും ഇടയാക്കും. ജനറൽ അസിം മുനീർ തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമായാണത്തിൽ അകപ്പെട്ടിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top