ഭർത്താവിനെ പാകിസ്ഥാനിലേക്ക് തിരിച്ചയക്കണം; നരേന്ദ്രമോദിയോട് സഹായമഭ്യർത്ഥിച്ച് പാക് യുവതി

ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് പാകിസ്ഥാനിൽ കുടുങ്ങിയ യുവതി നരേന്ദ്രമോദിയോട് സഹായമഭ്യർത്ഥിച്ച് കൊണ്ടുള്ള വീഡിയോ വൈറൽ. തന്നെ അട്ടാരി അതിർത്തിയിൽ ഉപേക്ഷിച്ച് പോയ ഭർത്താവ് ഡൽഹിയിൽ രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്നും, അദ്ദേഹത്തെ പാകിസ്ഥാനിലേക്ക് തിരിച്ചയക്കണം എന്നും യുവതി ആവശ്യപ്പെട്ടു.
കറാച്ചി സ്വദേശിനിയായ നികിത നാഗ്ദേവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാണാനായി തൻ്റെ ദുരനുഭവം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. പാകിസ്ഥാൻ വംശജനും ലോങ് ടേം വിസയിൽ ഇൻഡോറിൽ താമസിച്ച് വരുകയും ചെയ്യുന്ന വിക്രം നാഗ്ദേവിനെ 2020 ജനുവരി 26-ന് ആണ് നികിത വിവാഹം കഴിച്ചത്.
വിവാഹശേഷം 2020 ഫെബ്രുവരിയിൽ വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ, അതേ വർഷം ജൂലൈ 9-ന് വിസ സംബന്ധമായ സാങ്കേതിക പ്രശ്‌നങ്ങൾ പറഞ്ഞ് നികിതയെ അട്ടാരി അതിർത്തിയിൽ ഉപേക്ഷിച്ചു.
ഇതിനുശേഷം തന്നെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ഭർത്താവ് ശ്രമിച്ചിട്ടില്ല. ഇന്ത്യയിൽ വച്ച് താൻ ഭർതൃവീട്ടിൽ ശാരീരികവും മാനസികവുമായ പീഡനം നേരിട്ടു. ഭർത്താവിന് തൻ്റെ ഒരു ബന്ധുവുമായി അവിഹിത ബന്ധമുണ്ടായിരുന്നതായും നികിത ആരോപിച്ചു.
നീതി തേടിയുള്ള നികിതയുടെ പരാതി മധ്യപ്രദേശ് ഹൈക്കോടതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സിന്ധി പഞ്ച് മീഡിയേഷൻ ആൻഡ് ലീഗൽ കൗൺസിൽ സെൻ്റർ ഏറ്റെടുത്തു. തുടർന്ന് വിക്രമിനും അദ്ദേഹത്തിൻ്റെ പ്രതിശ്രുത വധുവിനും നോട്ടീസ് അയച്ച് വാദം കേട്ടെങ്കിലും മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടു.
നികിതയോ വിക്രമോ ഇന്ത്യൻ പൗരന്മാരല്ലാത്തതിനാൽ ഈ വിഷയം പാകിസ്ഥാന്റെ അധികാരപരിധിയിൽ വരുന്നതാണ്. അതിനാൽ, വിക്രം നാഗ്ദേവിനെ പാകിസ്ഥാനിലേക്ക് തിരിച്ചയക്കാൻ ശുപാർശ നൽകണമെന്നും സെൻ്റർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
“ഇന്ന് നീതി ലഭിച്ചില്ലെങ്കിൽ, സ്ത്രീകൾക്ക് ഈ സിസ്റ്റത്തിലുള്ള വിശ്വാസം നഷ്ടപ്പെടും. ഇന്ത്യയിലെ ഓരോ സ്ത്രീയും നീതി അർഹിക്കുന്നു,” നികിത വൈകാരികമായ വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു. ഇൻഡോർ കളക്ടർ ഈ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here